കൊച്ചി: അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് സംഘടനകളുടെ പേരു പറയാന്‍ മടിച്ച് എസ്എഫ്ഐയുടെ അഭിമന്യു രക്തസാക്ഷിത്വ ദിനാചരണം.
എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാരാജാസ് കോളേജില്‍ വ്യാഴാഴ്ച രാത്രി സംഘടിപ്പിച്ച അഭിമന്യൂ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത എസ്എഫ്ഐ ദേശീയ, സംസ്ഥാന നേതാക്കളാണ് അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഘടനകളുടെ പേരു പറയാതെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗം നടത്തി പിരിഞ്ഞത്.
വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തിലാണ് അഭിമന്യുവിന് ജീവന് നഷ്ടമായതെന്ന് നേതാക്കള്‍ പ്രസംഗിച്ചെങ്കിലും ഒരിക്കല്‍ പോലും കേസില്‍ പ്രതികള്‍ ഉള്‍പ്പെട്ട സംഘടനയുടെ പേര് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് വി.എന്‍. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് എംഎല്‍എ എന്നിവര്‍ പരാമര്‍ശിച്ചില്ല.
പരിപാടി ഉദ്ഘാടനം ചെയ്ത വി.പി. സാനുവിന്റെ പ്രസംഗം കേന്ദ്രസര്‍ക്കാരിനെതിരെയായിരുന്നു. കേരളം കൊവിഡ് മുക്തമാകാത്തത് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കും നയങ്ങള്‍ക്കുമെതിരെ പോരാട്ടം നടത്തണമെന്നുമായിരുന്നു ആഹ്വാനം. തുടര്‍ന്ന് പ്രസംഗിച്ച സച്ചിന്‍ദേവും വിനീഷും വര്‍ഗീയതക്കെതിരെ പോരാട്ടം തുടരുമെന്നും പറഞ്ഞെങ്കിലും ഒരിക്കല്‍ പോലും അഭിമന്യുവിന്റെ ഘാതകരുടെയോ, സംഘടനകളുടെയോ പേരു പറഞ്ഞില്ല.
പത്തനംതിട്ട നഗരസഭയിലും ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്തിലും എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരണം തുടരുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതിയായ ഫാറൂഖ് അന്‍സാരിയുടെ വീട് ഉള്‍പ്പെടുന്നത് കോട്ടാങ്ങലിലാണ്. സിറിയയില്‍ ഭീകര പ്രവര്‍ത്തനത്തിന് പോയ നിമിഷ ഫാത്തിമ അടക്കമുള്ളവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കോട്ടാങ്ങലിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് പി.ആര്. രാഹുലിനെ അടുത്തിടെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. പത്തനംതിട്ടയിലെ എസ്ഡിപിഐ ബന്ധത്തെ പാര്‍ട്ടി കമ്മറ്റിയില്‍ ചോദ്യം ചെയ്ത യുവജന നേതാവിനെ സിപിഎമ്മും പുറത്താക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം, കഴക്കൂട്ടം, അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന് പിന്തുണ നല്‍കിയതായി എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. കേരളത്തിലുടനീളം എസ്ഡിപിഐയുമായി പരസ്യ- രഹസ്യ ബാന്ധവം തുടരുന്ന സിപിഎമ്മും യുവജന പ്രസ്ഥാനങ്ങളും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് സംഘടനകളുടെ അക്രമത്തെക്കുറിച്ച് എങ്ങിനെ പറയുമെന്നാണ് വിര്‍ശകരുടെ ചോദ്യം.
അഭിമന്യുവിനെ കൊലപ്പെടുത്തിയ കത്തി കണ്ടെത്താന്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രധാനപ്രതി കൊവിഡ് ലോക്ഡൗണിന്റെ മറവില്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യം മുതല്‍ തന്നെ സിപിഎം-എസ്ഡിപിഐ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: