കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന 3,000 ഇന്ത്യക്കാരും അവിടുത്തെ ഇസ്ലാമിക തീവ്രവാദികളുടെ കരിനിഴലിലാണെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഈ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എംബസി പുറത്തിറക്കിയ 13-താക്കീതുകളടങ്ങിയ മുന്നറിയിപ്പില്‍ പറയുന്നു.
റോഡരികില്‍ ഐഇഡികള്‍ ഉപയോഗിച്ചുള്ള പൊട്ടിത്തെറികള്‍ പതിവായിരിക്കുന്നു. സാധാരണ ജനങ്ങളുടെ വാഹനങ്ങളില്‍ മാഗ്നറ്റിക് ഐഇഡി ഉപയോഗിച്ചും പൊട്ടിത്തെറികള്‍ നടത്തുകയാണ് തീവ്രവാദികള്‍.
അതിനാല്‍ സുരക്ഷയെക്കുറിച്ച് അങ്ങേയറ്റം ജാഗരൂകരായിരിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഇന്ത്യന്‍ പൗരന്മാരോട് എംബസി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ ക്രമസമാധാന നില അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. താലിബാനും ഐഎസും അഫ്ഗാന് സൈന്യവുമായി അതിശക്തമായ പോരാട്ടം നടക്കുകയാണ്. പല നഗരങ്ങളിലും താലിബാന് ആധിപത്യം ഏറ്റെടുത്ത് കഴിഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നുവെങ്കില്‍ അത് അങ്ങേയറ്റം ശ്രദ്ധയോടെ നിര്‍വ്വഹിക്കണമെന്നും ഇന്ത്യന്‍ എംബസി ഉപദേശിച്ചു. അഫ്ഗാന് പ്രതിരോധന സേന, സുരക്ഷാ സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമല്ല, സാധാരണപൗരന്മാരെയും ആക്രമിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
രണ്ട് ദശകമായി ഇവിടെയുണ്ടായിരുന്ന യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ താലിബാനും ഐഎസും ഉഗ്രശക്തിയോടെ അഫ്ഗാന് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: