കോഴിക്കോട്: തുറമുഖ വകുപ്പ് മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍ കോവിലിനെതിരെ വിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തകര്‍. മന്ത്രി മുസ്ലീം ലീഗിന്റെ കയ്യിലെ കളിപ്പാവയാണെന്ന് കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്ത കോടിക്കല്‍ ഭാഗത്തെ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് പരാതി നല്കി. മന്ത്രിയുടെ പരിപാടികള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പകരം ലീഗ് പ്രവര്‍ത്തകരെയാണ് അറിയിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പല ഒദ്യോഗിക പരിപാടിക്കും അഹമ്മദ് ദേവര്‍ കോവില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ വാഹന അകമ്പടിയോടെയാണ് എത്തുന്നത്. ഇരിങ്ങലില്‍ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴും കോടിക്കല്‍ മേഖല സന്ദര്‍ശിച്ചപ്പോഴും ഇത് വ്യക്തമായിരുന്നു. പ്രദേശികമായ കാര്യങ്ങള്‍ക്ക് മന്ത്രി മുസ്ലിം ലീഗ് പ്രവര്ത്തകരുമായാണു മന്ത്രി ബന്ധപ്പെടുന്നത് എന്നും പാര്‍ട്ടി അനുകൂല വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ആക്ഷേപം ഉയരുന്നുണ്ട്.
കൊടീക്കല് സന്ദര്‍ശിച്ച വേളയില്‍ മുസ്ലീംലീഗിന്റെ പ്രവര്‍ത്തകര്‍ മുപ്പതോളം ഇരുചക്രവാഹനങ്ങളില്‍ മന്ത്രിക്ക് അകമ്പടി ഒരുക്കി. ഇത് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: