കോട്ടയം: ആര്‍ആര്‍ഐഐ 105 എന്ന റബ്ബറിനത്തിലെ മുഴുവന്‍ ജീനുകളുടെയും ശ്രേണീകരണത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് കോട്ടയത്തെ ഭാരതീയ റബ്ബര്‍ ഗവേഷണ കേന്ദ്രം. റബ്ബറിന്റെ ജനിതക വികസനവുമായി ബന്ധപ്പെട്ട് ഉത്പാദനവര്ദ്ധനവിനുള്ള ഗവേഷണങ്ങള്‍ അതിവേഗം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് ഈ കണ്ടെത്തല്‍ ഏറെ സഹായകമാകുമെന്ന് ചെയര്‍മാനും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയെയും രോഗകീടബാധയേയും ചെറുക്കുന്ന ഇനങ്ങളുടെ ഗവേഷണങ്ങള്‍ക്കും ഇത് ഒരുപോലെ പ്രയോജനം ചെയ്യും.
ആര്‍ആര്‍ഐഐ 105 ന്റെ 1.47 ജിഗാബേസസ് വലിപ്പമുള്ള ജനിതക ശൃംഖലയുടെ 94 ശതമാനവും ശ്രേണീകരിക്കുക വഴി ഗവേഷണരംഗത്ത് വലിയ നേട്ടമാണ് റബ്ബര്‍ ഗവേഷണകേന്ദ്രം കൈവരിച്ചത്. ഇലൂമിനാ, പാക്ക്ബയോ, റോഷെ 454 തുടങ്ങിയ എന്‍ജിഎസ് സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിച്ചത്. ഇത്തരത്തില്‍ ഉരുത്തിരിച്ചെടുത്ത ഡാറ്റാ ഉയര്‍ന്ന ഗുണനിലവാരമുള്ളതും റബ്ബര്‍ ജിനോമിന്റെ 200 മടങ്ങ് വാല്യമുള്ളതുമാണ്. ഇന്ത്യയില്‍ മറ്റ് വിളകളില്‍ നടന്നിട്ടുള്ള ജനിതകശ്രേണീകരണത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നാണ് റബ്ബറിന്റെ കാര്യത്തില്‍ സാധ്യമായത്.
റബ്ബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബിന്റെ നേതൃത്വത്തില്‍ ഡോ. ആര്.ജി. കല, ഡോ. താക്കൂര്‍ദാസ് സാഹ, ഡോ. എ. തുളസീധരന്‍, ആര്. അനന്തരമണന്, ഡോ. കെ.യു. തോമസ്, ഡോ. ബിന്ദു റോയ്, ഡോ. എം.ബി. മുഹമ്മദ് സാദിഖ്, ഡോ. മോളി തോമസ്, ഡോ. ഷാജി ഫിലിപ്പ്, മിനിമോള്‍ രവീന്ദ്രന് എന്നിവരടങ്ങുന്ന സംഘമാണ് ഗവേഷണത്തില്‍ പങ്കെടുത്തത്.
ഒരു ജീവിയുടെ എല്ലാ ജീനുകളും ഉള്‍പ്പെട്ട ഡിഎന്‍എയുടെ ശ്രേണിയെയാണ് ജീനോം അഥവാ ജനിതകശ്രേണി എന്ന് വിളിക്കുന്നത്. ജീവജാലങ്ങളുടെ വളര്‍ച്ചക്കും പ്രത്യുത്പാദനത്തിനും വേണ്ട എല്ലാ വിവരങ്ങളും ജീനോമില്‍ ഉണ്ടായിരിക്കും. ഓരോ ജീനും ഉണ്ടാക്കിയിരിക്കുന്നത് നാലുമൂല തന്മാത്രകള് ചേര്‍ന്നാണ്. ഈ തന്മാത്രകളെ ന്യൂക്ലിയോറ്റൈഡ് ബേസ് എന്ന് വിളിക്കുന്നു. ഈ ബേസുകളുടെ എണ്ണവും ക്രമീകരണത്തിലുള്ള വൈവിധ്യവുമാണ് ഓരോ ജീനിനേയും നിര്‍വ്വചിച്ചിരിക്കുന്നത്
സാധാരണയായി അത്യത്പാദനശേഷിയുള്ള റബ്ബര്‍ ക്ലോണുകള്‍ വികസിപ്പിക്കുന്നതിന് വിത്തുശേഖരണം മുതല്‍ കര്‍ഷകരില്‍ എത്തിക്കുന്നത് വരെയുള്ള കാലതാമസം 20-25 വര്‍ഷം വരെ എടുക്കും. ഇത് പകുതിയായി കുറയ്ക്കാന്‍ ഈ കണ്ടെത്തല്‍കൊണ്ട് കഴിയും. രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനും ഉതകുന്ന ജീനുകളെ കണ്ടെത്തുന്നതിന് ജനിതകശ്രേണീകരണം ഉപയോഗപ്പെടുത്താവുന്നതും അതുവഴി അത്യതുപാദനശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ മെച്ചപ്പെട്ട റബ്ബറിനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും കഴിയും. നൂതന സവിശേഷധകളുള്ള ജിഎ. റബ്ബര്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയ്ക്കാം. നൂതന സാങ്കേതിക വിദ്യയായ ജീന്‍ എഡിറ്റിങ് സാധ്യമാക്കുന്നതിനുള്ള പാത തുറന്നു തരുന്നു.
ഇപ്പോള്‍ ഉരുത്തിരിച്ചെടുത്ത ജനിതകശ്രേണി ഉപയോഗിച്ച് ഉത്പാദനവര്‍ദ്ധനവ്, രോഗപ്രതിരോധശേഷി, കാലാവസ്ഥാപ്രതിരോധം എന്നീ ഉപയോഗപ്രദമായ പല ജീനുകളെ കണ്ടെത്തി മെച്ചപ്പെട്ട ക്ലോണുകളെ ചെറുപ്രായത്തില്‍ തന്നെ തെരഞ്ഞെടുക്കാനും കര്‍ഷകര്‍ക്ക് കാലതാസമില്ലാതെ പുതിയ ഇനം ക്ലോണുകള്‍ നല്‍കാനും കഴിയും. ഈ പ്രൊജക്ടിന്റെ പൂര്‍ത്തീകരണം മൂലം റബ്ബര്‍ കൃഷിയിലും ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഇന്ത്യ മറ്റു രാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തുന്ന തരത്തിലുള്ള ഗവേഷണങ്ങള്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. ചൈന, മലേഷ്യ, തായ്വാന്, ജപ്പാന് എന്നീ രാജ്യങ്ങളാണ് നേരത്തെ റബ്ബര്‍ മരത്തിന്റെ ജനിതകശ്രേണി ഉരുത്തിരിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: