കൊല്ലം: ഉത്ര കൊലക്കേസില്‍ ഡമ്മി പരീക്ഷണം പ്രദര്‍ശിപ്പിച്ച് കൊല്ലം ആറാം അഡീ. സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന് ഭാഗം വാദം ആരംഭിച്ചു. ഉത്രയുടെ കാലിനേറ്റ കടികള്‍ തമ്മിലുള്ള അസാമാന്യ വലിപ്പ വ്യത്യാസം പാമ്പിന്റെ തലയില്‍ പിടിച്ചമര്‍ത്തിയ കാരണത്താലാണ് ഉണ്ടാകാറുള്ളത് എന്നത് സംബന്ധിച്ചാണ് ഡമ്മി പരീഷണം കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്.
മൂര്‍ഖന്‍ പാമ്പിന്റെ തലയില്‍ പിടിച്ചമര്‍ത്തുമ്പോള്‍ പല്ലുകള്‍ വികസിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിക്കെതിരെ പ്രോസിക്യൂഷന് വാദിച്ചു. മൂര്‍ഖന്‍ സന്ധ്യാ സമയങ്ങളില്‍ മാത്രമാണ് ഇരതേടുന്നതിലും ഉഗ്രവീര്യത്തിലും ഉള്ളത്. എന്നാല്‍ ഉത്ര വെളുപ്പിന് 2.30ന് മരിച്ചതിനാല്‍ ഈ സമയം മൂര്‍ഖന്‍ നിര്ജീവമാണെന്നും മൂര്‍ഖന്‍ സാധാരണഗതിയില്‍ മനുഷ്യരെ ആവശ്യമില്ലാതെ കൊത്താറില്ല എന്നും തെളിവുകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
മയക്കുമരുന്നു നല്കി ചലനമില്ലാതെ ഉറങ്ങിക്കിടന്ന ഉത്രയെ മൂര്‍ഖന്‍ ഒരു കാരണവുമില്ലാതെ രണ്ടുപ്രാവശ്യം കൊത്തിയെന്നത് വിശ്വസനീയമല്ല എന്നും അടുത്തടുത്തുള്ള രണ്ട് സര്പ്പദംശനങ്ങള്ക്ക് രണ്ട് കടിവായ് അകലമാണെന്നുള്ളത് കൊലപാതകത്തെ സൂചിപ്പിക്കുന്നതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഉത്രയുടെ മരണം അസ്വഭാവികമായ മൂര്‍ഖന്റെ കടി കൊണ്ടാണ് എന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. മോഹന്‍രാജ് കോടതിയെ ധരിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി കെ. ഗോപീഷ്കുമാര്‍, സി.എസ്. സുനില്‍ എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: