ശ്രീനഗര്‍ : ജമ്മുകശ്മീര്‍ സൈനിക മേഖലയ്ക്ക് സമീപത്തായി സുരക്ഷാ സൈനികര്‍ വീണ്ടും ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മിരാന്‍ സാഹിബ്, കലുചക്, കുഞ്ജാവനി മേഖലകളിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഇതോടെ ഈ മേഖലയില്‍ ശക്തമായ സുരക്ഷ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ 4.40നാണ് കലുചകില്‍ ഡ്രോണ്‍ കണ്ടത്. 4.52ന് കുഞ്ജാവനിയിലും ഡ്രോണ്‍ കണ്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ നിന്നും ഏഴ് ഡ്രോണുകളാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ഉപയോഗിച്ച് ജമ്മുവിലെ സൈനിക വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ രണ്ട് സൈനികര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരക്കും തകരാര്‍ സംഭവിച്ചിരുന്നു.
തൊട്ടുപിന്നാലെ, തിങ്കളാഴ്ച പുലര്‍ച്ചെ കലുചക്- രത്നുചക് മേഖലയില്‍ സൈനിക കേന്ദ്രത്തിന് സമീപം കണ്ടെത്തിയ ഡ്രോണുകള്‍ കണ്ടെത്തിയെങ്കിലും സൈന്യം അതിനു നേരെ വെടിയുതിര്‍ത്തു. ചൊവ്വാഴ്ച രത്നുചാക്-കുഞ്ജാവനി മേഖലയിലാണ് മൂന്നു തവണയായി ഡ്രോണ്‍ കണ്ടത്.
അതേസമയം സൈനിക മേഖലകളില്‍ ഇത്തരത്തില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പാക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടത്തുന്ന സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: