പറവൂര്‍: നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചും കൊവിഡ് പരിശോധനയിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപെട്ട് കോണ്‍ഗ്രസ് വിമതനായി ജയിച്ച ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജോബി പഞ്ഞിക്കാരന്‍ നഗരസഭ ഓഫിസിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി.
എട്ടര ലക്ഷം രൂപ ചെലവിട്ടാണു വാട്ടര്‍ എടിഎം സ്ഥാപിച്ചത്. ഇതിന്റെ പകുതി തുകയ്ക്ക് ആശുപത്രിയുടെ എല്ലാ വാര്‍ഡിലേക്കും സോളര്‍ വാട്ടര്‍ ഹീറ്റര്‍ ഉപയോഗിച്ചു വാട്ടര്‍ പ്യൂരിഫയറുകളിലൂടെ ചൂടുവെള്ളം നല്കാന് കഴിയുമെന്നിരിക്കെ അധിക തുക മുടക്കി വാട്ടര്‍ എടിഎം സ്ഥാപിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജോബി പഞ്ഞിക്കാരന്‍ ആവശ്യപ്പെട്ടു.
ഒരു രൂപ നാണയം ഇട്ടാല്‍ ഒരു ലിറ്റര്‍ വെള്ളവും അഞ്ച് രൂപ നാണയം ഇട്ടാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും ലഭിക്കുന്ന തരത്തിലാണ് വാട്ടര്‍ എടിഎമ്മിന്റ പ്രവര്‍ത്തനം. താലൂക്ക് ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരില്‍ നിന്ന് കുടിവെള്ളത്തിനായി നഗരസഭ പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജോബി പറഞ്ഞു.
കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയ രണ്ടുപേരുടെ ഫലം പോസിറ്റീവ് ആയി. അവര്‍ പുറമേയുള്ള രണ്ട് ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ആശുപത്രിയിലെ കൊവിഡ് പരിശോധനയിലെ അപാകതകള്‍ പരിഹരിക്കാന്‍ നഗരസഭ ഭരണ നേതൃത്വം ഇടപെടുന്നില്ലെന്നും, പരിശോധനയില്‍ ഗുണനിലവാരം ഉറപ്പാക്കണമെന്നും ജോബി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: