മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവ് ശരത് പവാറിന്റെ മരുമകനുമായ അജിത് പവാറിന്റെ പേരിലുള്ള 65 കോടിയുടെ പഞ്ചസാര ഫാക്ടറി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മഹാരാഷ്ട സഹകരണബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. അജിത് പവാറിന്റെയും ഭാര്യയുടെയും പേരിലുള്ളതാണ് ഈ പഞ്ചസാര ഫാക്ടറി.
ഭൂമി. കെട്ടിടങ്ങള്‍, പ്ലാന്റ്, യന്ത്രസാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ സഠാറയിലെ ജരന്ധേശ്വര്‍ പഞ്ചസാര ഫാക്ടറിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവരസ്വത്തുക്കളും ഇഡി കണ്ടുകെട്ടി. 2010ല്‍ ഈ പഞ്ചസാര ഫാക്ടറി ലേലത്തില്വിറ്റപ്പോള് വിപണി വിലയേക്കാള്‍ എത്രയോ കുറഞ്ഞ വിലക്കാണ് വിറ്റുപോയത്. അന്ന് അജിത് പവാര്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഇദ്ദേഹത്തിന് വേണ്ടിയാണ് ലേലത്തില്‍ തിരിമറി നടത്തിയതെന്ന് ഇഡി കണ്ടെത്തി.
അജിത് പവാറിന്റെയും ഭാര്യ സുനേത്ര പവാറിന്റെയും ഉടമസ്ഥതയിലുള്ള സ്പാര്‍ക്ളിംഗ് സോയില്‍ പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് ജരന്ധേശ്വര്‍ സഹകാരി ഷുഗര്‍ കര്‍ഖാന (ജരന്ധേശ്വര്‍ എസ്എസ്കെ) വാങ്ങാനുള്ള പണം എത്തിയത്.
മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ സ്ഫോടകവസ്തുക്കള്‍ എത്തിച്ച മുംബൈ പൊലീസ് ഓഫീസര്‍ സച്ചിന് വാസെയുമായുള്ള അജിത് പവാറിന്റെ ബന്ധം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇഡിയുടെ ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: