തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന റോഡ് നിര്‍മ്മാണ കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റിലെ റിട്ട. ചീഫ് എഞ്ചിനീയറെ ശിക്ഷിച്ചു. യുപി സ്വദേശി ഷൈലേന്ദ്ര കുമാറിനെയാണ് തിരുവനന്തപുരം സിബിഐ കോടതി നാലു വര്‍ഷം കഠിന തടവനുഭവിക്കാനും 1.5 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷം അധിക തടവനുഭവിക്കാനും സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടു.
2015 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ക്വാളിറ്റി മോണിറ്ററിംഗ് വിഭാഗത്തിലാണ് ഷൈലേന്ദ്രകുമാര്‍ ജോലി ചെയ്തത്. നാഷണല്‍ റൂറല്‍ റോഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഗ്രാമീണ റോഡ് നിര്‍മ്മാണം നിരീക്ഷിക്കാനായി ഷൈലേന്ദ്ര കുമാറിനെ നിയമിച്ചത്.
ജനുവരി 11 മുതല്‍ 22 വരെ ഇദ്ദേഹം പരിശോധന നടത്തി. കരാറുകാര്‍ക്ക് ബില്‍ തുക സര്‍ക്കാരില്‍ നിന്നും കിട്ടുന്നതിന് ഷൈലേന്ദ്ര കുമാറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിലേക്കായി പ്രതി വാങ്ങിയെന്നാരോപിക്കുന്ന കൈക്കൂലിപ്പണമായ 1, 65, 500 രൂപ, പാരിതോഷികമായി വാങ്ങിയ കിലോക്കണക്കിന് കശുവണ്ടികള്‍, സാരികള്‍ എന്നിവ പ്രതിയുടെ റൂമില്‍ നിന്ന് സിബിഐ കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2015 സെപ്റ്റംബര്‍ 3 ന് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇന്നലെ ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: