Categories: Varadyam

തൊണ്ണൂറിലും തുടരുന്ന താളഗോപുരങ്ങള്‍

അച്ഛന്റെ മരണം വീഴ്‌ത്തിയ കരിനിഴല്‍ മറികടക്കാന്‍ പന്ത്രണ്ടാം വയസ്സിലാണ് ആയാംകുടി കുട്ടപ്പമാരാരെന്ന ആയാംകുടിയാശാന്‍ ചെണ്ടമുറുക്കുന്നത്. അന്ന് ഒരുനേരത്തെ അന്നത്തിന് വേണ്ടി കുലത്തൊഴില്‍ ജീവനോപാധിയാക്കിയ അദ്ദേഹം കൊട്ടിക്കയറിയ കാലപ്രമാണങ്ങളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ചെണ്ടയില്‍ ഇന്നും ആവേശമാണ്  ആയാംകുടി  കുട്ടപ്പമാരാര്‍. കാലദേശങ്ങളുടെ ചിട്ടവട്ടങ്ങളും ശൈലീഭേദങ്ങളുടെ മൂപ്പിളമത്തര്‍ക്കവുമൊന്നും ആയാകുടി ആശാന്റെ അക്ഷരകാലങ്ങള്‍ക്ക് പരിമിതികളായിരുന്നില്ല. അക്കാലത്തെ അതികായന്മാര്‍വരെ അത്ഭുതാദരവോടെ ആസ്വദിച്ചിരുന്ന ആ പ്രയാണം ഇന്ന് തൊണ്ണൂറിന്റെ വസന്തം തീര്‍ക്കുകയാണ്.  

വാദ്യകലയ്‌ക്ക് വേണ്ടതായ പരിഗണന കിട്ടാതിരുന്ന കാലത്തും ശൈലീഭേദങ്ങള്‍ക്ക് അപ്പുറം ആശാന്‍ കൊട്ടിക്കയറിയ താളഗോപുരങ്ങള്‍ അവര്‍ണനീയമാണ്. ഓരോ ആസ്വാദകനും അലിഞ്ഞ് ചേരുന്ന ആസ്വാദ്യതയും അതിനപ്പുറം ആത്മസംതൃപ്തിയും ആയാകുടിയുടെ മേളപ്രമാണങ്ങളെ വ്യത്യസ്തമാക്കി. കണക്കുകളിലെ കാര്‍ക്കശ്യവും നാദോപാസനയുടെ കൃത്യതയും ആയാംകുടിയുടെ കലാജീവിതത്തെ ശോഭനമാക്കി. നീണ്ട ഒമ്പത് പതിറ്റാണ്ടുകാലത്തില്‍ അദ്ദേഹം ജീവിതം തന്നെ കലാലോകത്തിനു വേണ്ടി മാറ്റിവച്ചു. കുഞ്ഞന്‍മാരാര്‍ നാരായണിയമ്മ ദമ്പതികളുടെ മകനായി 1931ലെ മീനമാസത്തിലാണ് ആയാംകുടിയുടെ ജനനം. കുലവൃത്തി എന്ന നിലയില്‍നിന്ന് അസുരവാദ്യത്തിന്റെ ആത്മാവിലേക്കുള്ള സാധനയായിരുന്നു ആയാംകുടിയുടെ ആ ജീവിതം.

ഇല്ലായ്മയുടെ താളവട്ടത്തിന് ഇരുനാഴി ചോറ്

അച്ഛന്റെ മരണശേഷം ക്ഷേത്രങ്ങളില്‍ നെല്ല് കുത്തിയാണ് നാരായണിയമ്മ മക്കളെ വളര്‍ത്തിയിരുന്നത്. കൂലിയായി ആകെ കിട്ടുന്നത് അന്നന്നത്തേക്കുള്ള അന്നം മാത്രം. അമ്മയുടെ കഷ്ടപ്പാടില്‍ മനംനൊന്താണ് കുട്ടപ്പമാരാര്‍ എന്ന ആയാംകുടി മഹാദേവക്ഷേത്രത്തിലെ അടിയന്തര ജോലികള്‍ക്ക് ഭാഗമാകുന്നത്. കൊച്ചുകുട്ടിയായിരുന്നതു കൊണ്ട്  ശാന്തിക്കാരും മറ്റ് ജീവനക്കാരും ഏറെ കരുണയോടെയാണ് തന്നെ പരിഗണിച്ചിരുന്നതെന്ന് ആശാന്‍ പറയുന്നു. വെളുപ്പിനെ ക്ഷേത്രം തുറക്കുന്നത് മുതല്‍ ശ്രീബലി കഴിയുന്നതുവരെ പിടിപ്പത് പണിയാണ്. ചടങ്ങുകള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് പടച്ചോറും നാഴിപ്പായസവും കിട്ടും. അതാണ് അന്നത്തെ വരുമാനം. ചെറുതെങ്കില്ലും അമ്മയ്‌ക്കും കുടുംബത്തിനും വലിയ ആശ്വാസമായിരുന്നു ഇത്. ഈ കാലയളവിലാണ് അദ്ദേഹം ചെണ്ടയും ഇടയ്‌ക്കയും പഠിക്കുന്നത്. തൊട്ടിയില്‍ കൃഷ്ണക്കുറുപ്പാണ് ആദ്യ ഗുരു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ആയാംകുടി മഹാദേവന് മുന്നില്‍ അരങ്ങേറി. തുടര്‍ന്ന് തേര്‍വഴി അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തില്‍ പഞ്ചവാദ്യവും സ്വായത്തമാക്കി. തിമിലയില്‍ മികച്ച പ്രാഗത്ഭ്യം കാഴ്ചവച്ചു.

കളിയരങ്ങത്തേക്ക്  കലാമണ്ഡലത്തിലേക്ക്

തായമ്പകയും പഞ്ചവാദ്യവും അടിയന്തര വട്ടങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും കഥകളി കൊട്ടു കൂടി പഠിക്കണമെന്ന ആഗ്രഹം അദ്ദേഹത്തെ കലാമണ്ഡലത്തില്‍ എത്തിച്ചു. നിര്‍ഭാഗ്യവശാല്‍ കഥകളിപ്പാട്ടിന്റെ ഒഴിവിലാണ് പ്രവേശനം ലഭിച്ചത്. പഠനം ആറുമാസം മാത്രമാണ് നീണ്ടുനിന്നത്. പിന്നീട് ആയാംകുടിയിലെത്തിയ അദ്ദേഹം വീണ്ടും ക്ഷേത്രവൃത്തികള്‍ തുടര്‍ന്നു. അക്കാലത്തെ പ്രമുഖ കഥകളിമേളക്കാരനായ പുതുശ്ശേരി മാധവക്കുറുപ്പിന്റെ മക്കളെ പഞ്ചവാദ്യം പഠിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി. മക്കള്‍ക്ക് പഞ്ചവാദ്യം പഠിപ്പിക്കുന്നതിനൊപ്പം മാധവക്കുറുപ്പില്‍ നിന്നും കളിക്കൊട്ടും പഠിച്ചെടുത്തു. മേളപ്പദംവരെ അദ്ദേഹമാണ് ആയാംകുടിയെ പഠിപ്പിച്ചത്. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ അരങ്ങേറ്റത്തിന് ചെണ്ടയില്‍ ആയാംകുടിയും അരങ്ങേറി. തുടര്‍ന്ന് കഥകളിയില്‍ സ്ഥിരം മേളക്കാരനായി. പ്രമുഖനായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനും ഗുരുനാഥന്‍ കൂടിയായ പുതുശ്ശേരിക്കും കൊട്ടില്‍ മാറ്റക്കാരനായിട്ടായിരുന്നു തുടക്കം. ഇവര്‍ രണ്ടുപേരുമാണ് കളിക്കൊട്ടിന്റെ അനുഭൂതിയിലേക്ക് ആയാംകുടിയെ കൊണ്ടെത്തിച്ചത്. തുടര്‍ന്ന് നീലംപേരൂര്‍ നാരായണപിളളയുടെ കഥകളി കളരിയില്‍ മേളക്കാരനായി. മാങ്ങാനത്ത് വിവാഹം കഴിപ്പിച്ച സഹോദരിയുടെ വീട്ടില്‍ നിന്നാണ് കളിയോഗത്തില്‍ ആയാംകുടി സജീവമായത്.

വളര്‍ച്ചയുടെ  കലാവല്ലഭപുരി

തിരുവല്ലയിലെ കളിയോഗക്കാരനായ മുറിയായ്‌ക്കല്‍ കുട്ടപ്പപ്പണിക്കരുടെ മകള്‍ സുമതിയെ വിവാഹം ചെയ്തതോടെയാണ് തിരുവല്ല അദ്ദേഹത്തിന്റെ തട്ടകമാകുന്നത്. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കഥകളി നടക്കുന്ന ശ്രീവല്ലഭക്ഷേത്രം ആയാംകുടിയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായി. അക്കാലത്തെ അതികായരായ പല കലാകാരന്മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ ഈ കാലഘട്ടം അദ്ദേഹത്തെ സഹായിച്ചു. സുജാത, ഗിരിജ, ഉണ്ണിക്കൃഷ്ണന്‍, ജയകുമാര്‍ എന്നിങ്ങനെ നാല് കുട്ടികളും ആശാന് ജനിച്ചു. മകന്‍ കലാഭാരതി ഉണ്ണിക്കൃഷ്ണന്‍ കഥകളി രംഗത്ത് സജീവമാണ്. ഇതിനിടയില്‍ മാര്‍ഗ്ഗിയില്‍ അദ്ധ്യാപകനായി. ഇവിടെ നിന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളിലെ കഥകളിക്ക് പങ്കെടുത്തു. വീണ്ടും തിരുവല്ലയില്‍ മടങ്ങിയെത്തിയ അദ്ദേഹം നിരവധി ശിഷ്യന്മാരെയും വളര്‍ത്തിയെടുത്തു. 1991ല്‍ ഷഷ്ട്യബ്ദപൂര്‍ത്തി തിരുവല്ല ക്ഷേത്രത്തില്‍ വച്ച് നടത്തപ്പെട്ടപ്പോള്‍ സാക്ഷാല്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളാണ് അദ്ദേഹത്തിന് വീരശൃംഖല അണിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം, കേരളകലാമണ്ഡലം പുരസ്‌കാരം, കലാചാര്യപുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എം.കെ.കെ.നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, വാരണാസി മാധവന്‍ നമ്പൂതിരി, തൃത്താല കേശവപ്പൊതുവാള്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, തകഴിമാധവക്കുറുപ്പ് തുടങ്ങിയ മഹാരഥന്മാരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരങ്ങളും ആയാംകുടി നേടി.

ചെണ്ടയിലെ ആയാംകുടി  സ്‌റ്റൈല്‍

തായമ്പകയായാലും കളിമേളമായാലും അടിയന്തരമായാലും ആയാകുടിയുടെ ഓരോ അക്ഷരകാലത്തിനുമുണ്ട് അതിന്റേതായ വ്യക്തിത്വം. ചെണ്ടയുടെ ആത്മാവറിഞ്ഞാണ് ആശാന്റെ ഓരോ നാദവും ചെണ്ടയ്‌ക്ക് മേല്‍ നൃത്തം വയ്‌ക്കുന്നത്. ഓരോ താളത്തെയും വിന്യസിക്കുമ്പോള്‍  നിറഞ്ഞ തെളിച്ചവും സൗന്ദര്യവും ആയാംകുടിയിലെ കലോപാസകനെ വേറിട്ടതാക്കി. മനോധര്‍മ്മങ്ങളും എണ്ണപ്പെരുക്കങ്ങളും എല്ലാം അദ്ദേഹത്തിന് മുന്നില്‍ മിന്നലാട്ടത്തിന്റെ സാധ്യതകള്‍ക്കാണ് വഴിതുറക്കുന്നത്. ചെണ്ടയില്‍ ആയാംകുടിയുണ്ടെങ്കില്‍ അക്കാലത്തെ പ്രധാന നടന്മാര്‍ അടക്കം കളിയരങ്ങില്‍ കരുതലോടെയാണ് കയറുന്നത്. അത്രത്തോളം സൂക്ഷ്മതയിലാണ് ഓരോ നിമിഷത്തിനും ആയാംകുടി അരങ്ങില്‍ നിറയുന്നത്.  ആശാന്റെ ഭാഷയില്‍ നല്ല ചെണ്ടക്കാരനാകാന്‍ ദൃഢതവേണം. അത് അനുഭവിച്ച് കൊട്ടാനും  ശിഷ്യര്‍ക്ക് പഠിപ്പിച്ച് നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു.

അഭിമാനിക്കാവുന്ന  ശിഷ്യസമ്പത്ത്

കൊട്ടില്‍ ആശാന്‍ കൈപിടിച്ചുയര്‍ത്തിയ നിരവധി പ്രമുഖര്‍ ഇന്ന് വാദ്യരംഗത്ത് നിറസാന്നിദ്ധ്യമാണ്. സമകാലികനായിരുന്ന വാരണാസി വിഷ്ണു നമ്പൂതിരിക്ക് മേളപ്പദത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് ആയാംകുടിയാണ്. പ്രസിദ്ധ കഥകളി വാദകന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, തൃശൂര്‍ പൂരത്തിന്റെ ദ്വിതീയ പ്രാമാണ്യം വഹിക്കുന്ന തിരുവല്ല രാധാകൃഷ്ണന്‍, മുതുപിലക്കാട് സുകുമാരന്‍ വേണുഗോപാല്‍, മനോജ് കുറൂര്‍, മകന്‍ കലാഭാരതി ഉണ്ണികൃഷ്ണന്‍, തിരുവല്ല ഹരികുമാര്‍, കലാഭാരതി പീതാംബരന്‍, തിരുവല്ല രാജീവ് കൃഷ്ണന്‍ തുടങ്ങിയവരും പ്രസിദ്ധ ഇടയ്‌ക്കാ വാദകന്‍ വിനു കണ്ണഞ്ചിറ തുടങ്ങിയ പ്രമുഖരും ആശാന്റെ ശിഷ്യസമ്പത്തിലെ ചുരുക്കം ചിലര്‍ മാത്രമാണ്.

പരിഭവവും പരാതിയുമില്ല കലയാണ് ജീവിതം

കല കച്ചവടത്തിന് വഴിമാറുന്ന കാലത്ത് അതിന് മേലെ അത്ഭുതങ്ങള്‍ കാട്ടിയാണ് ആയാംകുടി അസുരവാദ്യത്തെ നെഞ്ചോട് ചേര്‍ത്തത്. തന്നോടൊപ്പം പ്രവര്‍ത്തിച്ചവരും താന്‍ പഠിപ്പിച്ചവരും തനിക്കുമേലെ കുതിച്ചപ്പോഴും സന്തോഷത്തോടെയാണ് ഈ വാദ്യകുലപതി അവര്‍ക്കു വേണ്ടി വഴിയൊരുക്കിക്കൊടുത്തത്. ഒരിക്കലും ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. തേടിവന്ന ആദരങ്ങളെ കലയ്‌ക്കുള്ള ആദരവായി മാത്രം കണ്ടു. കേരളകലാമണ്ഡലത്തിലടക്കം ലഭിച്ച ജോലി സന്തോഷത്തോടെ നിരസിച്ചു. ആശാന് കലയായിരുന്നു ജീവിതം. അംഗീകാരങ്ങളുടെ മാനദണ്ഡം കലോപാസനയില്‍ നിന്ന് തെന്നിമാറിയപ്പോള്‍ അണുവിട തെറ്റാതെ നടന്നുനീങ്ങുക തന്നെയായിരുന്നു ഈ ഉപാസകന്‍. അത്തരം ഒന്നിനും  

ആയാംകുടിയെ സ്വാധീനിക്കാനായില്ല. ജീവിത പ്രതിസന്ധികളുടെ ഇടയില്‍ ഒരിക്കല്‍പോലും ഒരു ആവശ്യത്തിനും ആര്‍ക്കുമുന്‍പിലും തലകുനിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഭാര്യയുടെ വിയോഗവും രോഗാധിക്യവും തെല്ലൊന്ന് തളര്‍ത്തിയെങ്കിലും അതിജീവനത്തിന്റെ ഏറ്റക്കുറച്ചിലുകളെ ആവേശപൂര്‍വ്വമാണ് ആശാന്‍ കൊട്ടിക്കയറുന്നത്. മതില്‍ഭാഗത്ത് മകള്‍ ഗിരിജയ്‌ക്കൊപ്പം വിശ്രമ ജീവിതം നയിക്കുന്ന ആശാന്‍ ചെണ്ടയുടെ നാദം കേട്ടാല്‍ ഇന്നും അവശത മറക്കും. അതാണ് ആയാംകുടി കുട്ടപ്പമാരാര്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക