കശ്മീരിന്റെ ധന്യപാരമ്പര്യത്തിന്റെ ചരിത്രരേഖയാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ കല്ഹണന് രചിച്ച സംസ്കൃത കൃതി ‘രാജതരംഗിണി’. ആ ഗ്രന്ഥത്തിന് രഞ്ജിത് സീതാറാം പണ്ഡിത് തയാറാക്കിയ ഇംഗ്ലീഷ് പരിഭാഷയുടെ അവതാരികയില്‍ അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മി പണ്ഡിറ്റിന്റെ സഹോദരന് ജവഹര്‍ലാല്‍ നെഹ്റു എഴുതി: ‘കശ്മീരിനെയും അതിന്റെ മനംമയക്കുന്ന സൗന്ദര്യത്തികവിനെയും എന്നും പ്രേമിക്കുന്ന എന്റെ ഉള്ളിന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്നതും ഒട്ടുമുക്കാലും ഞാന്‍ മറന്നു പോയതുമായ എന്തോ ചിലത്, ഒരിക്കല്‍ ജന്മ നാടായിരുന്ന, എന്നോ ഒരിക്കല്‍ ഞങ്ങള്‍ വിട്ടു പോന്ന, ആ നാടിന്റെ വിളികേട്ട് ഇളകുന്നു. ആ വിളിയോട് ഞാന്‍ പ്രതികരിക്കേണ്ടതു പോലെ പ്രതികരിക്കാന്‍ കഴിയാത്തതുകൊണ്ട് അത് കേവലം സ്വപ്നങ്ങളും മോഹങ്ങളുമാക്കി മനസ്സിലൊതുക്കുകയേ എനിക്ക് നിവൃത്തിയുള്ളു.’ യാദൃച്ഛികമാണെങ്കിലും, കശ്മീരിന്റെ ചരിത്രം പരിഭാഷപ്പെടുത്തിയ സീതാറാം പണ്ഡിത്തും കശ്മീരിലേക്ക് ചരിത്രം രചിക്കാന്‍ കടന്നു ചെന്ന ഡോ ശ്യാമ പ്രസാദ് മുഖര്‍ജിയെ പോലെ ഭരണകൂടം ഒരുക്കിയ തടവില്‍ കൊല്ലപ്പെടുകയായിരുന്നു.
സീതാറാം പണ്ഡിത് 1944ല്‍ ലഖ്നൗവിലെ ബ്രിട്ടീഷ് ജയിലില്‍ മരുന്നും ചികിത്സയും കിട്ടാതെ മരിക്കുകയായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന വിന്സ്റ്റന് ചര്‍ച്ചില്‍, 1948ല്‍ അദ്ദേഹത്തിന്റെടുത്ത് സൗഹൃദ സന്ദര്‍ശനത്തിനെത്തിയ വിജയലക്ഷ്മി പണ്ഡിറ്റിനോട്, ആ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം അംഗീകരിച്ചു കൊണ്ട് തങ്ങള്‍ സീതാറാമിനെ കൊല്ലുകയായിരുന്നെന്ന് ക്ഷമാപണ സൂചകമായി ഏറ്റു പറഞ്ഞെന്ന് രേഖകളിലുണ്ട്. കശ്മീരിലേക്ക് കടന്നു ചെന്ന ഡോ ശ്യാമ പ്രസാദ് മുഖര്‍ജിയെ പ്രധാനമന്ത്രി നെഹ്രുവും ‘പ്രധാന മന്ത്രി’ ഷേക്ക് അബ്ദുള്ളയും ചേര്‍ന്ന് തടവിലാക്കി ഇല്ലാതാക്കുകയായിരുന്നു. ആ കുറ്റം ഏറ്റു പറഞ്ഞ് ഭാരതത്തോട് ക്ഷമ ചോദിക്കുവാന്‍ നെഹ്രു തയാറായിട്ടുപോലും ഇല്ല.
വിഭാഗീയതയുടെ വിത്തുപാകി മഹാരാജാ ഹരി സിങ്ങിനെ നിഷ്കാസിതനാക്കി സിംഹാസനം പിടിക്കാന്‍ 1920കളുടെ അവസാനം മുതല്‍ കുതന്ത്രങ്ങള്‍ ആരംഭിച്ച ഷേക്ക് അബ്ദുള്ളയ്ക്ക് നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ (വിശേഷിച്ചും 1940കളില്‍) വേണ്ട പിന്തുണ നല്‍കിയത് കമ്യൂണിസ്റ്റുകളായിരുന്നു. 1944ല്‍ ഷേക്ക് അബ്ദുള്ള മുന്നോട്ടു വെച്ച കശ്മീര്‍ മാനിഫെസ്റ്റോ പോലും കമ്യൂണിസ്റ്റുകളുടെ സംഭാവനയായിരുന്നു. കമ്യൂണിസ്റ്റ് പക്ഷപാതിയായ ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ആന്‍ഡ്രൂ വൈറ്റ്ഹെഡ്, കശ്മീര്‍ യൂണിവേഴ്സിറ്റിയിലെ ഒരു പ്രഭാഷണവേളയില്‍, എവിടെ നിന്നാണ് കശ്മീര്‍ മാനിഫെസ്റ്റോ വന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത് ഇങ്ങനെയാണ്: ‘നിങ്ങള്‍ സ്റ്റാലിന്റെ ഭരണഘടന ഒരു കയ്യിലും ‘ന്യൂ കഷ്മീര്‍ മാനിഫെസ്റ്റോ’ മറു കയ്യിലും എടുത്താല്‍ അത് ഒരു വെട്ടിയൊട്ടിച്ച സൃഷ്ടിയാണെന്നു പറയും. ചില ഖണ്ഡികകളാണെങ്കില്‍ മൊത്തം കോപ്പിയടിച്ചതാണ്. അവിടെ നിന്നാണ് ഈ ആശയങ്ങളൊക്കെ വന്നത്.’
ഭാരതം സ്വതന്ത്രയാകുന്ന സാഹചര്യത്തില്‍ പലതായി പിരിഞ്ഞ് ദുര്‍ബല ചെറുരാജ്യങ്ങളായി മാറുന്നതിലായിരുന്നു കമ്യൂണിസ്റ്റുകള്‍ക്ക് താത്പര്യം. തന്ത്രപ്രധാനമായ കശ്മീരില്‍ സ്റ്റാലിന്റെ സ്വാധീനത്തോടെ ഷേക്ക് അബ്ദുള്ളയുടെ ഭരണമുണ്ടായാല്‍ കാലക്രമേണ സോവിയറ്റ് ഇടപെടലിലൂടെ ഭാരതത്തിലും പാക്കിസ്ഥാനിലുമെല്ലാം ചുവപ്പ് കൊടിനാട്ടാമെന്ന കുതന്ത്രമായിരുന്നിരിക്കണം അവരുടെ രണതന്ത്രം. (വിജയിച്ചാല്‍ സ്റ്റാലിന് സ്വന്തം സാമ്രാജ്യമാക്കി മാറ്റുമോ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാരെ ഭരണം ഏല്‍പ്പിക്കുമോയെന്ന് ചിന്തിക്കുവാന്‍, പ്രത്യയശാസ്ത്രപരമായി മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട മാക്സിസറ്റുകാര്‍ തയാറില്ലായെന്നതാണ് ഏറ്റവും വിചിത്രം!). അങ്ങനെയൊരു രണതന്ത്രത്തിന്റെ ഭാഗമായാണ് ഭാരതീയ ദേശീയതയുടെ അടിസ്ഥാന ശക്തിസ്രോതസ്സായ ഹൈന്ദവസമൂഹത്തെ എതിര്‍ക്കുകയും ഹിന്ദുവിനെ എതിര്‍ക്കുന്ന ഇസ്ലാമികവര്‍ഗീയതയെയും വിഘടനവാദത്തെയും അനുകൂലിക്കുകയും ചെയ്യുന്ന അടവു നയം അവര്‍ക്ക് പ്രിയപ്പെട്ടതായി മാറിയത്. ജിന്നയുടെ പാക്കിസ്ഥാന് മോഹത്തിനും ഷേക്ക്അബ്ദുള്ളയുടെ വേറിട്ടൊരു കശ്മീര്‍ മോഹത്തിനും സഖാക്കള്‍ കൂടെ നിന്നതിനെ ആ പശ്ചാത്തലത്തില്‍ വേണം പഠിച്ചറിയേണ്ടത്.
സ്വാതന്ത്യത്തിനുശേഷം ആദ്യ ദശകത്തിലെ സോവിയറ്റ് നീക്കങ്ങളും ആ വഴിക്കായിരുന്നു. അതിനിടെ പാക്കിസ്ഥാന് അമേരിക്കന്‍ പക്ഷത്തായതോടെ ഭാരതത്തിലേക്കായി സോവിയറ്റ് ചാരക്കണ്ണായ കെജിബിയുടെ നോട്ടം മുഴുവന്‍. ഇടതു പക്ഷ സഹയാത്രികനെന്ന് നടിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനു പോലും കമ്യൂണിസ്റ്റു കുതന്ത്രങ്ങളില്‍ പിടിച്ചു നില്‍ക്കുന്നതിന് ചില കടുത്ത നിലപാടുകള്‍ എടുക്കേണ്ടതായി വന്നു. അങ്ങനെയാണ് 1953ല്‍ ഷേക്ക് അബ്ദുള്ളയെ തടവിലാക്കേണ്ടതായും 1959ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടേണ്ടതായും വന്നത്. എം ഒ മത്തായിയെന്ന അമേരിക്കയുടെ പഴയ ജീവനക്കാരനിലൂടെ സിഐഎയുടെ സ്വാധീനം നെഹ്രുവിന്റെ ഭരണസംവിധാനത്തിലേക്കും മകള്‍ ഇന്ദിരയിലേക്കും ആഴത്തിലിറങ്ങിയെത്തിയതോടെ പ്രതിപ്രവര്‍ത്തനവുമായി കെജിബി സജീവമായിരുന്നതിന്റെ ചരിത്രം മിത്രോക്കിന്‍ രേഖകളിലൂടെ ഇന്ന് ലഭ്യമാണ്. മത്തായിയൂടെ സ്വാധീനത്തില്‍ നിന്ന് ഇന്ദിരയെ സ്വതന്ത്രയാക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ അവസാനം വിജയിച്ചു; നെഹ്രുവിന്റെ അധികാരകേന്ദ്രത്തില്‍ നിന്നും മത്തായി പറിച്ചെറിയപ്പെടുകയും ചെയ്തു. പക്ഷേ അതിന് മുമ്പുതന്നെ ഷേക്ക് അബ്ദുള്ള അകത്തായതും (തടവില്‍) ഇഎംഎസ്സ് ഭരണത്തില്‍ നിന്ന് പുറത്തായതും സോവിയറ്റ് യൂണിയന്റെയും ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകളുടെയും രണതന്ത്രത്തിന് തിരിച്ചടിയായി.
അതേ ദശകത്തില്‍ (1950കളില്‍) ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് മറ്റൊരു സ്വപ്നം കാണാനവസരമുണ്ടായി. കമ്യൂണിസ്റ്റ് ചൈന ടിബറ്റ് കയ്യേറിയതോടെ ഭാരത്തിന്റെ അതിര്‍ത്തിയിലെത്തി. ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഭാരതം പിടിച്ചെടുക്കാന്‍ പുതിയ ഒരു പോര്‍മുഖം തുടങ്ങിയതിന്റെ ആവേശമായി. അതേ തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോ അംഗം ബി.ടി. രണദിവേ 1959ല്‍ ചൈനീസ് അംബാസിഡറെ പോയിക്കണ്ടതെന്നും പിന്നീട് 1962ലെ ചൈനാ ആക്രമണത്തിന്റെ കാലത്തെ ചാരപ്പണിക്ക് സഖാക്കള്‍ ഒരുങ്ങിയതെന്നും ഓര്‍ക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍, കശ്മീരിലെ വിഘടനവാദികള്‍ക്കൊപ്പം നില്ക്കുന്ന കമ്യൂണിസ്റ്റ് പക്ഷ രാഷ്ട്രീയത്തിന് ആ പാര്‍ട്ടിയുടെ ഭാരതത്തിലെ ജനനത്തോളം പഴക്കമുണ്ട്. ‘ഭാരത് തേരേ ടുക്ക്ടേ ഹോംഗേ ഇന്ഷാ അള്ളാ ഇന്ഷാ അള്ളാ’ എന്ന് ‘ബ്രേക്ക് ഇന്‍ഡ്യാ’ കൂട്ടായ്മയ്ക്കൊപ്പം നിന്ന് മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റ് സഖാക്കളായ യുവാക്കളും, വിദ്യാര്‍ത്ഥികളും രാജ്യദ്രോഹത്തിന്റെ ശപിക്കപ്പെട്ട ഒരു പാരമ്പര്യത്തിന്റെ പിന്തുടര്ച്ച മാത്രമാണ്.
പഴയകാലത്തെ കമ്യൂണിസ്റ്റുകള്‍ ചെയ്തതും രാജ്യ ദ്രോഹമായിരുന്നെങ്കിലും അവരുടെ ലക്ഷ്യമതായിരുന്നില്ല. മാര്‍ക്സിയന്‍ പ്രത്യയയശാസ്ത്രം അടിസ്ഥാനവര്‍ഗവിമോചനത്തിന് ഉതകുമെന്ന തെറ്റിദ്ധാരണയില്‍ ഭാരതത്തില്‍ കമ്യൂണിസം കൊണ്ടുവരുവാന്‍ സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും സഹായം തേടിയവരായിരുന്നു അവര്‍. പക്ഷേ സോവിയറ്റ് സാമ്രാജ്യത്വം തകരുകയും ചൈനയുടെ കമ്യൂണിസ്റ്റ് പൊയ്മുഖം അഴിഞ്ഞു വീണ് അവരുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാമ്രാജ്യത്വ വികസനലക്ഷ്യം പ്രകടമായിക്കഴിയുകയും ചെയ്ത വര്‍ത്തമാന കാലത്തും ചൈനയ്ക്കും പാക്കിസ്ഥാനുമൊപ്പം നില്‍ക്കുന്നതിന്റെ പിന്നില്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധതയല്ല മറിച്ച് ചെയ്യുന്ന ജോലിക്ക് കിട്ടുന്ന കൂലി തന്നെയാണ് പ്രധാനം.
അതവിടെ നില്ക്കട്ടെ. ഏക ഭാരതം, പുതിയ കശ്മീര്‍ എന്ന ലക്ഷ്യത്തിനായി ‘ദില്ലി കീ ദൂരീ ഔര്‍ ദില്‍കീ ദൂരീ ഹടാനാ ഹേ!’ (ദില്ലിയിലേക്കുള്ള ദൂരവും മനസ്സുകള്‍ തമ്മിലുള്ള അകലവും കുറയ്ക്കണം) എന്ന് നിശ്ചയിച്ചാണ് കശ്മീര്‍ രാഷ്ട്രീയ നേതാക്കളെ ഇപ്പോള്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മറ്റുമ്പോള്‍തന്നെ അടര്‍ന്നു മാറുവാന്‍ ഇടവരുത്താതെ ഉടച്ചു ചേര്‍ക്കുവാനാണ് ‘ഉടച്ചു വാര്‍ക്കലിന്റെ പെരുന്തച്ചന്’ നരേന്ദ്ര മോദി നിശ്ചയിച്ചുറച്ചതെന്ന് വ്യക്തമായിരുന്നു.
ജമ്മു-കശ്മീര്‍ വിഷയത്തില്‍ അര്‍ത്ഥ പൂര്‍ണ്ണമായ ചര്‍ച്ചയ്ക്കുള്ള ശരിയായ സന്ദര്‍ഭമായിയെന്ന് മോദി ഭരണകൂടം കണക്കു കൂട്ടി. പ്രതിപക്ഷ പ്രതികരണ രീതികള്‍ അത് ശരിവെച്ചു. 1919 ആഗസ്റ്റ് 5ലെ പാര്‍ലമെന്റ് നടപടികളുടെ കാര്യം സുപ്രീം കോടതി തീരുമാനിക്കട്ടെയെന്ന ധാരണയില്‍ ആ വിഷയം ചര്‍ച്ചയില്‍ വിഷയമായതേയില്ല. ഗുലാം നബി ആസാദ് അവതരിപ്പിച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ചയുടെ അന്തരീക്ഷം മലീമസപ്പെടുത്തുന്നതായിരുന്നില്ല. സംസ്ഥാന പദവി തിരികെ നല്‍കുന്നതിനുള്ള തീരുമാനം വേഗമാക്കുവാനുള്ള മനസ്സ് പ്രധാനമന്ത്രി വ്യക്തമാക്കി. ഡീലിമിറ്റേഷനും തിരഞ്ഞെടുപ്പും കഴിഞ്ഞ് സംസ്ഥാനപദവിയെ കുറിച്ച് ചിന്തിക്കാമെന്ന് ഭരണപക്ഷം വാഗ്ദാനം ചെയ്തപ്പോള്‍ സംസ്ഥാനപദവി ആദ്യം, തിരഞ്ഞെടുപ്പ് രണ്ടാമത്, ഡീലിമിറ്റേഷന്‍ മൂന്നാമതെന്നതായി ഒമര്‍ അബ്ദുള്ളയുടെ പക്ഷം. 1981ലെ സെന്‍സസ് അടിസ്ഥാനമാക്കി 1995ലാണ് അവിടെ അവസാനമായി നിയോജകമണ്ഡല പുനര്‍ നിര്‍ണ്ണയം നടന്നത്. 1991ലെ സെന്‍സസ് അവിടെ നടന്നില്ല. 2001ലെ സെന്‍സസിനു ശേഷം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടന്നതു പോലെ ഡീലിമിറ്റേഷന്‍ നടക്കാതെ 2026നു ശേഷമുള്ള സെന്‍സസിനും ശേഷം മതിയെന്ന ഫറൂഖ് അബ്ദുള്ളാ സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണത്തില്‍ ഒമര്‍ അബ്ദുള്ളാ നേട്ടം കാണുന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: