സെവിയ: തോര്‍ഗാന്‍ ഹസാര്‍ഡിന്റെ റോക്കറ്റ് ഷോട്ടില്‍ സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ നിന്ന് പുറത്തേക്ക് പറന്നു. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ ബെല്‍ജിയം യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാല്‍പ്പത്തിരണ്ടാം മിനിറ്റിലാണ് തോര്‍ഗാന്‍ ഹസാര്‍ഡ് ബെല്‍ജിയത്തെ ക്വാര്‍ട്ടറിലെത്തിച്ച ഗോള്‍ നേടിയത്്. ശനിയാഴ്ച രാത്രി 12.30 ന് റോമില്‍ അരങ്ങേറുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം ഇറ്റലിയുമായി ഏറ്റുമുട്ടും.
ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ പലപ്പോഴും ബെല്‍ജിയത്തെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ ഗോള്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ പോര്‍ച്ചുഗലിന് മുന്നിലെത്താന്‍ നല്ലൊരു അവസരം കിട്ടി. അപകടകരമായ എരിയയില്‍ വച്ച് പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീ കിക്കറ്റ് കിട്ടി. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാന്‍ കഴിവുള്ള റൊണാള്‍ഡോയാണ് കിക്കെടുത്തത്. ലീഡ് നേടാമെന്ന ഉദ്ദേശ്യത്തോടെ റൊണോ ഷോട്ട് പായിച്ചെങ്കിലും ബെല്‍ജിയം ഗോളി കോര്‍ട്ടിയോസ് അനായാസം പന്ത് കൈപ്പിടയിലൊതുക്കി.
ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന്് മിനിറ്റ് ശേഷിക്കെ ബെല്‍ജിയം ലീഡ് എടുത്തു. പോര്‍ച്ചുഗലിന്റെ ആക്രമണത്തിന് പിന്നാലെ ബെല്‍ജിയം നടത്തിയ പ്രത്യാക്രമണമാണ് ഗോളില്‍ കലാശിച്ചത്. ബോക്സിന് പുറത്ത് നിന്ന്് തോര്‍ഗാന്‍ ഹസാര്‍ഡ്് തൊടുത്തുവിട്ട മിന്നുന്ന ഷോട്ട് പോര്‍ച്ചുഗലിന്റെ വലിയില്‍ തുളച്ച് കയറി. പോര്‍ച്ചുഗല്‍ ഗോളിക്ക് കാഴ്ചക്കാരനായി നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു. ശരവേഗത്തിലാണ് പന്ത് വലയില്‍ കയറിയത്്. ഇടവേളയ്ക്ക്്് ബെല്‍ജിയം 1-0 ന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി റൊണോയും സംഘവും തകര്‍ത്തുകളിച്ചു. ഒന്ന് രണ്ട് തവണ അവര്‍ ഗോളിന് തൊട്ടടുത്തെത്തുകയും ചെയ്തു. പക്ഷെ പോര്‍ച്ചുഗലിന് ഭാഗ്യമില്ലാതെ പോയി. ഏണ്പത്തിരണ്ടാം മിനിറ്റില്‍ റൂബന്‍ ഡയസ് കോര്‍ണര്‍ കിക്കില്‍ തലവെച്ചെങ്കിലും പന്ത് നേരെ ബെല്‍ജിയം ഗോളിയുടെ കൈകളിലേക്കാണ് എത്തിയത്.
തൊട്ടടുത്ത മിനിറ്റിലും പോര്‍ച്ചുഗല്‍ ഗോള്‍ നേടിയെന്ന് തോന്നി. റാഫേല്‍ ഗ്യൂറിറിയോ ബെല്‍ജിയം ഗോള്‍ മുഖത്തേക്ക്് ഷോട്ടുതിര്‍ത്തു. ഗോളി കാഴ്ചക്കാരായി നില്‍ക്കെ പന്ത് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.
അവസാന നിമിഷങ്ങളില്‍ ഗോള്‍ അടിക്കാനായി പോര്‍ച്ചുഗില്‍ ബെല്‍ജിയത്തിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും നീക്കങ്ങളൊന്നും ഗോളായില്ല.
രണ്ടാം പകുതിയില്‍ കളി പലപ്പോഴും പരുക്കനായി. ഇരു ടീമുകളിലെയും കളിക്കാര്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഏഴുപത്തിയേഴാം മിനിറ്റില്‍ തോര്‍ഗാന്‍ ഹാസാര്‍ഡിനെ പോര്‍ച്ചുഗലിന്റെ പെപ്പ് വീഴത്തി. ഇതിന് പെപ്പ് മഞ്ഞകാര്‍ഡ് കാണുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: