ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ വിദ്യാര്‍ത്ഥിനിക്ക് 5000 രൂപ പിഴയിട്ട് ദല്‍ഹിയിലെ അംബേദ്കര്‍ സര്‍വ്വകലാശാല.
ഒരു ഓണ്‍ലൈന്‍ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു അംബേദ്കര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചത്. യൂണിവേഴ്സിറ്റി തന്നെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് 5000 രൂപ പിഴ വിധിച്ചത്. ദല്‍ഹി മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും വിദ്യാര്‍ത്ഥിനി അനാദരവ് കാണിച്ചു എന്നതാണ് കുറ്റം.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു എംഎ വിദ്യാര്‍ത്ഥിനിയായ നേഹ ബിരുദദാനച്ചടങ്ങിനിടെ അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചത്. സംവരണനയത്തിലെ മാറ്റങ്ങളെക്കുറിച്ചും ഫീസ് വര്‍ധനയെക്കുറിച്ചും അവര്‍ വിമര്‍ശനമുന്നയിച്ചു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ടത്ര കരുതലുമില്ലെന്നും നേഹ അഭിപ്രായപ്പെട്ടിരുന്നു. ഓള് ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് നേഹ.
യൂട്യൂബില്‍ നേഹയുടെ വിമര്‍ശനം ശ്രദ്ധയിപ്പെട്ടതായി കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ സര്‍വ്വകലാശാലയുടെ പ്രോക്ടര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഒരു സമിതി അന്വേഷണറിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷെ നേഹ ഖേദപ്രകടനത്തിന് തയ്യാറാവത്തതുകൊണ്ടാണ് പിഴ ചുമത്തിയത്. 5000 രൂപ പിഴയടച്ചാല്‍ മാത്രമേ നേഹയ്ക്ക് ഫൈനല്‍ പരീക്ഷ എഴുതാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: