റോം: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ട്് ഇന്ന് ഉക്രെയ്നുമായി ഏറ്റുമുട്ടും. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ രാത്രി 12.30 ന് കളി തുടങ്ങും. സോണി സിക്സ് ചാനലില്‍ തത്സമയം കാണാം.
സൗത്ത്ഗേറ്റിന്റെ ശിക്ഷണത്തില്‍ കളിക്കുന്ന ഇംഗ്ലണ്ടിനാണ് നേരിയ മുന്‍തൂക്കം. കാരണം ഇത് വരെ വിവിധ ടൂര്‍ണമെന്റുകളില്‍ ഏഴു തവണ ഉക്രെയ്നെ നേരിട്ടപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇംഗ്ലണ്ട് തോല്‍വി അറിഞ്ഞത്. 2009 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ഉക്രെയ്നോട് തോറ്റത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളും സമനിലയായി. 2013 സെപ്തംബറില്‍ കീവിലാണ് ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്. മത്സരം ഗോള്‍രഹിത സമനിലയായി. അതിനുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടും ഉക്രെയ്നും മാറ്റുരയ്ക്കുന്നത്.
ഇതിന് മുമ്പ് ഈ ടീമുകള്‍ ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കൊമ്പുകോര്‍ത്തു. 2012 യൂറോയിലെ ഗ്രൂപ്പ് മത്സരത്തിലാണ് പോരടിച്ചത്. അന്ന് ഇംഗ്ലണ്ട് മടക്കമില്ലാത്ത ഒരു ഗോളിനെ ഉക്രെയ്നെ തുരത്തി. വെയ്ന്‍ റൂണിയാണ് അന്ന് ഗോള്‍ അടിച്ചത്.
ഇംഗ്ലണ്ടുമായി കളിച്ച ഏഴു മത്സരങ്ങളില്‍ ഉക്രെയ്ന് മൂന്ന് ഗോളുകളാണ് നേടിയത്. ഒരിക്കല്‍ പോലും ഒരു മത്സരത്തില്‍ ഒന്നില്‍ കുടുതല്‍ ഗോള്‍ അടിച്ചിട്ടില്ല.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട് മുമ്പ് കളിച്ച മൂന്ന് ക്വാര്‍ട്ടര്‍ ഫൈനലുകളും എക്സട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു. 1996 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനെ തോല്‍പ്പിച്ചു. എന്നാല്‍ 2004 ല്‍ പോര്‍ച്ചുഗലിനോടും 2012 ല്‍ ഇറ്റലിയോടും ഷൂട്ടൗട്ടില്‍ തോറ്റു.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ നാലു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്ത രണ്ടാമത്തെ ടീമാണ് ഇംഗ്ലണ്ട്്. 1996 ല്‍ ജര്‍മ്മനിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം.
കരുത്തരായ ജര്‍മ്മനിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, സ്ട്രൈക്കര്‍ റഹിം സ്റ്റെര്‍ലിങ്, ഹാരി മാഗ്യൂറി എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷ.
കടലാസില്‍ ഇംഗ്ലണ്ടാണ് ശക്തമെങ്കിലും ഏതു ടീമിനെയും അട്ടിമറിക്കാന്‍ കരുത്തുള്ള ടീമാണ് ഉക്രെയ്്ന്. എക്ട്രാ ടൈമിലേക്ക് നീങ്ങിയ പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഉക്രെയ്ന് അവസാന എട്ട് ടീമുകളില്‍ ഒന്നായത്. ക്യാപ്റ്റന്‍ ആന്‍ഡ്രി യാര്ലോളങ്കോവ്, ഇലിയ സബാറി, റോമന്‍ യാരേംചുക്ക് എന്നിവരാണ് ഉക്രെയ്നിന്റെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: