മാരാരിക്കുളം: ദേശീയപാതയില്‍ കലവൂര്‍ കൃപാസനത്തിനു സമീപം സ്പിരിറ്റ് നിറച്ച ടാങ്കര്‍ ലോറി പാടത്തേക്ക് മറിഞ്ഞു. ഡ്രൈവറും എക്സൈസ് ഉദ്യോഗസ്ഥനും പരിക്കുകളോടെ രക്ഷപ്പെട്ടു. സിവില്‍ എക്സൈസ് ഓഫിസര്‍ പാലക്കാട് പുതുക്കോട് മുത്തയംകോഡ് വീട്ടില്‍ എം. ശ്രീജിഷ്(28), ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി അമിത് കുമാര്‍(39) എന്നിവരാണ് രക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നു തിരുവല്ലയിലെ സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് 30,000 ലിറ്റര്‍ സ്പിരിറ്റുമായി പോയ ടാങ്കര്‍ ലോറിയാണണ് മറിഞ്ഞത്.
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പാടത്തേക്ക് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോരുകയും ചെയ്തു. ആലപ്പുഴ, ചേര്‍ത്തലയില്‍ നിന്ന് അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി സ്പിരിറ്റ് ചോര്‍ച്ചയുള്ള ഭാഗത്തേക്ക് നിര്‍ത്താതെ വെള്ളം ചീറ്റിച്ചാണ് അപകടസാധ്യത ഒഴിവാക്കിയത്. പോലീസും എക്സൈസ് ഉദ്യോഗസ്ഥരും എത്തി. ലോറി മറിഞ്ഞതിന് ഏതാനും മീറ്ററുകള്‍ അകലെ പെട്രോള്‍ പമ്പ് ഉണ്ടഉണ്ടാായിരുന്നതിനാല് അതീവ ജാഗത്രയോടെയാണ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ലോറിക്ക് സമീപത്തേക്ക് നാട്ടുകാര്‍ വരുന്നത് പൊലീസ് തടഞ്ഞു. സ്പിരിറ്റ് ചോര്‍ന്നതിനാല്‍ പ്രദേശമാകെ ഇതിന്റെ മണവും പടര്‍ന്നു. തുടര്‍ന്ന് രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്. ഇതിനായി ഉച്ചയ്ക്ക് ഒന്നു മുതല്‍ ഒരു മണിക്കൂര്‍ ദേശീയപാതയില്‍ ഇതുവഴിയുള്ള ഗതാഗതവും പൊലീസ് തടഞ്ഞു. വാഹനങ്ങള്‍ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു.ലോറി മറിഞ്ഞത് അറിഞ്ഞ് സ്ഥലത്തെത്തിയ പി. പി ചിത്തരഞ്ജന് എംഎല്‍എ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: