കൊച്ചി: ഇടക്കാലത്തെ ഒരൂ മാന്ദ്യത്തിന് ശേഷം കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത് കുതിക്കുന്നു. കോവിഡ് രണ്ടാം തരംഗം ഏതാണ്ട് അവസാനിച്ചതോടെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കൊച്ചിയില്‍ നിന്ന് മാത്രം പിടി കൂടിയ സ്വര്‍ണ്ണം മാത്രം 10.5 കിലോഗ്രാം വരും. കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് ഏകദേശം ആറ് പേരെയും അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിമാനസര്‍വ്വീസ് പുനരാരംഭിച്ചതോടെയാണ് വീണ്ടും സ്വര്‍ണ്ണക്കള്ളക്കടത്ത് ശക്തമായത്.
ദിവസേന രണ്ടു മുതല്‍ മൂന്ന് വരെ സ്വര്‍ണ്ണക്കടത്ത് ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂണ്‍ 22ന് മാത്രം കോഴിക്കോട് വിമാനത്താവളത്തില്‍ അഞ്ച് സ്വര്‍ണ്ണക്കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് എയറിന്ത്യ എക്സ്പ്രസില്‍ വന്നിറങ്ങിയ മൂന്ന് യാത്രക്കാരില്‍ നിന്നായി 7.8 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ലോക്ഡൗണിന് ശേഷം കള്ളക്കടത്തുകാര്‍ക്കിടയില്‍ കൂടുതല്‍ സ്വര്‍ണ്ണം എത്തിക്കാനുള്ള ആവേശം കൂടിയതായി തോന്നുന്നുവെന്ന് ഒരു ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന് പറയുന്നു.
സ്വര്‍ണ്ണവില വിപണിയില്‍ സുസ്ഥിരമായതും കടത്ത് കൂടാന്‍ കാരണമായി. ഇപ്പോള്‍ 46,000 മുതല്‍ 50,000 രൂപ വരെയാണ് വിപണി വില. ഈ അവസരം പരമാവധി സ്വര്‍ണ്ണം വിപണിയിലെത്തിച്ച് മുതലാക്കാനാണ് സ്വര്‍ണ്ണക്കടത്തുകാരുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: