മരട്: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആളും ആരവവും ഒഴിഞ്ഞ് ‘മറൈന്‍ വോക് വേ’. കുണ്ടന്നൂര്‍ നിന്ന് വെല്ലിങ്ടണ്‍ ഐലന്റിലേക്കുള്ള സീ പോര്‍ട്ട് – എയര്‍പ്പോര്‍ട്ട് റോഡിലെ വിശാലമായ നടപ്പാതയോടു കൂടിയ വിശ്രമ – വിനോദ കേന്ദ്രമാണ് മാസങ്ങളായി നിശ്ചലമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.05 കോടി രൂപ മുടക്കിയാണ് ‘കോപ്റ്റ് അവന്യൂ’ എന്ന പേരില്‍ റേഡിന്റെ ഒരു വശത്തായി വിശ്രമ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനായിരുന്നു നിര്‍മാണ ചുമതല. മാരിടൈം സര്‍വകലാശാലയുടെ എതിര്‍വശം മുതല്‍ തോപ്പുംപടി ബിഒടി പാലം വരെ മൂന്നു കിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് വാക് വേ. ചുറ്റിനും ടൈലുകള്‍ പാകിയ കിലോമീറ്ററുകള്‍ നീണ്ട നടപ്പാതയാണ് ഏറെ സവിശേഷതയുള്ളത്. ഒരറ്റത്ത് കഫറ്റേരിയകളുണ്ട്. വിശാലമായ പുല്‍ത്തകിടിയും, കുട്ടികള്‍ക്കുള്ള വിനോദ സാമഗ്രികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കായലിനഭിമുഖമായി ഇരുന്ന് കാറ്റേറ്റ് പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറൈന്‍ വോക് വേ യില്‍ എത്തിയാല്‍മതി. കാറുകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും, സന്ദര്‍ശകര്‍ക്ക് അത്യാവശ്യം ഉപയോഗിക്കാന്‍ ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ നടപ്പാതയെ പ്രകാശപൂരിതമാക്കാന്‍ നിരവധി വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ്’ രണ്ടാം തരംഗം തുടങ്ങുന്നതിന് മുന്‍പായി കുറച്ചു ദിവസം പ്രഭാതസവാരിക്കും മറ്റും അനുമതി നല്‍കിയിരുന്നെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സന്ദര്‍ശകര്‍ക്ക് പോലീസ് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ആളൊഞ്ഞതിനാല്‍ ചില ഭാഗങ്ങളില്‍ പുല്ലും മറ്റും വളര്‍ന്ന് കാടുകയറാന്‍ തുടങ്ങിയിട്ടുണ്ട്. വീണ്ടും വോക് – വേ സജീവമാവുന്ന ദിവസങ്ങള്‍ കാത്തിരിക്കുകയാണ് സന്ദര്‍ശകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: