ന്യൂദല്‍ഹി : ബാങ്ക് വായ്പ്പയെടുത്ത് ഇന്ത്യയില്‍ നിന്നും മുങ്ങിയ വിവാദ രത്ന വ്യാപാരി നീരവ് മോദിയുടെ 17.25 കോടി എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. നീരവ് മോദിയുടെ സഹോദരി പൂര്‍വി മോദിയുടെ പേരില്‍ യുകെയിലുണ്ടായിരുന്ന ബാങ്ക് നിക്ഷേപമായ 2,316,889 ഡോളറാണ് ഇത്. നീരവ് മോദിയാണ് സഹോദരിയുടെ പേരിലുള്ള ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് നീരവാണ്.
പൂര്‍വി മോദി തന്നെയാണ് ഈ ബാങ്ക് അക്കൗണ്ടിനെ കുറിച്ച് എന്‍ഫോഴ്സ്മെന്റിനെ അറിച്ചത്. പിന്നീട് ഈ പണം കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 13,500കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ നേരത്തെ പൂര്‍വ്വിയേയും ഭര്‍ത്താവ് മായങ്ക് മേത്തയേയും കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു. ജനുവരി നാലിനാണ് ഇവരുടെ അപേക്ഷ കോടതി പരിഗണിച്ചത്. അക്കൗണ്ടിലെ പണം പൂര്‍വ്വിയുടേതല്ലെന്നും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരവ് മോദി ആണെന്നും ഇഡി പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ബെല്‍ജിയന്‍ പൗരയാണ് പൂര്‍വി. ഇവരുടെ ഭര്‍ത്താവായ മായങ്ക് ഐറിഷ് പൗരനാണ്. പൂര്‍വിയുടെയും, അവരുടെ പേരില്‍ ഉണ്ടാക്കിയ കമ്പനിയുടെയും മറവില്‍ നീരവ് മോദി നിയമവിരുദ്ധമായി ഉണ്ടാക്കിയ പണമാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ജൂണ്‍ 24 നാണ് പൂര്‍വിക്ക് തന്റെ പേരില്‍ അക്കൗണ്ടുള്ള വിവരം അറിവായത്. തുടര്‍ന്ന് ഇക്കാര്യം എന്‍ഫോഴ്സ്മെന്റിനെ വിളിച്ചറിയിക്കുകയായിരുന്നു. നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ടതായാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ഈ പണം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി നീരവ് മോദിയുടെ 2,400 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. മെഹുല്‍ ചോക്സിയേയും നീരവ് മോദിയേയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: