എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്സി പൊതു പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കുറി ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിദ്യാര്‍ത്ഥികളെ കുറച്ചൊന്നുമല്ല ബാധിക്കുക. പരീക്ഷകള്‍ ഉദാരമായി നടത്തിയതിനാലാണ് ഗ്രേസ് മാര്‍ക്ക് നല്‍കാത്തതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. നാഷണല്‍ സര്‍വീസ് സ്കീം, (എന്‍എസ്എസ്), എന്‍സിസി, എസ്പിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, കലോത്സവങ്ങള്‍, കായിക മത്സരങ്ങള്‍, ശാസ്ത്രമേള തുടങ്ങിയവയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നിഷേധിക്കപ്പെടുന്നത്. കൊവിഡ്കാല പ്രശ്നങ്ങള്‍ ആര്‍ക്കും മനസ്സിലാകും. പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗം കണ്ടെത്തുകയാണ് വേണ്ടത്.
ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് വിവേചനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. കൊവിഡ് കാലത്ത് സീറോ അക്കാദമിക് ഇയര്‍ ആയതുകൊണ്ട് ഗ്രേസ് മാര്‍ക്ക് നല്‍കാനാവില്ലെന്ന നിലപാടും ശരിയല്ല. എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്നത് മാര്‍ക്ക് നിഷേധത്തിന് ന്യായീകരണമല്ല. ഒമ്പതാം ക്ലാസില്‍ അവരുടെ ജില്ലാ തലത്തിലെ യോഗ്യത കണക്കിലെടുത്താല്‍ മതിയാകും. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന തീരുമാനത്തെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.
ഗ്രേസ് മാര്‍ക്ക് നിഷേധം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക. ഈ വസ്തുത സര്‍ക്കാര്‍ വേണ്ടവിധം കണക്കിലെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോള്‍ പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയവരാണ്. ഈ പ്രകടനം വിലയിരുത്തി ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കാവുന്നതേയുള്ളൂ. കൊവിഡ് കാലത്ത് ക്ലാസുകള്‍ ഇല്ലാതിരുന്നിട്ടും എന്‍എസ്എസ്, എന്‍സിസി, സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ വിഭാഗത്തിലെ കുട്ടികള്‍ ക്വാറന്റൈന് സെന്ററുകളില്‍ ഉള്‍പ്പെടെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചവരാണ്. ആ സേവനം അംഗീകരിക്കപ്പെടണം. ഗ്രേസ് മാര്‍ക്ക് നല്കാതിരിക്കുന്നതിലൂടെ ഈ വിദ്യാര്‍ത്ഥികളെ ഫലത്തില്‍ വഞ്ചിക്കുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുക. കലോത്സവങ്ങള്‍ക്കും സ്കൂള്‍ കായിക മേളകള്‍ക്കുമായി ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫണ്ട് ശേഖരിച്ചതിനുശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
ഗ്രേസ് മാര്‍ക്ക് വേണ്ടെന്ന തീരുമാനത്തില്‍ അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നു കഴിഞ്ഞു. ഭരണപക്ഷത്തെ അധ്യാപക സംഘടനകള്‍ക്കുപോലും ഇതാണ് അഭിപ്രായമെന്ന് അറിയുന്നു. വിദ്യാഭ്യാസ രംഗത്തെ തീരുമാനങ്ങള്‍, അത് എത്ര ചെറിയ കാര്യത്തിലാണെങ്കിലും അവധാനതയോടെ മാത്രമേ എടുക്കാന്‍ പാടുള്ളൂ. കാരണം അത് ഭാവിതലമുറയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് അര്‍ഹമായ ശ്രദ്ധയും പരിഗണനയും ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് പലപ്പോഴും ലഭിക്കാറില്ല. വിദ്യാഭ്യാസ മന്ത്രിയായി വരുന്നവര്‍ തനി രാഷ്ട്രീയക്കാരായതിനാല്‍ ദീര്‍ഘവീക്ഷണത്തോടെ ഭാവാത്മകമായ പരിപാടികള്‍ ആവിഷ്കരിക്കാന്‍ കഴിയുന്നില്ല. സര്‍വജ്ഞപീഠമൊന്നും കയറിയിട്ടില്ലെങ്കിലും മനുഷ്യനെ അറിയാമെന്നാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടുത്തിടെ പറഞ്ഞത്. വാചകക്കസര്‍ത്തുകള്‍ വിദ്യാഭ്യാസരംഗം മികച്ചതാക്കാന്‍ ഉപകരിക്കില്ല. ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനം വിദ്യാഭ്യാസ മന്ത്രി മുന്‍കയ്യെടുത്ത് പുനഃപരിശോധിക്കുകയും അതിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കുകയുമാണ് ഇന്നത്തെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: