- കെ. ദിവാകരന് മാള
ലോകസംഘര്‍ഷ സമിതിയുടെ തീരുമാന പ്രകാരം 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെയുള്ള സത്യഗ്രഹ സമരത്തിലാണ് സംഘത്തിന്റെ മാള താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന എന്റെ നേതൃത്വത്തില്‍ പി.എ. വേലായുധന്, വി. ഭാസ്കരന്, കെ. ബാലന്, വി.ഐ. പീതാംബരന്, കെ.ബി. പ്രതാപന്, കെ. പങ്കജാക്ഷന്, കെ.എന്‍. ശങ്കരന് കുട്ടി, സി.കെ. മണി, എ.കെ. രാജു, എം.കെ. അരവിന്ദാക്ഷന് എന്നിവര്‍ ചേര്‍ന്ന് നവംബര്‍ 30-ന് അന്നമനട മുതല്‍ മാള വരെയുള്ള 9 കി.മീറ്റര്‍ ദൂരത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള കയ്യെഴുത്ത് പോസ്റ്റര്‍ ഒട്ടിച്ചു. രാത്രി കീഴഡൂര്‍ ക്ഷേത്രത്തില്‍ കിടന്നുറങ്ങി ഡിസംബര്‍ ഒന്നിന് രാവിലെ 9 മണിക്ക് മാള കിഴക്കെ അങ്ങാടിയില്‍നിന്ന് മാള ജംഗ്ഷന് വരെ അടിയന്തരാവസ്ഥ പിന്‍വലിക്കണം എന്നും മറ്റുമുള്ള മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. മാള ജംഗ്ഷനില്‍ എത്തിയപ്പോള്‍ ആദ്യം ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചത് തിരുക്കൊച്ചി എന്നറിയപ്പെട്ടിരുന്ന ജനാബ് കുഞ്ഞു മുഹമ്മദ് എന്ന കോണ്‍ഗ്രസ്സുകാരനും ഗുണ്ടകളും ചേര്‍ന്നാണ്. അവര്‍ തെറിവിളിച്ച് മര്‍ദ്ദിക്കാന്‍ പാഞ്ഞടുത്തപ്പോഴേക്കും പോലീസ് വന്ന് ഞങ്ങളെ അറസ്റ്റ് ചെയ്തു. അതുവഴി വന്ന ഒരു ലോറിയില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആ സമയത്തും കുഞ്ഞു മുഹമ്മദ് ‘കൊണ്ടുപോയി കൊല്ലടാ ഈ പന്നികളെ’ എന്നു ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. കെ. കരുണാകരന്റെ പിന്‍ബലത്തില്‍ മാള ടൗണില്‍ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പോലീസ് സ്റ്റേഷനില്‍ എത്തിയ ഞങ്ങളെ ലോറിയില്‍നിന്ന് ചവിട്ടിയാണ് താഴേക്ക് ചാടിച്ചത്. തുടര്‍ന്ന് സ്റ്റേഷന്റെ മുറ്റത്തിട്ടും അകത്ത് ലോക്കപ്പിലിട്ടും മൃഗീയമായി തല്ലി. അന്നേ ദിവസം ആ സ്റ്റേഷനില്‍ സ്ഥിരമായില്ലാത്ത 20 കെഎപി പോലീസിനെയും കണ്ടു. 30 പോലീസുകാര്‍ ഞങ്ങളെ മര്‍ദ്ദിച്ചു. എല്ലാവരെയും പോലീസ് ബൂട്ടിട്ട് ചവിട്ടി. ജനനേന്ദ്രിയ ഭാഗത്തും ബൂട്ടിട്ട് ചവിട്ടി. ആ രംഗം മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസുകാര്‍ ക്ഷീണിതരായതുകൊണ്ടു നിര്‍ത്തി. ഞങ്ങള്‍ എല്ലാവരും അവശരായി വീണുപോയി. എഴുന്നേറ്റ് നില്ക്കാന് പോലും സാധിച്ചിരുന്നില്ല. രണ്ടാം രംഗം രാത്രി 8 മണിക്ക് ആരംഭിച്ചു. നൈറ്റ് ഡ്യൂട്ടിക്ക് വന്ന പോലീസുകാരും കെഎപിക്കാരും വീണ്ടും രാത്രി 12 മണിവരെ മര്‍ദ്ദനമുറകള്‍ തുടര്‍ന്നു. എഴുന്നേല്ക്കാന് പറ്റാത്തവരെ രണ്ടു പോലീസുകാര്‍ പിന്നില്‍നിന്ന് എഴുന്നേല്‍പ്പിച്ചു നിര്‍ത്തി മറ്റുള്ളവര്‍ മുന്നില്‍നിന്ന് ഇടിയും ചവിട്ടും തുടര്‍ന്നു. ലാത്തിയും വണ്ണമുള്ള ചൂരലും കൊണ്ടുള്ള അടിയേറ്റ് എല്ലാവരുടെയും വായില്‍നിന്നും മൂക്കില്‍നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. ചൂരല്‍ പ്രയോഗം കൊണ്ടു കാല്വെള്ളയിലെ തൊലി പോയി. നില്‍ക്കാനോ നടക്കാനോ പറ്റാത്ത വിധത്തിലായി. രണ്ടാം തീയതി വൈകുന്നേരം മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കുമ്പോള്‍ ശരീരമാകെ നീരുവന്നു വീര്‍ത്ത അവസ്ഥയില്‍ ആയിരുന്നു.
തലേദിവസം അറസ്റ്റു ചെയ്തതു മുതല്‍ പിറ്റേ ദിവസം വൈകുന്നേരം വരെ സ്വന്തം മൂത്രം കൂടിപ്പിച്ചതല്ലാതെ ഒരിറ്റു വെള്ളം പോലും തന്നില്ല. റിമാന്റിലായ ഞങ്ങള്‍ നടക്കാന്‍ പറ്റാത്തതിനാല്‍ ഇഴഞ്ഞാണ് ഇരിങ്ങാലക്കുട സബ്ജയിലിന്റെ ഉള്ളിലേക്ക് കയറിയത്. ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ ഈ സമരത്തില്‍ പങ്കെടുത്തതില്‍ ഇന്നും ഞങ്ങള്‍ അഭിമാനിക്കുന്നു.
- പി.വി. ഗോപാലന് കോതമംഗലം
ആലുവായില്‍ താമസിച്ചുകൊണ്ടിരുന്ന ഞാന്‍ ആദ്യ ബാച്ചില്‍ തന്നെ സമരത്തില്‍ പങ്കെടുത്തു. ഞങ്ങളുടെ ബാച്ച് ലീഡര്‍ എടത്തലയിലെ സ്വര്‍ഗീയ രാമകൃഷ്ണന് കര്‍ത്താവ് ആയിരുന്നു.
ഞങ്ങളുടെ ബാച്ചില്‍ എന്നെ കൂടാതെ ശെല്വന്, കൊട്ടാരം സാബു, ബാബു, രാധാകൃഷ്ണന്, സുരേന്ദ്രന്, വിജയന്, ശാസ്താ നാണപ്പന്, നൊച്ചിമ വേണു, കൊട്ടാരം മുരളി, നാണപ്പന് നൊച്ചിമ, ചോതി അമ്പാട്ടുകാവ് എന്നിവരാണ് പങ്കെടുത്തത്.
ഓരോരുത്തര്‍ക്കും കിട്ടിയ നിര്‍ദ്ദേശം നവംബര്‍ 14 ന് രാവിലെ 9 മണിക്ക് ആലുവാ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ എത്തണമെന്നും നേരത്തേ പരിചയമുള്ള രാമകൃഷ്ണന് കര്‍ത്താവ് നേതൃത്വം നല്‍കുമെന്നും, അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഗാന്ധിജിയുടെ ഫോട്ടോ ഉള്ള ബാഡ്ജ് വാങ്ങി കുത്തണം എന്നും അദ്ദേഹം തരുന്ന ലഘുലേഖകള്‍ വിതരണം ചെയ്യണമെന്നും ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രവാക്യം വിളിക്കുമ്പോള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രകടനം നടത്തണം എന്നുമായിരുന്നു നിര്‍ദ്ദേശം.
നിര്‍ദ്ദേശപ്രകാരം കര്‍ത്താജി ഭാരത് മാതാ കീ ജയ് വിളിച്ചതും ഞങ്ങള്‍ 11 പേര് പ്രകടനം നടത്തി മുദ്രാവാക്യം ഏറ്റുവിളിച്ചു. ലഘുലേഖ വിതരണം ചെയ്തു പ്രകടനം തുടങ്ങിയ സമയത്ത് മാത്രമാണ് ഞങ്ങള്‍ ആരൊക്കെയാണ് ഈ ബാച്ചില്‍ ഉള്ളതെന്ന് പരസ്പരം മനസ്സിലാക്കിയത്.
ഞങ്ങള്‍ ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുന്നില്‍ നിന്ന് റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്ക് പ്രകടനം ആരംഭിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ പോലീസ് ജീപ്പ് വന്നു ഞങ്ങളെ അറസ്റ്റു ചെയ്തുകൊണ്ടുപോയി. അന്ന് ആലുവ പോലീസ് സ്റ്റേഷനോടു ചേര്‍ന്ന് എആര്‍ ക്യാമ്പ് ഉണ്ടായിരുന്നു. ഞങ്ങള്‍ ജീപ്പില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മുകളിലെ നിലയിലേക്ക് കോണിപ്പടി കയറുന്ന സമയത്തും കോണിയുടെ രണ്ടുവശത്തുമായി നിന്ന് പോലീസ് മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. മുകളിലെ മുറിയില്‍ എത്തിച്ചശേഷം 30 പോലീസുകാര്‍ ഞങ്ങളെ വളഞ്ഞു നിന്ന് നെഞ്ചിനും വയറ്റിനും ഇടിച്ചു. അതിനുശേഷം കുനിച്ചു നിര്‍ത്തി നട്ടെല്ലിന് മുട്ടുകൈകൊണ്ടും മുട്ടുകാല് കൊണ്ടും ഇടിച്ചു. ഒരു മണിക്കൂറിനു ശേഷം പോലീസുകാര്‍ ക്ഷീണിച്ചതുകൊണ്ട് തല്ക്കാലം നിര്‍ത്തി. തുടര്‍ന്ന് ഓരോ മണിക്കൂര്‍ ഇടവിട്ടു ഇതു തുടര്‍ന്നു. വൈകുന്നേരം മജിസ്ട്രേറ്റിന് മുന്നില്‍ കൊണ്ടുപോകുന്ന സമയത്ത് എല്ലാവരുടെയും മുതുകത്ത് ബൂട്ടിന്റെ അടിയിലുള്ള ലാഡന്റെ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. 60 ദിവസത്തെ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നു. ഞങ്ങളുടെ ബാച്ചില്‍ ഉണ്ടായിരുന്ന ആറ് പേര് ഇന്ന് ജീവിച്ചിരിപ്പില്ല. അടിയന്തരാവസ്ഥക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തതില്‍ ഞങ്ങള്‍ക്ക് ഇന്നും അഭിമാനമുണ്ട്.
- പി. ഉണ്ണികൃഷ്ണന് പുനലൂര്‍
1975 ഡിസംബര്‍ 3. രാവിലെ 9.30 ഞങ്ങളുടെ ജില്ലാ പ്രചാരക് ബാലേട്ടന്റെ നേതൃത്വത്തില്‍ (ബാലകൃഷ്ണന് പൊതുവാള്, മലപ്പുറം) ഞാന്‍ ഉണ്ണികൃഷ്ണന്, ഹരികുമാര്‍, എന്‍. രാജന്, എന്‍. രവി, പി. രാജന് എന്നീ ആറ് പേരാണ് ഞങ്ങളുടെ ബാച്ചില്‍ ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരുംതന്നെ പുനലൂര്‍ താലൂക്കിലുള്ള സ്വയംസേവകരായിരുന്നു. തിരുവനന്തപുരം, തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റും റെയില്‍വേസ്റ്റേഷനും സ്ഥിതിചെയ്യുന്ന സര്‍ക്കിളില്‍ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തി. 15 മിനിട്ടിനകം പോലീസ് വന്ന് അറസ്റ്റ് ചെയ്തു സെക്രട്ടറിയേറ്റിന് സമീപമുള്ള കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിയ ഉടനെ ചോദ്യംചെയ്യലും മര്‍ദ്ദനവും ആരംഭിച്ചു. എല്ലാവരെയും കുനിച്ചുനിര്‍ത്തി മുട്ടുകാല്കൊണ്ടും കൈകൊണ്ടും നട്ടെല്ലിന് ഇടിക്കുക, ബൂട്ടിട്ടു ചവിട്ടുക, ഇടിക്കുക, കരണക്കുറ്റി നോക്കി ആഞ്ഞടിക്കുക തുടങ്ങിയ മുറകളാണ് പ്രയോഗിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ മര്‍ദ്ദനമേറ്റത് ബാച്ച് ലീഡര്‍ ബാലേട്ടനും രാജനും ആയിരുന്നു. വിദ്യാര്‍ത്ഥികളായിരുന്ന എനിക്കും രവിക്കും മര്‍ദ്ദനം കുറച്ച് കുറവായിരുന്നു. ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടു. കമുകുഞ്ചേരി സ്വദേശി രാജന് മര്‍ദ്ദനത്തിന്റെ ഫലമായി കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. നിരവധി തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകന് അകാലത്തില്‍ മരണമടഞ്ഞു. അദ്ദേഹത്തിന് പലവിധത്തിലുള്ള ചികിത്സ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഡിഐആര്‍ പ്രകാരം അറസ്റ്റ് ചെയ്ത ഞങ്ങളെ മൂന്നു മാസത്തേക്ക് ശിക്ഷിച്ചു. രാജ്യത്തിനുവേണ്ടി നടത്തിയ സമരത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഞാനിന്നും അഭിമാനിക്കുന്നു.
ആര്‍എസ്എസ് പുനലൂര്‍ ഖണ്ഡ് സംഘചാലകും അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കൊല്ലം ജില്ലാ സെക്രട്ടറിയുമാണ് ലേഖകന്‍
- പി. കെ.ശശിധരന് ആലുവ
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് ഞാന്‍ ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ താലൂക്ക് പ്രചാരക് ആയിരുന്നു. നാലാമത്തെ ദിവസം ശാന്തന്‍പാറ മുരിക്കുംതൊട്ടി എന്ന സ്ഥലത്തുള്ള ഒരു സ്വയംസേവകന്റെ വീട്ടില്‍നിന്ന് രാത്രി ഒരു മണിക്ക് എന്നെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. നാല് ദിവസം തുടര്‍ച്ചയായി പകലും രാത്രിയിലും ക്രൂരമായി മര്‍ദ്ദിച്ചു. കുനിച്ചുനിര്‍ത്തി മുട്ടുകാല്കൊണ്ടും കൈകൊണ്ടും നട്ടെല്ലിന് ഇടിക്കുകയും ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു. അഞ്ചാം ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഡിഐആര്‍ പ്രകാരം രണ്ട് മാസവും 25 ദിവസവും ജയില്‍ ശിക്ഷ അനുഭവിച്ചു.
1975 നവംബര്‍ 14 സത്യഗ്രഹം തുടങ്ങിയ സമയത്ത് തൊടുപുഴയിലെ സമരത്തിന് നേതൃത്വം കൊടുക്കണമെന്ന സംഘനിര്ദ്ദേശ പ്രകാരം തലേ ദിവസം തൊടുപുഴ മണക്കാട്ടുള്ള പി. നാരായണന്‍ജി (ജന്മഭൂമി മുന്‍ എഡിറ്റര്‍)യുടെ വീട്ടില്‍ രാത്രി താമസിപ്പിച്ചു. രാവിലെ 10 മണിക്ക് തൊടുപുഴ ബസ്സ്റ്റാന്റില് സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തു. എന്റെ കൂടെ വേറെ 11 പേര് ഉണ്ടായിരുന്നു. അതില്‍ മുരിക്കുംതൊട്ടിയിലെ കൃഷ്ണന് കുട്ടിയുടെ പേരു മാത്രമേ ഓര്‍മയില്‍ ഉള്ളൂ. ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് നോട്ടീസ് വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും തൊടുപുഴ
പാലത്തില്‍ കയറുകയും ചെയ്തു. പാലത്തിന്റെ നടുക്ക് എത്തിയ സമയത്ത് രണ്ടുഭാഗത്തുനിന്നും പോലീസ് ജീപ്പ് വരികയും ഞങ്ങളെ പാലത്തിന്റെ നടുക്കിട്ടു അങ്ങോട്ടും ഇങ്ങോട്ടും അടിച്ചോടിച്ചു. അവശരായി നിലത്ത് വീണ ഞങ്ങളെ സ്റ്റേഷനില്‍ കൊണ്ടുപോയി പകലും രാത്രിയും തുടര്‍ച്ചയായി മര്‍ദ്ദിച്ചു. അവിടെയും കുനിച്ചു നിര്‍ത്തി മുട്ടുകാല്‍കൊണ്ട് നട്ടെല്ലിന് ഇടിച്ചു. പിറ്റേദിവസം ഡിഐആര്‍ പ്രകാരം ജയിലില്‍ അടച്ചു. (മൂവാറ്റുപുഴ സബ്ജയില്‍)വീണ്ടും 68 ദിവസത്തെ ജയില്‍ വാസം.
അന്നത്തെ മര്‍ദ്ദനങ്ങളുടെ ഫലമായി ഇന്നും ചികിത്സയിലാണ്. പ്രമേഹം ഇല്ലാതിരുന്നിട്ടുപോലും രണ്ടു വര്‍ഷം മുന്‍പ് ഒരു കാലിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റേണ്ടിവന്നു. എന്റെ രാജ്യത്തിന് വേണ്ടി രണ്ടു പ്രാവശ്യം അടിയന്തരാവസ്ഥക്കാലത്ത് മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നെങ്കിലും അതില്‍ ഏറെ അഭിമാനമുണ്ട്.
- കെ.എസ്. സോമനാഥന്, തൊടുപുഴ
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് തേര്‍ഡ് ഇയര്‍ ഒടിസി കഴിഞ്ഞ് വന്ന് കോട്ടയം താലൂക്ക് കാര്യവാഹായി ചുമതല ഏറ്റെടുത്തു. കോട്ടയം ജില്ലാ കാര്യാലയത്തില്‍ താമസം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കോട്ടയത്തു തന്നെ ഒളിവില്‍ താമസിച്ചു. നവംബര്‍ 14 ന് ആദ്യ ബാച്ചില്‍ കോട്ടയം കോത്തല ശിവരാമന് ചേട്ടന്റെ നേതൃത്വത്തില്‍ സമരം ചെയ്തു. പി.എന്‍. ശിവരാമന് നായര്‍ കോത്തല, പി.സുബ്രഹ്മണ്യന് (അന്ന് ഇടുക്കി ജില്ലാ പ്രചാരക്) ഞാന്‍ കെ.എസ്. സോമനാഥന് തൊടുപുഴ, ശിവശങ്കരന് നായര്‍ വടവാതൂര്‍, കെ.ആര്. രാമകൃഷ്ണന് ആനിക്കാട്, എം.ആര്. പത്മനാഭന് ആനിക്കാട്, പി.എന്‍. വാസുദേവന്‍ ആനിക്കാട്, മോഹനന് ആനിക്കാട്, എം.എസ്. രാമചന്ദ്രന് തിരുനക്കര, എ.കെ. രാധാകൃഷ്ണന് തിരുനക്കര, രവീന്ദ്രന് ആര്‍പ്പൂക്കര. ഇതില്‍ മൂന്നു പേര് ഇന്ന് ജീവിച്ചിരിപ്പില്ല.
ഞങ്ങള്‍ തിരുനക്കര അമ്പല നടയില്‍നിന്ന് ജാഥയായി മുദ്രാവാക്യം വിളിച്ച് കോട്ടയം നഗരത്തിന്റെ മധ്യഭാഗത്തുള്ള ട്രാഫിക് ഐലന്റിനു മുന്നില്‍ എത്തി. അതിനു മുകളില്‍ കയറിനിന്ന് മുദ്രാവാക്യം വിളിച്ചു സത്യഗ്രഹം നടത്തി. 15 മിനിട്ട് കഴിഞ്ഞ് സ്ഥലം എസ്ഐയും പോലീസുകാരും വന്ന് ഞങ്ങളെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ കൊണ്ടുപോയി. അന്നത്തെ ദിവസം രാവിലെ എട്ട് മണി മുതല്‍ ചോദ്യം ചെയ്യലും മര്‍ദ്ദനവും ആരംഭിച്ചു. ബൂട്ടിട്ട് ചവിട്ട്, ഇടി, തൊഴി തുടങ്ങിയ എല്ലാത്തരം മര്‍ദ്ദനവും എല്ലാവരുടെ മേലും പ്രയോഗിച്ചു. ഇതിനിടെ ”ചത്ത ഗാന്ധിക്ക് ജയ് വിളിക്കാതെ ജീവിച്ചിരിക്കുന്ന ഗാന്ധിക്ക് ജയ് വിളിക്കടാ…. മോനേ” എന്ന് പോലീസ് നിരന്തരം തെറി വിളിക്കുന്നുണ്ടായിരുന്നു.
ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങളെല്ലാവരും അവശരായിരുന്നു. ഒരു മണിക്കൂറിനു ശേഷം ഡിവൈഎസ്പി വന്ന് ഓരോരുത്തരെയായി വീണ്ടും ചോദ്യം ചെയ്യലും ഇടിയും. അടി വരുന്നത് ഏത് ഭാഗത്തുനിന്നാണെന്ന് അറിയാന്‍ പറ്റാത്ത തരത്തില്‍. ഒരു ഉദ്യോഗസ്ഥന്റെ പ്രത്യേകത അയാള്‍ രണ്ടു കൈകൊണ്ടും രണ്ടു ചെവിയും പൊത്തി അടിക്കുകയായിരുന്നു. ആ സമയത്താണ് കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കുന്നത് എന്താണെന്ന് മനസ്സിലായത്. അങ്ങനെ മൂന്നാമൂഴവും കഴിഞ്ഞ് ഉച്ചയോടെ ഞങ്ങളെ ഇടിവണ്ടിയില്‍ കയറ്റി. ഡിവൈഎസ്പി ഉച്ചത്തില്‍ പറഞ്ഞു, ഇവരെ കുമരകം കായലില്‍ കൊണ്ടുപോയി താത്തടായെന്ന്. ഞങ്ങളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജയിലില്‍ എത്തിയപ്പോഴേക്കും ഉച്ചഭക്ഷണ സമയം കഴിഞ്ഞിരുന്നതിനാല്‍ ഭക്ഷണം കിട്ടിയില്ല. തലേദിവസം മുതല്‍ ഭക്ഷണം കിട്ടാത്തതും മര്‍ദ്ദനവും കാരണം എല്ലാവരും എഴുന്നേറ്റ് നില്ക്കാന് പോലും പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. 30 ദിവസം ജയില്‍ വാസം കഴിഞ്ഞ് ഡിഐആര്‍ പ്രകാരം ശിക്ഷിച്ചു. എല്ലാവരെയും വിട്ടു. ഞാന്‍ തുടര്‍ന്നും കോട്ടയം താലൂക്കില്‍ ഒളിവില്‍ പ്രവര്‍ത്തനം തുടര്‍ന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘപ്രചാരകനായും കുറച്ചുവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥാ വിരുദ്ധ സമരം ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടാക്കി. എങ്കിലും ചരിത്രപരമായ ആ സമരത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചു എന്നത് ഇന്നും അഭിമാനകരമാണ്.
(അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ഇടുക്കി ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
- പി.ആര്. നരേന്ദ്രന്, ചെങ്ങന്നൂര്‍
ലോക സംഘര്‍ഷ സമിതിയുടെ തീരുമാന പ്രകാരം 1975 ഡിസംബര്‍ 16 ന് വൈകുന്നേരം ആറ് മണിക്ക് എന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ 9 പേര് ഗാന്ധിയന്‍ രീതിയിലുള്ള സത്യഗ്രഹ സമരം ചെയ്തു. അന്ന് ഞാന്‍ സംഘത്തിന്റെ ചെങ്ങന്നൂര്‍ താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ്. പി.ആര്. നരേന്ദ്രന്, എം.ജി. ശിവന് പിള്ള, എം.ജി. ചന്ദ്രന്, പ്രഭാകരന് പിള്ള, സി.പി. സോമന് നായര്‍, സി.കെ. വിജയകുമാര്‍, എം.വി. ഗോപാലകൃഷ്ണ പിള്ള, എം.സി. കുഞ്ഞുകുട്ടി, പി.കെ. നാണു. ഇതില്‍ 3 പേര് മരണപ്പെട്ടു. എന്റെ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം തന്നെ വെണ്മണിയില് ഉള്ളവരായിരുന്നു.
ഞങ്ങള്‍ വൈകുന്നേരം 6 മണിക്ക് മഞ്ജുളാ ബേക്കറി ജംഗ്ഷനില്‍ നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രകടനം ആരംഭിച്ചു. എവിജെ എമ്പോറിയ ജംഗ്ഷനില്‍ എത്തിയപ്പോള്‍ അവിടെനിന്നിരുന്ന പോലീസുകാരന് ഞങ്ങളെ തടഞ്ഞുനിര്‍ത്തി. ഉടനെതന്നെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍നിന്ന് വാനുമായി എസ്ഐ വന്നു. ഉടനെ തന്നെ അടി തുടങ്ങി. വൈകുന്നേരമായതിനാല്‍ ജംഗ്ഷനില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. കുറച്ചുനീങ്ങിയ ഉടനെ വാന്‍ ബ്രേക്ക് ഡൗണായതുകൊണ്ട് വേറെ വാന്‍ വരുന്നതുവരെ ഞങ്ങളെ റോഡില്‍ നിര്‍ത്തിയിട്ട വാനില്‍ ചവിട്ടുകയും തൊഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഈ സമയത്ത് മുല്ലക്കല്‍ ക്ഷേത്രത്തില്‍ ചിറപ്പു തൊഴുതു തിരിച്ചുപോകുന്ന അമ്മമാര്‍ വാവിട്ടു കരയുന്നുണ്ടായിരുന്നു. അരമണിക്കൂറിനകം സ്റ്റേഷനില്‍ കൊണ്ടുപോയി സിഐ ബാബു സിറിയക്, ഡിവൈഎസ്പി ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രി 12 മണി വരെ മര്‍ദ്ദനം തുടര്‍ന്നു. രണ്ടു കരണത്തും അടിച്ചു. നെഞ്ചത്തും വയറ്റത്തും ഇടിച്ചു. കുനിച്ചുനിര്‍ത്തി മുട്ടുകാല് കൊണ്ട് നട്ടെല്ലിന് തൊഴിച്ചു. പലരും തളര്‍ന്നുവീണു. വീണവരെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി വീണ്ടും മര്‍ദ്ദിച്ചു. രാത്രി 12 മണിക്ക് സ്റ്റേഷന്റെ പരിധി മാറിപ്പോയി എന്നുപറഞ്ഞ് നോര്‍ത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയും നേരം വെളുക്കുന്നതു വരെ മര്‍ദ്ദനം തുടര്‍ന്നു. പോലീസുകാര്‍ ക്ഷീണിക്കാതിരിക്കാന്‍ ഊഴം വച്ചാണ് മര്‍ദ്ദിച്ചുകൊണ്ടിരുന്നത്. പി
റ്റേ ദിവസം വൈകുന്നേരം ഞങ്ങളെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ കൊണ്ടുപോയി. അദ്ദേഹത്തിന് അതിഷ്ടപ്പെടാത്തതുകൊണ്ടാണെന്ന് തോന്നുന്നു, കോടതിയില്‍ കൊണ്ടുവന്നാല്‍ മതിയെന്ന് പറഞ്ഞു തിരിച്ചയച്ചു. മജിസ്ട്രേറ്റ് റിമാന്റ് ചെയ്യാത്തതിലുള്ള ദേഷ്യം കൂടി സ്റ്റേഷനില്‍ കൊണ്ടുവന്നു ഞങ്ങളുടെ മേല്‍ തുടര്‍ന്നു. അന്നു രാത്രി അവധിയില്‍ പോയി തിരിച്ചുവന്നവരുടെ ഊഴം ആയിരുന്നു. 30-ാം നാള് ആലപ്പുഴ കോടതിയില്‍ കൊണ്ടുപോയി ഞങ്ങളെ റിമാന്റ് ചെയ്തു. 20 ദിവസം കഴിഞ്ഞു ഡിഐആര്‍ പ്രകാരം ശിക്ഷ കണക്കാക്കി വിട്ടയച്ചു. അന്നത്തെ മര്‍ദ്ദനത്തിന്റെ ഫലമായി എല്ലാവരും രോഗികളായി കഴിയുന്നു.
(അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ലേഖകന്‍.)
- എ. ദാമോദരന്‍, കണ്ണൂര്‍
നാലര പതിറ്റാണ്ടുകള്‍ക്കപ്പുറം അടിയന്തരാവസ്ഥയുടെ കരാളനാളുകളുടെ ഓര്‍മകള്‍ സ്മൃതിപഥത്തില്‍ കൂടുതല്‍ തെളിമയോടെ ഉയര്‍ന്നുവരുന്നു. ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കുവാന്‍ ഞാനുള്‍പ്പെടെയുള്ള കുറെപേര് കോഴിക്കോടു ജനസംഘ കാര്യാലയത്തില്‍ എത്തുന്നു. അവിടെവച്ചും താമസസ്ഥലങ്ങളില്‍ വച്ചും ജന്മഭൂമി പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍ജി എന്നിവരടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തു. കേരളത്തിലെ ഡിഐആര്‍ പ്രകാരമുള്ള ആദ്യ അറസ്റ്റ് ഒരു പക്ഷേ അതായിരിക്കും. നിരോധിക്കപ്പെട്ട സംഘടനയുടെ പരേഡ് നടത്തി എന്ന കുറ്റത്തിന് നാലുമാസത്തെ ജയില്‍വാസം. കുറ്റവിമുക്തരാക്കപ്പെട്ടതിനെത്തുടര്ന്ന് വീണ്ടും കര്‍മപഥത്തിലേക്ക്.
ജയില്‍മോചിതനായശേഷം കുറച്ചുകാലം ഉദുമ, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ ഒളിപ്രവര്‍ത്തനം. ഈ നാളുകളില്‍ അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുവാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ രൂപീകൃതമായ ‘ലോകസംഘര്‍ഷ സമിതി’യുടെ ആസൂത്രിത നീക്കം 1975 നവംബര്‍ 14 ന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തുടക്കമായി.
അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ആദ്യ സത്യഗ്രഹം ടൈല്‍ വര്‍ക്കേഴ്സ് യൂണിയന് തൊഴിലാളിയായ എം. കൃഷ്ണന് നമ്പ്യാരുടെ നേതൃത്വത്തില്‍. കാസര്‍കോട് പരവനടുക്കം ശാഖയിലെ സ്വയംസേവകര്‍ ചേര്‍ന്ന് ഭാരത് മാതാ കീ ജയ്, അടിയന്തരാവസ്ഥ പിന്‍വലിക്കുക, സംഘടനാസ്വാതന്ത്ര്യം അനുവദിക്കുക, പത്രസ്വാതന്ത്ര്യം അനുവദിക്കുക എന്നീ മുദ്രവാക്യങ്ങള്‍ വിളിച്ചുകൊണ്ട് കണ്ണൂര്‍ ടൗണില്‍ നടത്തിയ ജാഥ മുനീശ്വരന്‍ കോവിലിന് മുന്നിലെത്തിയപ്പോള്‍ പോലീസ് വേട്ടപ്പട്ടികളെപ്പോലെ കുതിച്ചെത്തി.
എസ്ഐ പുലിക്കോടന് നാരായണന്റെ നേതൃത്വത്തില്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. ലാത്തി ഒടിയുന്നതുവരെയും തല്ലി. ഒടിഞ്ഞതിനുശേഷം ബൂട്ടിട്ടും ചവിട്ടിക്കൂട്ടി. എല്ലാവരും തളര്‍ന്ന് വീണു. മാരകമായി പരിക്കുപറ്റി ചോര ഒലിച്ചുകിടന്നവരുടെ അടുത്തേക്ക് ആരേയും അടുക്കാന്‍ പോലീസ് സമ്മതിച്ചില്ല. ആ സമയത്ത് പൊതുപ്രവര്‍ത്തകനായ അഡ്വ. എന്‍. രാഘവന്റെ നേതൃത്വത്തില്‍ എല്ലാവരേയും ജില്ലാ ജയിലില്‍ എത്തിച്ചു. നവംബര്‍ 19 ന് ഡിസ്ചാര്‍ജ് ചെയ്ത ഉടനെ സത്യഗ്രഹികളെ ജയിലിലടച്ചു. സത്യഗ്രഹവും അറസ്റ്റും പോലീസിന്റെ മൃഗീയ മര്‍ദ്ദനവും തുടര്‍ന്നുവെങ്കിലും വര്‍ധിതവീര്യത്തോടെ പ്രക്ഷോഭം തുടര്‍ന്നു.
വീണ്ടും ജയില്‍വാസത്തിന്റെ രണ്ടാം ഊഴത്തിലേക്ക്. 1975 ഡിസംബര്‍ 24 ന് ഇരിക്കൂര്‍ പാലത്തിനടുത്തുനിന്ന് ഞങ്ങള്‍ ഒന്പതുപേര് പ്രകടനമായി പുറപ്പെട്ടു. പഴയ ബസ്സ്റ്റാന്റിന് സമീപം എത്തിയപ്പോള്‍ കോണ്ഗ്രസ്സുകാര് വിവരം നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് സംഘം എത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. അതവഗണിച്ച് ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പോലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. ഞങ്ങളെല്ലാവരും കൈകള്‍ കോര്‍ത്ത് പിടിച്ച് റോഡില്‍ കമിഴ്ന്നുകിടന്നു. തുടര്‍ന്ന് ക്രൂരമര്‍ദ്ദനമായിരുന്നു. ലാത്തി ഒടിഞ്ഞു. ആ സമയത്ത് സമീപത്ത് കടയില്‍ വില്ക്കാന് വച്ചിരുന്ന മഴുക്കൈ എടുത്തുകൊണ്ടുവന്ന് അതുകൊണ്ടും അടിച്ചു. ഒടുവില്‍ ജീവച്ഛവങ്ങളായ ഞങ്ങളെ ഒന്‍പതു പേരെയും ജീപ്പിലേക്ക് എടുത്ത് എറിയുകയായിരുന്നു. ഞങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സമയത്ത് സ്ഥലത്ത് തടിച്ചുകൂടിയ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
സത്യഗ്രഹത്തിന് നേതൃത്വം നല്കി എന്ന കുറ്റം ചുമത്തി എന്നെയും കാഞ്ഞിലേരിയിലുള്ള പി. കുഞ്ഞിരാമനെയും റിമാന്റ്ചെയ്തു. ബാക്കി ഏഴുപേരെയും ദൂരെ മലമ്പ്രദേശത്ത് കൊണ്ടുപോയി തല്ലിയോടിച്ചു. ഈ സമയത്ത് ഞങ്ങളുടെ നാടായ നായാട്ടുപാറയിലെത്തിയ കോണ്ഗ്രസ്സുകാര് ചില ആര്‍എസ്എസുകാര്‍ മരണപ്പെട്ടു എന്ന് വാര്‍ത്ത പ്രചരിപ്പിച്ചു. ഇതു സമരസേനാനികളുടെ വീടുകളിലും സഘകുടുംബങ്ങളിലും പരിഭ്രാന്തി പരത്തി. ഡിഐആര്‍ പ്രകാരമുള്ള രണ്ടുമാസത്തെ ശിക്ഷക്കുശേഷം ജയില്‍മോചിതരായി. കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേര്‍ അകാലത്തില്‍ മരണപ്പെട്ടു. കൂടാളിയിലെ മോഹനകണ്ണന്‍, നായാട്ടുപറമ്പിലെ
എം.വി. പത്മനാഭന് എന്നിവര്‍ പിന്നീട് സംഘപ്രചാരകരായി. കഴിഞ്ഞ നാലര പതിറ്റാണ്ടിനിടക്ക് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും കാല് നൂറ്റാണ്ട് ജന്മഭൂമി പത്രത്തിന്റെ റിപ്പോര്‍ട്ടിങ്-എഡിറ്റോറിയല്‍ ചുമതലകളിലും പ്രവര്‍ത്തിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
(അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍.)
- പി. ജയകുമാര്‍, ആലുവ
അടിയന്തരാവസ്ഥ സമയത്ത് ഞാന്‍ പെരുമ്പാവൂര്‍ ഭാഗത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിക്കുകയായിരുന്നു. സംഘം മുന്‍കയ്യെടുത്തു തുടങ്ങിയ ലോകസംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി രണ്ടു മാസം നീണ്ടുനിന്ന സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു.
എസ്. സേതുമാധവന് എന്ന സേതുവേട്ടന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ നേതൃത്വം കൊടുത്ത ബാച്ചില്‍ എന്‍. വാസുദേവന്‍, എസ്. ഗോപിനാഥന്, ആര്. ഉണ്ണികൃഷ്ണവാര്യര്‍, കെ. മധുസൂദനന്, പി. മുരളീധരന്, എസ്. കൃഷ്ണന്‍കുട്ടി, വി. ജയചന്ദ്രന്, പി.എം. വേലായുധന്, എ. ശശിധരന് എന്നിവരാണ് ഉണ്ടായിരുന്നത്. രാവിലെ 10 മണിക്ക് മൂവാറ്റുപുഴ കച്ചേരിത്താഴം ജംഗ്ഷനില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ട് മുദ്രാവാക്യം വിളിച്ച് ജാഥ നടത്തി. ലീഡര്‍ പ്രസംഗിക്കുകയും ചെയ്തു. പ്രസംഗം തുടങ്ങിയപ്പോഴേക്കും പോലീസ് ജീപ്പ് ചീറിപ്പാഞ്ഞുവന്ന് ഞങ്ങളെ എല്ലാവരെയും വളഞ്ഞുനിന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അരമണിക്കൂര്‍ ഒരു യുദ്ധസമാനമായ രംഗമാണ് അവിടെ ഉണ്ടായത്. കുഴഞ്ഞുവീണ ഞങ്ങളില്‍ ചിലരെ റോഡിലൂടെ വലിച്ചിഴച്ച് ജീപ്പിലേക്ക് എടുത്തെറിയുകയായിരുന്നു. സ്റ്റേഷനില്‍ കൊണ്ടുപോയ ഉടനെ അവിടെ കാത്തുനിന്ന പോലീസുകാര്‍ ഞങ്ങളെ തെറികൊണ്ട് അഭിഷേകം ചെയ്യുകയും മര്‍ദ്ദനം ആരംഭിക്കുകയും ചെയ്തു. പോ
ലീസുകാര്‍ അവശരാകുന്ന സമയത്ത് ഒരു മണിക്കൂര്‍ ഗ്യാപ്പിനുശേഷം വീണ്ടും മര്‍ദ്ദനം തുടര്‍ന്നു. രാത്രിയില്‍ മര്‍ദ്ദിച്ച പോലീസുകാര്‍ എല്ലാംതന്നെ മദ്യലഹരിയിലായിരുന്നു. പിറ്റേ ദിവസം രാവിലെ ഞങ്ങളില്‍ അഞ്ചുപേരെ മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയ സമയത്ത് തലേദിവസത്തെ മര്ദ്ദനകാര്യങ്ങള് ഞങ്ങള്‍ മജിസ്ട്രേറ്റിനോടു പറയുകയും കൂടെയുണ്ടായിരുന്ന ആറുപേരെ ഇപ്പോഴും സ്റ്റേഷനില്‍ മര്ദ്ദിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നിങ്ങള്‍ക്ക് കേസുകൊടുക്കാമെന്നും, അതിന് വക്കീലിനെ കാണാന്‍ ഇവരെ അനുവദിക്കണമെന്നും മജിസ്ട്രേറ്റ് പോലീസിന് നിര്‍ദ്ദേശവും കൊടുത്തു. ഒരു മാസം മൂവാറ്റുപുഴ സബ്ജയിലിലും രണ്ട് മാസം തൃശൂര്‍ സെന്‍ട്രല്‍ ജയിലിലുമായിരുന്നു. ഞങ്ങളുടെ സമരബാച്ചില് ഉണ്ടായിരുന്ന നാലുപേര്‍ മരണപ്പെട്ടു.
ഞാന്‍ സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമായി സമരമുഖത്തേക്ക് പറഞ്ഞയച്ച നിരവധി സ്വയംസേവകര്‍ നിത്യരോഗികളായി കഴിഞ്ഞുകൂടുന്നു. ഒരു ചെറിയ കുറ്റബോധത്തോടെ വജ്രജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍.
(അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: