ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി സൂചന. ഭരണസമിതിയുടെ കാലാവധി തീരാന്‍ വെറും ആറു മാസം മാത്രം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ഈ കടുത്ത തീരുമാനത്തിലെത്തിയതെന്നും അറിയുന്നു. ചെയര്മാന് അഡ്വ.കെ.ബി. മോഹന്‍ദാസിനെതിരെ ഭരണസമിതി അംഗങ്ങള്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ തുടര്‍ന്നാണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ ഭരണസമിതിക്ക് രൂപം നല്കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതത്രെ.
ഭരണസമിതിയുടെ അമരക്കാരനെ കുറിച്ച് എപ്പോഴും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഗുരുതരമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുമ്പോള്‍, ആരോപണങ്ങളില്‍ അല്‍പ്പമെങ്കിലും കഴമ്പുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈയൊരു നീക്കം നടത്തിയത്. ഭരണസമിതി ചേരുന്നതിനിടെ അംഗങ്ങള്‍ ബഹിഷ്ക്കരിക്കുകയും, പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുമാണ് പല യോഗങ്ങളും അവസാനിച്ചിട്ടുള്ളത്. ഭരണസമിതിക്കകത്തെ വിഴുപ്പലക്കല്‍ പൊതുജനമധ്യത്തില്‍ എത്തിയത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് ഭരണസമിതി പിരിച്ചുവിടാന്‍ പദ്ധതിയിട്ടതെന്നും അറിയുന്നു. എന്നാല്‍ ചെയര്മാന് നേരിട്ട് പാര്‍ട്ടി ഉന്നതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായാണ് അറിവ്.
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആയിരത്തിലേറെ അജണ്ടകള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ വിശ്രമിക്കുകയാണ്. കൂടിയാലോചനകളില്ലാതെ ചെയര്മാന് ഏകാധിപതിയെപോലെ പെരുമാറുന്നുവെന്നാണ് ഭരണസമിതി അംഗങ്ങളിലെ ഭൂരിഭാഗവും ആരോപിക്കുന്നത്. ശരിയായ രീതിയില്‍ ഭരണസമിതി യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. ചെയര്മാന് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനാല്‍ പല അജണ്ടകളും അംഗങ്ങളുടെ എതിര്‍പ്പുമൂലം പരിഗണിക്കുന്നുമില്ല. ചെയര്‍മാന്റെ ഈ ഏകാധിപത്യ പ്രവണതക്ക് അഡ്മിനിസ്ട്രേറ്ററും പങ്കാളിയായതോടെ ഭരണസമിതി അംഗങ്ങളുടെ വിയോജിപ്പ് തെരുവിലുമെത്തി. ചെയര്‍മാന്റെ ശൈലി തുടരുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഭരണകക്ഷി യൂണിയനായ ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് ഓര്ഗനൈസേഷന് ഉള്‍പ്പടെ വിവിധ സംഘടനകള്‍ ഇപ്പോള്‍ സമരമുഖത്താണ്.
ഇതിനിടെ ഇക്കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ഭരണസമിതി യോഗത്തിന് പോലീസ് കാവലേര്‍പ്പെടുത്തിയത്, ഗുരുവായൂര്‍ ദേവസ്വത്തിനും, അതിലുപരി ശ്രീഗുരുവായൂരപ്പ ഭക്തരുടെ മനസ്സിനും ചെറുതായല്ല മുറിവേറ്റത്. ഇതില്പരം ഒരു നാണക്കേടിന് ഗുരുവായൂര്‍ ദേവസ്വം ഇതിനുമുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ല. ഇതിനിടെ, തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷം കൂടി ഈ ഭരണസമിതിക്ക് കാലവധി നീട്ടി നല്കാന് ചെയര്മാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിക്കിടക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ പല വികസന പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ഒരു വര്‍ഷം കൂടി ചെയര്മാന് സര്‍ക്കാരിനോട് അപേക്ഷിച്ചതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: