ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിന് വിതരണം ചിലര്‍ ‘ആപ്പി’ലാക്കി അട്ടിമറിക്കുന്നതായി ആക്ഷേപം. വാക്സിന് വിതരണം സുതാര്യമല്ലെന്നും സാധാരണക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും ആക്ഷേപം ഉയരുന്നതിനിടെയാണ് ആരോപണവുമായി ആരോഗ്യവിഭാഗം തന്നെ രംഗത്തെത്തിയത്. ജില്ലയ്ക്ക് അനുവദിക്കുന്ന കോവിഡ് വാക്സിന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രത്യേക ആപ്പ് വഴി സംഘടിതമായി കൊണ്ടുപോകുന്നുവെന്ന് സംശയമുണ്ടെന്ന് കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉന്നതതലങ്ങളില്‍ പരാതി നല്കി.
20,000 ഡോസ്, 17000 ഡോസ് എന്നിങ്ങനെ ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഔദ്യോഗികമായി അറിയിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കയറുന്നവര്‍ക്ക് സ്ലോട്ട് കിട്ടുന്നില്ല. വാക്സിന് തീര്‍ന്നതായുള്ള വിവരമാണ് പിന്നീട് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത വാക്സിന് എടുക്കാന്‍ എത്തുന്നതാകട്ടെ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആളുകള്‍ എത്തിയതോടെയാണ് ആരോഗ്യ വകുപ്പിന് സംശയം ബലപ്പെടുന്നത്. ജില്ലയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നുള്ളൂവെന്നതും പുറമേ നിന്ന് എത്തുന്നവരുടെ എണ്ണവും തട്ടിച്ച് നോക്കിയതോടെ രജിസ്ട്രേഷന് പിന്നില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടെന്ന് വ്യക്തമായി.
വാക്സിന് സ്റ്റോക്ക് കാണിക്കുന്ന നിമിഷം തന്നെ ആയിരക്കണക്കിന് വാക്സിന് ആവിയായ പോകുന്നതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് പ്രത്യേക ആപ്പ് ഉപയോഗിച്ച് സംഘടിതമായിട്ട് ആരോ വാക്സിന് കവരുന്നതിന്റെ സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്ലോട്ട് കിട്ടാതെ വരുന്നതോടെ ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തിരുന്നു. മുന്‍ഗണനാ വിഭാഗത്തിന്റെ മറവില്‍ ജനപ്രതിനിധികളും ഇടത് നേതാക്കളുമെല്ലാം തങ്ങളുടെ ഇഷ്ടക്കാര്‍ക്കും മറ്റ് സ്വാധീനമുള്ളവര്‍ക്കും വാക്സിന് മറുവഴിയിലൂടെ നല്‍കുന്നുവെന്നായിരുന്നു ആക്ഷേപം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നുവെന്ന വസ്തുത അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ മറുവഴിയിലൂടെ എത്ര വാക്സിന് കുറഞ്ഞാലും ജില്ലയിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വാക്സിന് ഇല്ലാതെ പോകുന്നതിന്റെ കാരണമാണ് സംശയം ജനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: