കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന് മെഡിക്കല്‍ പദ്ധതിക്ക് അപേക്ഷകര്‍ കുറവ്. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റി നടപ്പിലാക്കുമ്പോള്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടി വിഭാവനം ചെയ്ത പദ്ധതികള്‍ കൂടുതല്‍ ജനകീയമാകുന്നില്ല എന്നതിന്റെ തെളിവാണിത്.
ക്യാന്‍സര്‍, ഹൃദയം, വൃക്ക, കരള്‍ സംബന്ധമായ ഗുരുതര രോഗങ്ങള്‍, അവയവം മാറ്റിവയ്ക്കല്‍, സ്പൈനല്‍ സര്‍ജറി എന്നീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അപേക്ഷകര്‍ 2,50,000 രൂപ വാര്‍ഷിക വരുമാനത്തില്‍ താഴെയുള്ള പിന്നാക്ക കുടുബങ്ങളാകണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
ഹൃദയ ശസ്ത്രക്രിയ-1.25 ലക്ഷം രൂപ, ഡയാലിസിസ്-3.50 ലക്ഷം, ക്യാന്‍സര്‍-1.75 ലക്ഷം, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍, ശസ്ത്രക്രിയകള്‍-1.50 ലക്ഷം,കിഡ്നി, അവയവം മാറ്റിവയ്ക്കല്‍-3.50, സ്പൈനല്‍ സര്‍ജറി- ഒരു ലക്ഷം രൂപവരെ സഹായമായി പദ്ധതിയിലൂടെ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികള്‍, സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള ആശുപത്രികള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ആശുപത്രികള്‍, പ്രത്യേക സാഹചര്യങ്ങളില്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശുപാര്‍ശ ചെയ്യുന്ന ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക. ശസ്ത്രക്രിയയുടെ 15 ദിവസം മുമ്പ് അപേക്ഷ നല്‍കിയിരിക്കണം.
ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച അപേക്ഷയോടൊപ്പം ലോക്സഭ/രാജ്യസഭ എംപിമാര്‍, ജില്ലാ കളക്ടര്‍, ആരോഗ്യ സാമൂഹിക ക്ഷേമവകുപ്പ് സെക്രട്ടറി ഇവരില്‍ ആരുടെയെങ്കിലും ശുപാര്‍ശ കത്തും അപേക്ഷയ്ക്കൊപ്പം ഉണ്ടാകണം. ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്, 1. ജന്‍പഥ്, ന്യൂദല്‍ഹി എന്ന വിലാസത്തില്‍ അപേക്ഷകന് നേരിട്ട് അപേക്ഷ നല്‍കാം. ധനസഹായമായി ലഭിക്കുന്ന മുഴുവന്‍ തുകയും ഒറ്റത്തവണയായി ബന്ധപ്പെട്ട ആശുപത്രിയുടെ അക്കൗണ്ടിലേക്കാണ് എത്തുക. ബ്ലോക്ക്, മുനിസിപ്പല്‍, കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ഫോം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: