ആത്മദര്‍ശനത്തിന് ഏതൊരു സാധകനും സ്വാതന്ത്ര്യമുണ്ട്, അവകാശമുണ്ട്. ക്ഷിതിയിലെ മര്‍ത്ത്യജീവിതത്തില്‍ സുഖവും ദുഃഖവും പുണ്യവും പാപവുമുണ്ട്. അധര്‍മവും ധര്‍മവുമുണ്ട്. അന്തരീക്ഷവായുവില്‍ സുഗന്ധവും ദുര്‍ഗന്ധവുമുണ്ട്. ബ്രഹ്മജ്ഞാനലബ്ധിയാല്‍ ഈ ദ്വന്ദ്വങ്ങളെല്ലാം ഇല്ലാതാവും. ആ ദിവ്യാനുഭൂതിയില്‍ നിത്യശാന്തിയും അദൈ്വതഭാവവും അനുഭവപ്പെടും. ആ അവസ്ഥയിലെത്താന്‍ നാലുസാധനാപാഠങ്ങള്‍ മുണ്ഡകം വിധിക്കുന്നു.
സത്യം, തപസ്സ്, ജ്ഞാനം, ബ്രഹ്മചര്യം എന്നിവയാണ് നാലുസാധനാപാഠങ്ങളെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലൊ. ആദ്യത്തേത് സത്യം, മൂന്നാം മുണ്ഡകത്തിലെ ഒന്നാം ഖണ്ഡത്തിലെ ആറാം പദ്യം സത്യദര്‍ശനമാണ്.
‘സത്യമേവജയതേ നാനൃതം
സത്യേനപന്ഥാ വിതതോ ദേവയാനഃ
യേനാക്രമന്തി ഋഷയോ ഹ്യാ
പ്തകാമാഃ
യന്ത്ര തത്‌സത്യസ്യ പരമം നിധാനം
അര്‍ത്ഥം: സത്യം തന്നെ ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല. സത്യംകൊണ്ട് ദേവയാനം എന്ന മാര്‍ഗം വിസ്തൃതമായിരിക്കുന്നു. യാതൊരു മാര്‍ഗത്തിലൂടെ ആഗ്രഹങ്ങളെല്ലാം നേടിയ ഋഷിമാര്‍, യാതൊരിടത്ത് ഗമിക്കുന്നുവോ ആ സ്ഥാനം സത്യത്തിന്റെ ഉത്കൃഷ്ടമായ ഇടം ആകുന്നു.
സത്യമേവ ജയതേ, നാനൃതം – ഭാരതരാഷ്‌ട്രത്തിന്റെ തിരുനെറ്റിച്ചാര്‍ത്താണീ സൂക്തം. കിഴക്കും പടിഞ്ഞാറും ഈ ദിവ്യസന്ദേശത്തെ നെഞ്ചേറ്റിലാളിക്കുന്നു. ആത്മദര്‍ശനത്തിനുള്ള ഉപാധികളില്‍ പ്രധാനമായ സത്യത്തിന്റെ മഹാത്മ്യത്തെ വിശദമാക്കുകയാണ് ഈ മന്ത്രഭാഗം. സത്യം ജയിക്കുന്നു എന്നല്ല സത്യം മാത്രമേ ജയിക്കുന്നുള്ള എന്നതാണ് ഋഷികവി അരുളുന്നത്. ‘അനൃതം’ ഒരിക്കലും ജയിക്കുകയില്ല എന്ന ദൃഢപ്രസ്താവത്തിലേക്കാണ് ‘ഏവ’ ശബ്ദം നയിക്കുന്നത്.
ഇവിടെ രണ്ടുപദങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് സത്യം; രണ്ട് അനൃതം. ഋതം എന്നാല്‍ സത്യം, അനൃതമെന്നാല്‍ അസത്യം എന്ന് നമുക്കാദ്യം പറയാം. രണ്ടിന്റെയും നിര്‍വചനമിങ്ങനെ.
സത്യം യഥാര്‍ത്ഥം വചസാഭാഷിതം
ഋതം യഥാര്‍ത്ഥം മനസാ ചിന്തിതം
യാഥാര്‍ത്ഥ്യം വാക്കുകളാല്‍ പറയുന്നതാണ് സത്യം. ‘സത്യം വദ’ ഓര്‍ക്കുക. സത്യം പറയാനുള്ളതാണ്. ഋതമോ? യാഥാര്‍ത്ഥ്യം മനസ്സില്‍ ഒളിഞ്ഞിരിക്കലാണ്. ഋതവും സത്യവും തമ്മിലുള്ള അകലം കൂടുന്നില്ലേ? യഥാര്‍ത്ഥസത്യം പലകാരണങ്ങളാല്‍ മമതാബന്ധങ്ങളാല്‍ പറയാന്‍ കഴിയാതെപോവുക. ‘ന അനൃതം’ എന്ന് ഋഷി പറയുമ്പോള്‍ ഏതുകള്ളവും പൊളിയുമെന്ന ധ്വനിയുണ്ട്. അറിയുന്നനേര് പറയാനാവാതെ വരുന്നതും ധര്‍മസങ്കടംതന്നെ.
സത്യവാദികള്‍ക്കുമാത്രമേ ആത്യന്തികമായ വിജയം ലഭിക്കുകയുള്ളു എന്ന് പ്രത്യയസ്ഥൈര്യത്തോടെ പ്രഖ്യാപിക്കുകയാണ് ഋഷി. പ്രാതിഭാസികസത്യമോ വ്യാവഹാരികസത്യമോ ശാശ്വതജയത്തിലെത്തില്ല. പാരമാര്‍ത്ഥികസത്യം വൈകിപ്പോയാലും അതുമാത്രമേ വിജയിക്കൂ. മനസ്സിലും വാക്കിലും പ്രവൃത്തിയിലും ഏകാത്മകത്വം ശീലിക്കുന്നതാണ് ആധ്യാത്മികതയിലെ സത്യം.
ശ്രീരാമകൃഷ്ണവചനം ഇവിടെ ഓര്‍മിയ്‌ക്കാവുന്നതാണ്. ”സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ടിരുന്നാല്‍ ഭഗവാനെ പ്രാപിക്കാന്‍ കഴിയും. സത്യത്തിലുള്ള പിടി അയഞ്ഞു പോയാല്‍ ഒക്കെയും തുലഞ്ഞുപോകും.”
മനസ്സിനേയും ഇന്ദ്രിയങ്ങളേയും ബാഹ്യവിഷയങ്ങളില്‍നിന്നും വ്യവര്‍ത്തിപ്പിച്ച് ആധ്യാത്മിക വിഷയത്തില്‍ ഏകാഗ്രമാക്കിത്തീര്‍ക്കലാണ് തപസ്സ്. ഈശ്വരന്‍ മാത്രമാണ് പരമമായ സത്യം എന്ന തിരിച്ചറിവാണ് സമൃഗ്ജ്ഞാനം. മനോനിയന്ത്രണംകൊണ്ടുള്ള വീര്യസംഭരണമാണ് ബ്രഹ്മചര്യം.
അംഗിരസ്സ് ശൗനകനോട് വിശദമായിത്തന്നെ സംസാരിക്കുന്നു. അണോരണീയാന്‍ മഹതോമഹീയാന്‍ എന്ന് കഠോപനിഷത്ത് പറഞ്ഞത് മുണ്ഡകം ആവര്‍ത്തിക്കുന്നു. ‘ബൃഹച്ച തദ്ദിവ്യമചിന്ത്യരൂപം/സൂക്ഷ്മാച്ചതത് സൂക്ഷ്മതരം വിഭാതി’. (3:1:7). സൂക്ഷ്മമായതിനേക്കാള്‍ സൂക്ഷ്മതരമാണ് ബ്രഹ്മം. ബൃഹത്തുമാണത്. ബൃഹത്തായതുകൊണ്ടാണല്ലൊ ബ്രഹ്മം എന്ന പേര്. എല്ലാറ്റിനേയും അതു പ്രകാശിപ്പിക്കുന്നു. എന്നാല്‍ ഒന്നിനാലും അത് പ്രകാശിപ്പിക്കപ്പെടുന്നുമില്ല.
തെളിഞ്ഞ അറിവാല്‍ അഴുക്കുമാറിയ മനസ്സുകൊണ്ടുധ്യാനിച്ചാല്‍ ബ്രഹ്മദര്‍ശനം ലഭിക്കുമെന്ന് ഗുരു പറയുന്നു. അങ്ങനെ സാക്ഷാത്കാരം നേടിയ ശുദ്ധമാനസര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ലോകമില്ല. പാണ്ഡിത്യത്തിനും ബുദ്ധിവൈഭവത്തിനും അപ്പുറത്താണ് ഈ ചൈതന്യധാമം. അത് ആത്മബലമില്ലാത്തവന് ഒരിക്കലും പ്രാപ്യമല്ല – നയമാത്മാബലഹീനേനലഭ്യഃ (3:2:4).മൂന്നാം മുണ്ഡകം രണ്ടാം ഖണ്ഡം അഞ്ചാം മന്ത്രം നോക്കുക.
സംപ്രാപൈ്യനമൃഷയോ ജ്ഞാനതൃപ്താഃ
കൃതാത്മാനോ വീതരാഗാഃ പ്രശാന്താഃ
തേ സര്‍വ്വഗം സര്‍വ്വതഃ പ്രാപ്യ ധീരാഃ
യുക്താത്മാനഃ സര്‍വമേവാവിശന്തി
ആത്മജന്മാര്‍ സര്‍വാത്മഭാവം പ്രാപിക്കുന്നതെങ്ങനെയെന്ന് ഇവിടെ വിവരിക്കുന്നു. ജ്ഞാനത്തില്‍ തൃപ്തരും രാഗാദികള്‍ നശിച്ചവരും പ്രശാന്തരുമായ ഈ ധീരന്മാര്‍ ആത്മസായൂജ്യം പ്രാ
പിച്ച് എല്ലാറ്റിലും പ്രവേശിക്കുന്നു – സര്‍വമേവ ആവിശന്തി. ഇതാണ് യഥാര്‍ത്ഥത്തില്‍ സ
ന്യാസയോഗം. അതു നേടിയവര്‍ക്ക്
പൂര്‍ണമായ മോചനം ലഭിക്കുന്നു. ഒഴുകിക്കൊണ്ടേയിരിക്കുന്ന നദികള്‍ സമുദ്രത്തില്‍ ചെന്നെത്തി വ്യത്യസ്തഭാവം വെടിയുന്നതുപോലെ സന്യാസി പരാല്‍പ്പരമായ ആ ദിവ്യധാമത്തില്‍ പ്രവേശിച്ചരുളുന്നു.
ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായിത്തീരുന്നു – ബ്രഹ്മവേദ ബ്രഹ്മൈവഭവതി. മുണ്ഡകോപനിഷത്തിന്റെ ലക്ഷ്യപ്രഖ്യാപനമാണിത്. അവന്‍ സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണം ചെയ്ത്, ഉള്ളിലെ കെട്ടുകള്‍ പൊട്ടിത്തകര്‍ന്ന്, അമൃതാവസ്ഥയിലെത്തുന്നു.
അഥര്‍വവേദത്തില്‍ വിധിച്ചിട്ടുള്ള ശിരോവ്രതം സഹിഷ്ണുതയും ആത്മനിയന്ത്രണവും അഭിവൃദ്ധിപ്പെടുത്തുവാന്‍ അനുഷ്ഠിക്കേണ്ട ഒരു വ്രതമാണ് മൂന്നാം മുണ്ഡകം രണ്ടാം ഖണ്ഡം പത്താം മന്ത്രം ശിരോവ്രതം വിശദമാക്കുന്നു. ഈ ഗുണങ്ങളുള്ളവര്‍ക്കുമാത്രമേ ബ്രഹ്മവിദ്യ പഠിക്കുവാനും പഠിപ്പിക്കുവാനും അര്‍ഹതയുണ്ടായിരിക്കൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: