കോഴിക്കോട്: മൊബൈല്‍ കവര്‍ച്ചാ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാക്കൂര്‍ സ്വദേശികളായ സാനു കൃഷ്ണന്‍, ഷംനാസ് എന്നിവരാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്.
കാലിന് സാരമായി പരിക്കേറ്റ അലി അക്ബറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എളേറ്റില്‍ വട്ടോളിയിൽ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് രണ്ടുപേരടങ്ങുന്ന മോഷണ സംഘം എത്തുകയും ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിക്കുകയും ഉടനെ ബൈക്ക് മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്.
റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു. അലി അക്ബര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. മോഷ്ടാക്കളിലൊരാളുടെ ഫോണ്‍ പിടിവലിക്കിടയില്‍ താഴെ വീണിരുന്നു. അത് നാട്ടുകാര്‍ പോലീസിന് കൈമാറി.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാക്കൂര്‍ സ്വദേശികളായ സാനു കൃഷ്ണന്‍, ഷംനാസ് എന്നിവർ പോലീസ് വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: