തഖാര്‍: അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുന്നതോടെ നഗരങ്ങള്‍ ഒന്നൊന്നായി താലിബാന് കീഴടക്കുകയാണ്. താലിബാന് പിടിച്ചടക്കിയ നഗരങ്ങളില്‍ വീണ്ടും താലിബാന് ശാസനകള്‍ തിരിച്ചുവരികയാണ്.
സ്ത്രീകള്‍ വീട് വിട്ട് ഒറ്റയ്ക്ക് ഇറങ്ങരുതെന്നാണ് സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചിറകരിയുന്ന താലിബാന്റെ ആദ്യ ശാസന. ഇനി പുറത്തിറങ്ങണമെങ്കില്‍ തന്നെ ഒരു പുരുഷന്റെ കൂടെയായിരിക്കണം. അതുപോലെ പുരുഷന്മാര് എല്ലാവരും താടി നീട്ടിവളര്‍ത്തി യാഥാസ്ഥിതിക മുസ്ലിം ആയി മാറണം- ഇങ്ങിനെ പോകുന്നു ശാസനകള്‍.
ചില പ്രവിശ്യകളിലെ ജില്ലകള്‍ ഒന്നൊന്നായി താലിബാന് കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം കാപിസ പ്രവിശ്യയിലെ തഗബ് ജില്ല താലിബാന് പിടിച്ചു. അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ തഖാറില്‍ ആണ് താലിബാന് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. പെണ്‍കുട്ടികള്‍ക്ക് സ്ത്രീധന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന താലിബാന് ശാസനയ്ക്കെതിരെ സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ‘പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നാണ് താലിബാന് താക്കീത് ചെയ്യുന്നത്,’ സിവില്‍ സൊസൈറ്റി പ്രവര്‍ത്തകയായ മെറാജുദ്ദീന്‍ ഷറിഫി പറഞ്ഞു. തെളിവില്ലാതെ വിചാരണ ചെയ്യുമെന്നും താലിബാന് അനുശാസിക്കുന്നതായും മെറാജുദ്ദീന്‍ ഷറിഫി പറയുന്നു.
താലിബാന് കീഴടക്കിയ പ്രദേശങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ വിലയേറുന്നതായി തഖാര്‍ പ്രവിശ്യ കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു. ‘ഇവിടങ്ങളില്‍ സ്കൂളുകളും ക്ലിനിക്കുകളും അടച്ചിരിക്കുന്നു. സേവനങ്ങള്‍ എല്ലാം ഒറ്റയടിക്ക് ഇല്ലാതായി. ജനങ്ങള്‍ ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്,’ തഖാര്‍ പ്രവിശ്യ കൗണ്‍സില്‍ അംഗമായ മുഹമ്മദ് അസം അഫ്സാലി പറയുന്നു. താലിബാന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അബ്ദുള്ള ഖര്‍ലുക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: