കുന്നത്തൂര്‍: പോരുവഴി ഇടയ്ക്കാട് മാര്‍ക്കറ്റ് ജംഗ്ഷനിലെത്തി മൂത്രശങ്ക തോന്നിയാല്‍ കടകളുടെ പിന്നാമ്പുറമോ കുറ്റിക്കാടോ തന്നെ ആശ്രയം. സ്വന്തം കടയുടെ പിന്നാമ്പുറത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് ജീവനുകള്‍ നഷ്ടമായ നടുക്കുന്ന ഓര്‍മകളും പേറിയാണ് ഇടയ്ക്കാട് നിവാസികള്‍ ഇന്നും ജീവിക്കുന്നത്. എന്നിട്ടും ശൗചാലയം നിര്‍മിച്ച് ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും താല്‍പ്പര്യമില്ല.
പോരുവഴി പഞ്ചായത്തിലെ ഏറെ തിരക്കുള്ള ഇടയ്ക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ മൂത്രശങ്കയകറ്റാന്‍ നെട്ടോട്ടത്തിലാണ്. എടിഎം, മാവേലിസ്റ്റോര്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുള്ള പ്രദേശത്ത് യാത്രക്കാരായും ആട്ടോ ടാക്സി ഡ്രൈവര്‍മാരായും മറ്റും നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജംഗ്ഷനിലെ ടെക്സ്റ്റൈല്‍സ് കെട്ടിടത്തിന്റെ മറവില്‍ മൂത്രം ഒഴിച്ചതിനെ തുടര്‍ന്ന് ടെക്സ്റ്റൈല്‍സ് ഉടമയും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം കടയുടമയുടെ കൊലപാതകത്തില്‍ കലാശിക്കുകയും സുഹൃത്ത് ജീവനൊടു ക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പൊതുശൗചാലയത്തിനായി പഞ്ചായത്ത് ഭരണസമിതി 2018ല്‍ ഷോപ്പിംഗ് കോംപ്ലക്സിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതിയ ശൗചാലയം നിര്‍മ്മിക്കുന്നതിനായി മൂന്ന് ലക്ഷം രൂപയ്ക്ക് കരാര്‍ നല്കി. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും വൈദ്യുതി കണക്ഷനും പ്ലംബിംഗ് ജോലികളും പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. പുതിയ ഭരണസമിതി വന്നിട്ടും ശൗചാലയ നിര്‍മ്മാണം പുനരാരംഭിക്കുന്ന കാര്യത്തില്‍ നടപടിയൊന്നുമായില്ല. പൊതു ശൗചാലയത്തിന്റെ നിര്‍മാണം ഉടനടി പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: