സെന്റ്പീറ്റേഴ്സ്ബര്‍ഗ്: അട്ടിമറി വീരന്മാരായ സ്വിറ്റ്സര്‍ലന്‍ഡ് ഒടുവില്‍ യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച്് ക്വാര്‍ട്ടറിലെത്തിയ അവര്‍ സ്പെയിനു മുന്നില്‍ വീരോചിത പേരാട്ടാം കാഴ്ചവച്ച് കീഴങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. തോറ്റെങ്കിലും തലയുയര്‍ത്തിപ്പിടിച്ചാണ് സ്വിസ് മടങ്ങുന്നത്.
നിശ്ചിത സമയത്തും എക്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിച്ചത്. നിശ്ചിത സമയത്തിന്റെ രണ്ടാം പകുതിക്കിടെ പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്സര്‍ലന്‍ഡ് അസാമാന്യ പ്രകടനത്തിലൂടെയാണ് സ്പെയിനെ പിന്നീട് ഗോള്‍ അടിക്കാതെ പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ ഷൂട്ടൗട്ടില്‍ ഭാഗ്യമില്ലാതെ പോയി. ഫ്രാന്‍സിനെതിരായ പ്രീ ക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചു സ്പോട്ട് കിക്കുകളും ലക്ഷ്യത്തിലെത്തിച്ച സ്വിസ് താരങ്ങള്‍ക്ക്്് സ്പെയിനെതിരെ ഈ മികവ് പ്രകടിപ്പിക്കാനായില്ല. മരിയോ ഗാവ്രനോവിച്ചിന് മാത്രമാണ് ഗോള്‍ അടിക്കാനായത്. അതേസമയം, ഡാനി ഓല്‍മോ, ജെറാര്‍ഡ് മൊറേനോ, മികേല്‍ ഓര്സബാല് എന്നിവര്‍ ഗോള്‍ നേടി സ്പെയിനെ സെമിഫൈനലിലേക്ക് കടത്തിവിട്ടു.
കളിയുടെ എട്ടാം മിനിറ്റില്‍ സ്്പെയിന്‍ മുന്നിലെത്തി. സ്വിസ് താരം സക്കാരിയയുടെ സെല്‍ഫ് ഗോളാണ് സ്പെയിന് ലീഡ് നേടിക്കൊടുത്തത്. ഇടവേളയ്ക്ക് സ്പെയിന് ഒരു ഗോളിന് മുന്നിട്ടുനിന്നു. ഇടവേളയ്ക്ക് ശേഷം സ്വിറ്റ്്സര്‍ലന്‍ഡ് ഗോള്‍ മടക്കാനായി പോരാട്ടം മുറുക്കി. ഒടുവില്‍ അറുപത്തിയെട്ടാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. ഷാക്കിരിയാണ് സ്കോര്‍ ചെയ്തത്്.
പത്ത്് മിനിറ്റുകള്‍ക്ക് ശേഷം സ്വിസ് പത്ത് പേരായി ചുരുങ്ങി. റോമോ ഫ്രൂലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെയാണ് അവര്‍ പത്തു പേരായി ചുരുങ്ങിയത്. ഒരാള്‍ കുറഞ്ഞിട്ടും സ്വിസ്് സ്പെയിനെ ശക്തമായി പ്രതിരോധിച്ചു. ഗോള്‍ അടിക്കാന്‍ അനുവദിച്ചില്ല. സൂപ്പര്‍ സേവങ്ങുകളുമായി ബാറിന് കീഴില്‍ സ്വിസ് ഗോളി യാന്‍ സോമര്‍ മിന്നുന്ന പ്രകടനം കാഴ്്ചവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: