ന്യൂദല്‍ഹി: ഐടി നയം കര്‍ശനമായി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നേരെ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയതോടെ ട്വിറ്ററില്‍ സമ്മര്‍ദ്ദമേറുന്നു. ഏറ്റവുമൊടുവില്‍ ട്വിറ്ററിന്റെ ഇടക്കാല തര്‍ക്ക പരിഹാര ഓഫീസര്‍ ധര്‍മ്മേന്ദ്ര ചതുറിന്റെ രാജിയോടെയാണ് ട്വിറ്റര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ജോലിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ധര്‍മ്മേന്ദ്ര ചതുര് രാജിവെച്ചത്.
നേരത്തെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു മുസ്ലിം വയോധികനെ ഹിന്ദുയുവാക്കള്‍ മര്‍ദ്ദിച്ചതായുള്ള വ്യാജ വാര്‍ത്ത ട്വിറ്ററില്‍ പ്രചരിച്ചതിനെതിരെ ഗാസിയാബാദ് പൊലീസ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയോട് നേരിട്ട് ഉത്തര്‍പ്രദേശിലെ ലോണി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ മനീഷ് മഹേശ്വരി കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഇടക്കാല ജാമ്യം നേടുകയായിരുന്നു. ഇതിനൊപ്പം ഇപ്പോള്‍ രാജിവെച്ച ധര്‍മ്മേന്ദ്ര ചതുറിനും യുപി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെച്ചൊല്ലിയും ട്വിറ്ററിനുള്ളില്‍ സമ്മര്‍ദ്ദം ഏറുന്നുണ്ട്. തുടര്‍ച്ചയായ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ട്വിറ്ററിന്റെ പദവി ഏറ്റെടുക്കാനും ഇന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ മടികാട്ടുന്ന സാഹചര്യം ഉയരുകയാണ്.
ട്വിറ്ററിന് ഇന്ത്യയില്‍ തന്നെ തര്്ക്ക പരിഹാര ഉദ്യോഗസ്ഥന് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ ഐടി നയത്തില്‍ വ്യക്തമാക്കിയതോടെയാണ് ട്വിറ്റര്‍ ഇന്ത്യയില്‍ തന്നെ അത്തരമൊരു ഉദ്യോഗസ്ഥനെ നിയമിച്ചത്. രാജിവെച്ചതോടെ ധര്‍മ്മേന്ദ്ര ചതുറിന്റെ പേര് ട്വിറ്റര്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തു. പകരം അമേരിക്കയിലെ വിലാസത്തിലുള്ള ഒരു ഇ-മെയില്‍ ഐഡിയാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: