തിരുനവന്തപുരം: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുന്നതായി ബാലാവകാശ സംരക്ഷണ സംഘടനയായ സൗരക്ഷിക. ബാലസുരക്ഷ, പങ്കാളിത്തം, ഉന്നമനം, അതിജീവനം എന്നിവ ഉറപ്പാക്കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്നത്തെ വിദ്യാഭ്യാസം കുട്ടികളില്‍ ധാരാളം മാനസികാഘാതം ഏല്‍പ്പിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സാമൂഹ്യസാഹചര്യം ഇല്ലാത്ത കുട്ടികള്‍ സമൂഹത്തില്‍ നിന്ന് തിരസ്‌കൃതരാകുന്നു. അധ്യാപകര്‍ തന്നെ കുട്ടികളുടെ ഇടപെടലുകളോട് ക്ലാസ് നടത്താനുള്ള സൗകര്യം ഉറപ്പാക്കണം. ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രത്യേക അവകാശം സംരക്ഷിച്ച് അംഗന്‍ വാടി മുതല്‍ ശരിയായ ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം.
കുട്ടികളില്‍ കണ്ടുവരുന്ന ആത്മഹത്യാപ്രവണത, ആരോഗ്യക്കുറവ്, കായികക്ഷമതയില്ലായ്മ, ലഹരി ആഭിമുഖ്യം, മാനസിക സമ്മര്‍ദ്ദം എന്നിവ പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനം ഉറപ്പാക്കണം. വനവാസി കുട്ടികളുടെ പോഷകാഹാരക്കുറവ്, വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യക്കുറവ്, സാംസ്‌ക്കാരിക സാമൂഹ്യ പിന്നോക്കാവസ്ഥ, മാനസികാഘാതം എന്നീ സാഹചര്യം പഠിച്ച് പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. സൗരക്ഷിക സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം മീനാ കുരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവിഡുമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ സര്‍ക്കാരും സമൂഹവും തയ്യാറാകണം. അഞ്ചാം ക്ലാസ്സുമുതലുള്ള കുട്ടികളെ മയക്കുമരുന്നിന്റെ അടിമകളും വാഹകരുമാക്കി നശിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് അവര്‍ പറഞ്ഞു.
അഡ്വ. എം,ശശി ശങ്കര്‍ അധ്യക്ഷം വഹിച്ചു. ജസ്റ്റീസ് പി എസ് ഗോപിനാഥന്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍, ആര്‍. സുധാകുമാരി, വി. ജെ രാജ്‌മോഹന്‍, ജി സന്തോഷ് കുമാര്‍, സേതു ഗോവിന്ദന്‍, എ എന്‍ അജയകുമാര്‍, കെ വി. കൃഷ്ണന്‍കുട്ടി, ശ്രീകുമാര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ (രക്ഷാധികാരി), അഡ്വ. എം. ശശി ശങ്കര്‍ (അധ്യക്ഷന്‍),കെ വി. കൃഷ്ണന്‍കുട്ടി, ആര്‍. സുധാകുമാരി( ഉപാധ്യക്ഷന്മാര്‍), ജി സന്തോഷ് കുമാര്‍( ജനറല്‍ സെക്രട്ടറി), ജി സേതുനാഥ്, എം മനോജ്, എ എന്‍ അജയകുമാര്‍ (സെക്രട്ടറിമാര്‍), വി. ജെ രാജ്‌മോഹന്‍( സംഘടനാ സെക്രട്ടറി), എസ്സ്. ശ്രീകുമാര്‍ (ട്രഷറര്‍), ഡോ എന്‍ ആര്‍ മേനോന്‍, എ വിനോദ് കരുവാരക്കുണ്ട്, ശ്രീനാഥ് കാര്യാട്ട്, വി. രാജേന്ദ്രന്‍ ( പ്രത്യേക ക്ഷണിതാക്കള്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: