തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ്. ബുധനാഴ്ച രാവിലെ 11ന് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്ജുന് ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുന്നത്. അതേസമയം അര്ജുന് തെളിവുകള്‍ ഒളിപ്പിച്ചാണ് ചോദ്യം ചെയ്യലിന് എത്തിയതെന്നും സൂചനയുണ്ട്.
ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍ അര്ജുന് ഇവയൊന്നും ഹാജരാക്കിയിരുന്നില്ല. മൊബൈല്‍ഫോണുകളും പാസ്പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നുമാണ് അര്ജുന് അന്വേഷണ സ്ംഘം മുമ്പാകെ മൊഴി നല്‍കിയത്.
ഫോണ്‍ രേഖ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ 10 ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. ഇത് കൂടാതെ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചില്‍ എത്തിച്ച് അര്‍ജുനൊപ്പം ചോദ്യം ചെയ്യും.
അതിനിടെ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തില്‍ ടിപി കേസ് പ്രതികള്‍ക്ക് പങ്കുള്ളതായും ശബ്ദരേഖ പുറത്തുവന്നു. സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സപ് ഓഡിയോ പുറത്ത് വന്നത്. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നും ഇതില്‍ പറയുന്നുണ്ട്.
ടിപി കേസില്‍ പരോളില്‍ ഇറങ്ങിയ ഷാഫി ക്യാരിയര്‍ക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വര്‍ണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്നമുണ്ടാക്കിയാല്‍ കൊടി സുനി ഫോണ്‍ ചെയ്യുമെന്നും ഓഡിയോയിലുണ്ട്. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: