മൂന്നാര്‍: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനൊപ്പം ഇടമലക്കുടിയിലേക്ക് എത്തിയ വ്ളോഗര്‍ സുജിത്ത് ഭക്തന് യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച. എല്ലാം അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു. എംപി പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തതിനാല്‍ നടപടി എടുക്കാനാകാതെ കുഴയുകയാണ് വനംവകുപ്പ്.
ഡീന്‍ കുര്യാക്കോസ് എംപിയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 27ന് ആണ് ട്രൈബല്‍ സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് തുടങ്ങുന്നതിനായുള്ള ടിവിയും അനുബന്ധ ഉപകരണങ്ങളും നല്‍കുന്നതിനായി സംഘം ഇടമലക്കുടിയിലേക്ക് എത്തിയത്.
എംപിയുടെ നേതൃത്വത്തില്‍ പത്ത് പേര് സ്ഥലത്ത് പോകുന്നതിനായി ഡിഎഫ്ഒയുടെ അനുമതി തേടിയിരുന്നു. ഇത് പ്രകാരം ഡിഎഫ്ഒ മൂന്നാര്‍ റേഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശവും നല്കി. ഇദ്ദേഹം അറിയിച്ചത് പ്രകാരം ഇരവികുളം ദേശീയോദ്ധ്യാനം അധികൃതര്‍ ഇവര്‍ക്ക് പോകാന്‍ അനുമതി നല്കി. ഇടക്കുള്ള കണ്ണന് ദേവന് കമ്പനിയുടെ ചെക്ക് പോസ്റ്റും കടന്നാണ് സംഘം പോയത്. പെട്ടിമുടിയിലെത്തിയ ശേഷം ദുര്‍ഘട പാതയിലൂടെ 2.30 മണിക്കൂറോളം യാത്ര വനംവകുപ്പിന്റെ തന്നെ ജീപ്പിലാണ് സംഘം പോയത്. ഈ ദൃശ്യങ്ങളെല്ലാം വീഡിയോയിലുണ്ട്. പുറത്ത് നിന്നുള്ളവര്‍ക്ക് കര്‍ശനമായി പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് വ്ളോഗര്‍ കാമറയുമയെത്തി ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടത്.
കൊവിഡ് ഇല്ലാത്ത സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടെന്ന് കുടിയിലെ ഊരുക്കൂട്ടവും തിരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് വനഭൂമിയില്‍ കയറി വീഡിയോ ചിത്രീകരിച്ചത്. ഈ സമയത്തെല്ലാം വനംവകുപ്പിന്റെ ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹത്തെ വിളിച്ച് മേലുദ്യോഗസ്ഥര്‍ കാര്യം തിരക്കിയതും വേണ്ട നിര്‍ദേശം നല്‍കിയതുമില്ല. എംപിയുടെ ഒപ്പം പോയതിനാലും അദ്ദേഹം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തതിനാലും ഇക്കാര്യത്തില്‍ എന്ത് നടപടി എടുക്കണമെന്നതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിയമോപദേശം തേടിയിരിക്കുകയാണ് റേഞ്ച് ഓഫീസര്‍.
വനത്തിനുള്ളില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനും (സിനിമ, ഡോക്യുമെന്ററി പോലുള്ളവ) ഡിഎഫ്ഒയുടെ അനുവദി വാങ്ങണം. ഇതിനായി ഒരു ദിവസത്തേക്ക് 19,000 രൂപ കെട്ടിവയ്ക്കണമെന്നാണ് ചട്ടം. ഉള്‍വനത്തില്‍ ആണ് ചിത്രീകരണമെങ്കില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി തേടേണ്ടതുമുണ്ട്. സംഭവത്തില്‍ കൊവിഡ് പ്രോട്രോക്കോള്‍ ലംഘനം ഉണ്ടോ എന്നതറിയാന്‍ പോലീസും പരിശോധന നടത്തി വരികയാണ്.
ദേശീയ പട്ടികവര്‍ഗ കമ്മീഷന് പരാതി
ഇടമലക്കുടിയില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ യുടൂബ് വ്ളോഗര്‍ അനുമതിയില്ലാതെ പ്രവേശിച്ച സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന് ചെയര്മാന് പരാതി നല്കി. പ്രകൃതി സംരക്ഷണവേദി സംസ്ഥാന ചെയര്‍മാനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം.എന്‍. ജയചന്ദ്രന് ആണ് പരാതി സമര്‍പ്പിച്ചത്.
പ്രാദേശികമായി നിരോധനമുള്ള മേഖലയില്‍ അനുമതിയില്ലാതെ പ്രവേശിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊവിഡ് മാനദണ്ഡം പ്രകാരം ഇവിടേക്കുള്ള പ്രവേശനം വിലക്കിയത് തദ്ദേശീയ ഊരുകൂട്ടത്തിലെ മൂപ്പന്മാരുടെ തീരുമാനം പ്രകാരമാണ്. ഈ നിയമം മറ്റേത് നിയമത്തേക്കാള്‍ അവരുടെ മേഖലയില്‍ ബാധകമാണ്. ഇക്കാര്യം ലംഘിച്ചത് വഴി അവരുടെ അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണ് നടന്നിരിക്കുന്നത്.
ബോധപൂര്‍വം കുടിക്കാരുടെ ജീവിതരീതിയും സംസ്കാരവും ആചാരവും നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. കച്ചവട താല്പര്യമാണ് ഇതിന് പിന്നില്‍. സഹായം നല്കാനായിരുന്നെങ്കില് ഇത് മൂന്നാറില്‍ വെച്ച് ആകാമായിരുന്നു. ഇടുക്കി എംപി ഇത് ചെയ്തതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. ഇടമലക്കുടിയെ ടൂറിസ്റ്റ് കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടുത്തെ ദൃശ്യങ്ങള്‍ പുറത്തെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: