ബംഗളൂരു: 2020 ഓഗസ്റ്റ് 11ന് നടന്ന ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സയീദ് അബ്ബാസിനെ ബംഗളുരൂവിലെ എന്‍ഐഎയുടെ പ്രത്യേക കോടതി ആറുദിവസത്തേക്ക് അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 11ന് നടന്ന പൊലീസ് വെടിവയ്പില്‍ നാലുപേര്‍ മരിച്ചിരുന്നു. ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസ് എംഎല്‍എ അഖന്ത ശ്രീനിവാസ മൂര്‍ത്തിയുടെ വീടും ആള്‍ക്കൂട്ടം ആക്രമിച്ചതിനെത്തുടര്‍ന്നായിരുന്നു പൊലീസ് വെടിവയ്പുണ്ടായത്. എംഎല്‍എയുടെ ബന്ധുവിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പേരിലായിരുന്നു അക്രമങ്ങള്‍. സെപ്റ്റംബര്‍ 22ന് ബംഗളൂരു പൊലീസില്‍നിന്ന് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു.
തുടര്‍ന്ന് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ 138 പേരെ പ്രതി ചേര്‍ത്തു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ബംഗളൂരു വാര്‍ഡ് നഗവര പ്രസിഡന്റാണ് സയീദ് അബ്ബാസ് എന്ന് എന്‍ഐഎ പറയുന്നു. കലാപം ആസുത്രണം ചെയ്ത ഇയാളും കൂട്ടാളികളും കെജി ഹള്ളി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിലും വാഹനങ്ങള്‍ കത്തിക്കുന്നതിലും സജീവമായി പങ്കെടുത്തുവെന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായി.
കേസിനെക്കുറിച്ചുള്ള എന്‍ഐഎയുടെ പ്രസ്താവന ഇങ്ങനെ:’കഡുഗൊണ്ടന ഹള്ളി(കെജി ഹള്ളി) പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്, ബംഗളൂരുവില്‍ 11.08.2020 രാത്രി കെജി ഹള്ളി പൊലീസ് സ്റ്റേഷന് പുറത്ത് മാരകായുധങ്ങളുമായി നിയമവിരുദ്ധമായി കൂട്ടംകൂടിയ അക്രമാസക്തരായ ആള്‍ക്കൂട്ടം കലാപം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ആള്‍ക്കൂട്ടം നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പെട്രോള്‍ ബോംബ് ഉപയോഗിച്ച് കെജി ഹള്ളി പൊലീസ് സ്റ്റേഷന് തീയിട്ടു. പൊലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിച്ച് തീവച്ചു’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: