ബുക്കാറസ്റ്റ്: കാല്‍പ്പന്തുകളിയുടെ സൗന്ദര്യം മുഴുവന്‍ നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന് പുറത്തേക്കുള്ള വഴി തുറന്ന് സ്വിറ്റ്സര്‍ലന്‍ഡ് യൂറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സ്വിസ് പട വീരേതിഹാസം രചിച്ചത്.
ഫ്രാന്‍സിനായി അഞ്ചാമത്തെ കിക്കെടുത്ത കിലിയന്‍ എംബാപ്പെയുടെ ഷോട്ട് തടഞ്ഞ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ ടീമിനെ അവസാന എട്ടിലെത്തിച്ചു. 1938നു ശേഷം ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ നോക്കൗട്ട് മത്സരം ജയിക്കുന്നത്. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പെയിനാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.
നിശ്ചിതസമയത്തും അധിക സമയത്തും ഇരു ടീമുകളും 3-3ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഗവ്രാനോവിച്ച്, ഫാബിയാന്‍ ഷാര്, അകാന്‍ജി, വാര്‍ഗാസ്, അഡ്മിര്‍ മെഹ്മെദി എന്നിവര്‍ സ്വിസ് പടയ്ക്കായി ലക്ഷ്യം കണ്ടു. ഫ്രാന്‍സിനായി പോഗ്ബ, ജിറൂദ്, മാര്‍ക്കസ് തുറാം, കിംപെംബെ എന്നിവര്‍ക്ക് ലക്ഷ്യം കാണാനായപ്പോള്‍ അഞ്ചാം കിക്കെടുത്ത എംബാപ്പെയ്ക്ക് പിഴച്ചു.
അവസാന പത്ത് മിനിറ്റിനിടെ രണ്ട് തവണ ഫ്രാന്‍സ് വല കുലുക്കിയാണ് സ്വിറ്റ്സര്‍ലന്‍ഡ് നിശ്ചിത സമയത്ത് സമനില പിടിച്ചുവാങ്ങിയത്. കളിയുടെ 80-ാം മിനിറ്റു വരെ ഫ്രാന്‍സ് 3-1ന് മുന്നിലായിരുന്നു. എന്നാല്‍ അവസാന പത്ത് മിനിറ്റിനിടെ സെഫറോവിച്ചും മരിയോ ഗവ്രാനോവിച്ചും ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസിനെ കീഴ്പ്പെടുത്തിയതോടെയാണ് നിശ്ചിത സമയത്ത് കളി സമനിലയിലായത്. സ്വിറ്റ്സര്‍ലന്‍ഡിനായി ഹാരിസ് സെഫറോവിച്ചും ഫ്രാന്‍സിനായി കരീം ബെന്‍സേമയും ഇരട്ട ഗോളുകള്‍ നേടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്രാന്‍സ് മൂന്നെണ്ണം തിരിച്ചടിച്ചത്. കളിയുടെ 15-ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആദ്യ ഗോള്‍ നേടിയത് സെഫറോവിച്ചിലൂടെയാണ്. പിന്നീട് രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ സൂപ്പര്‍ താരം കരിം ബെന്‍സേമ രണ്ട് തവണ ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സ് 2-1ന് മുന്നില്‍. 75-ാം മിനിറ്റില്‍ മറ്റൊരു സൂപ്പര്‍ താരം പോള്‍ പോഗ്ബയും ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സ് 3-1ന് മുന്നില്‍. ഇതോടെ ഫ്രാന്‍സ് അനായാസ ജയം പ്രതീക്ഷിച്ചു. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ പോരാട്ടവീര്യം ലോകചാമ്പ്യന്മാര് കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 81-ാം മിനിറ്റില്‍ സെഫറോവിച്ചും 90-ാം മിനിറ്റില്‍ മരിയോ ഗവ്രാനോവിച്ചും ഫ്രഞ്ച് വല കുലുക്കിയതോടെ കളി അധിക സമയത്തേക്ക് നീളുകയായിരുന്നു.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഫ്രാന്‍സായിരുന്നു മുന്നില്‍. 26 ഷോട്ടുകളാണ് ഫ്രാന്‍സ് ആകെ പായിച്ചത്. 12 ഷോട്ടുകള്‍ സ്വിസ് പോരാളികളും ഉതിര്‍ത്തു. അതിവേഗത്തിലുള്ള പ്രത്യാക്രമണമായിരുന്നു സ്വിസ് താരങ്ങള്‍ നടത്തിയത്.
കളിയുടെ രണ്ടാം മിനിറ്റല്‍ തന്നെ ഫ്രാന്‍സ് നല്ലൊരു അവസരം ലഭിച്ചു. ഗ്രിസ്മാന്റെ ക്രോസിന് റാഫേല്‍ വരാനെ തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 15-ാം മിനിറ്റില്‍ സ്വിസ് ലീഡ് നേടി. ബോക്സിന്റെ ഇടതുഭാഗത്തു നിന്ന് സ്റ്റീവന്‍ സുബര്‍ നീട്ടി നല്കിയ ഒരു ക്രോസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് യാതൊരു അവസരവും നല്‍കാതെ ഹാരിസ് സെഫറോവിച്ച് പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചു.
ആദ്യ പകുതിയില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ മുന്നിട്ടുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങളൊന്നും ഫ്രാന്‍സിന് നടത്താന്‍ സാധിച്ചില്ല. എംബാപ്പെയുടെ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഫ്രാന്‍സിന് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. എംബാപ്പെയ്ക്കാകട്ടെ ഫിനിഷിങ്ങും പിഴച്ചു. ഇതോടെ ആദ്യ പകുതിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ദെഷാംപ്സ് ലെങ്ലെറ്റിന് പകരം കിങ്സ്ലി കോമാനെ ഇറക്കിയതോടെ ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്ക് ലക്ഷ്യബോധം കൈവന്നെങ്കിലും ലീഡ് ഉയര്‍ത്താനുള്ള അവസരം ലഭിച്ചത് സ്വിസ് ടീമിനായിരുന്നു. 52-ാം മിനിറ്റില്‍ അവര്‍ക്ക് ഒരു പെനല്‍റ്റി ലഭിച്ചു. സ്റ്റീഫന്‍ സുബറിനെ ബെഞ്ചമിന്‍ പവാര്‍ഡ് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍, കിക്കെടുത്ത റിക്കാര്‍ഡോ റോഡ്രിഗസിന്റെ ദുര്‍ബലമായ ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. 57-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ ഫ്രാന്‍സ് സമനില ഗോള്‍ കണ്ടെത്തി. എംബാപ്പെ ബോക്സിലേക്ക് നീട്ടിയ പന്ത് സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറിന് തടയാന്‍ അവസരം ലഭിക്കും മുമ്പ് ബെന്‍സേമ വലയിലേക്ക് ചിപ് ചെയ്തു. തൊട്ടുപിന്നാലെ ബെന്‍സേമ രണ്ടാം ഗോളും നേടി. എംബാപ്പെയും ഗ്രിസ്മാനും ബെന്‍സേമയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി മുന്നേറിയ ഗ്രിസ്മാന്റെ പാസ് സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറിന്റെ ഗ്ലൗസില്‍ തട്ടി നേരേ ബെന്‍സേമയിലേക്ക്. പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് ബെന്‍സേമ പന്ത് തലകൊണ്ട് വലയിലെത്തിച്ചു. പിന്നീട് ആക്രമണങ്ങള്‍ ശക്തമാക്കിയ ഫ്രാന്‍സ് 75-ാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ തകര്‍പ്പന്‍ ഗോളില്‍ ലീഡുയര്‍ത്തി. ബോക്സിന് പുറത്തുനിന്നുള്ള താരത്തിന്റെ ബുള്ളറ്റ് ലോങ് റേഞ്ചര്‍ സോമറിനെ നിഷ്പ്രഭനാക്കി വലയിലെത്തുകയായിരുന്നു. എന്നാല്‍ 81-ാം മിനിറ്റില്‍ കെവിന് എംബാബുവിന്റെ ക്രോസ് വലയിലെത്തിച്ച സെഫെറോവിച്ച് സ്വിസ് ടീമിന് പ്രതീക്ഷ നല്കി. 90-ാം മിനിറ്റില്‍ ഗ്രാനിറ്റ് ഷാക്കയുടെ പാസില്‍ നിന്ന് മാരിയോ ഗവ്രാനോവിച്ചും സ്കോര്‍ ചെയ്തതോടെ കളി അധികസമയത്തേക്ക്.
അധികസമയത്തും ഇരുടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. അധിക സമയത്തിന്റെ അവസാന മിനിറ്റില്‍ ഒളിവര്‍ ജിറൂദിന്റെ ഹെഡര്‍ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമ്മര്‍ രക്ഷപ്പെടുത്തി. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ നാല് കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചു. എന്നാല്‍, അഞ്ചാം കിക്കെടുത്ത എംബപ്പെയുടെ ഷോട്ട് സ്വിസ് ഗോളി രക്ഷപ്പെടുത്തുകയും സ്വിസിന്റെ അവസാന കിക്കെടുത്ത അഡ്മിര്‍ മെഹ്മെദി ലക്ഷ്യം കാണുകയും ചെയതതോടെ നിലവിലെ ലോക ചാമ്പ്യന്മാര് യൂറോയുടെ ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: