കോഴിക്കോട്: കോഴിക്കോട് ഏഴിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതു കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ഡിസിപി. കോഴിക്കോട് ടൗണിലും ഉള്‍പ്രദേശങ്ങളിലുമായി ഏഴിടങ്ങളില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിസിപി സ്വപ്നില്‍ എം. മഹാജന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. രണ്ടു പേര് ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ ഉടന്‍ പിടികൂടുമെന്നും ഡിസിപി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തൂര്‍ സ്വദേശി ജുറൈസാണ് അറസ്റ്റിലായത്.
ഹുണ്ടി ഫോണ്‍ എന്ന പേരിലറിയപ്പെടുന്ന സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചാണ് ഇന്നലെ കോഴിക്കോട് പൊലീസും ഐ.ബി ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്. ടെലികോം റെഗുലേറ്ററി അതോറ്റിയെ മറികടന്ന് നടത്തിയ പ്രവര്‍ത്തനമായതിനാലാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ കൂടി പരിശോധനയില്‍ പങ്കെടുത്തത്. ഈ എക്സ്ചേഞ്ച് വഴി വിളിച്ച ഫോണ്‍ നമ്പരുകള്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കും. ഇത്രയും എക്സേഞ്ചുകള് പ്രവര്‍ത്തിച്ചതിനു പിന്നില്‍ വലിയ ദുരൂഹതയുണ്ട്. അടുത്തിടെ ബംഗളൂരുവിലും സമാനമായ കേസ് കണ്ടെത്തിയിരുന്നു. അന്ന് അറസ്റ്റിലായതില്‍ മലപ്പുറം സ്വദേശിയും ഉള്‍പ്പെട്ടിരുന്നു.
സംഭവത്തില്‍ തീവ്രവാദബന്ധമുണ്ടോയെന്നും അന്വേഷിക്കകയാണെന്ന് ഡിസിപി. ടെലഫോണ്‍ എക്സ്ചേഞ്ചുകള്‍ ഭീകരപ്രവര്‍ത്തനത്തിനു വേണ്ടി ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി. പരിശോധനയില്‍ 713 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തു. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന. നഗരത്തില്‍ കണ്ടെത്തിയ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചിലൂടെ നടന്നത് വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകളുടെ കൈമാറ്റമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇത്തരം കോളുകള്‍ കുഴല്‍പണ ഇടപാടിനായും അല്ലെങ്കില്‍ മറ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: