തൃശൂര്‍: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു. രോഗബാധിതരുടെ എണ്ണം കുറയാത്തതിനൊപ്പം ടിപിആറും താഴാതെ നില്‍ക്കുകയാണ്. ടിപിആര്‍ 10 ശതമാനത്തില്‍ താഴെ എത്തിയാല്‍ മാത്രമേ കുറച്ചെങ്കിലും ആശ്വസിക്കാന്‍ വകയുള്ളൂ. ലോക് ഡൗണ്‍ സമയത്ത് ടിപിആറില്‍ നേരിയ കുറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ടിപിആര്‍ വീണ്ടും ഉയര്‍ന്നു.
കഴിഞ്ഞ ഒരാഴ്ചത്തെ ടിപിആര്‍ ഒരു ദിവസം പോലും 10 ശതമാനത്തില്‍ താഴെ എത്തിയിട്ടില്ല. നാളുകള്‍ക്ക് ശേഷം ടിപിആര്‍ വ്യാഴാഴ്ച 10.37 ശതമാനത്തിലെത്തിയത് ജില്ലക്ക് നേരിയ ആശ്വാസം പകര്‍ന്നു . പക്ഷേ വെള്ളിയാഴ്ച ഒറ്റയടിക്ക് ടിപിആര്‍ 13.66 ശതമാനമായി ഉയര്‍ന്നതോടെ ആശങ്ക വര്‍ധിച്ചു. ശനിയാഴ്ചയും പത്തിന് മുകളിലാണ് ടിപിആര്‍.
രണ്ടാം തരംഗത്തില്‍ രോഗബാധിതരായവരില്‍ കൂടുതല്‍പേരും യുവാക്കളാണ്. രോഗം സ്ഥിരീകരിച്ചവര്‍ വീടുകളില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന നിര്‍ദ്ദേശം കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ ഇടയാക്കിയിട്ടുണ്ട്. ടിപിആര്‍ കുറയാത്ത പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെങ്കിലും വിജയം കാണുന്നില്ല.
ടിപിആര്‍ പ്രകാരം എ,ബി,സി,ഡി കാറ്റഗറികളായി തിരിച്ചുള്ള ഇളവുകള്‍ തിരിച്ചടിയായി. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ വീടുകളില്‍ നിന്ന് ഇറങ്ങി. ഇളവുകള്‍ അനുവദിച്ചതോടെ രോഗപ്രതിരോധത്തില്‍ എല്ലാവരുടെയും ശ്രദ്ധ കുറഞ്ഞു. പുതിയ മാനദണ്ഡപ്രകാരം എ, ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.
സി -കാറ്റഗറിയില്‍പ്പെട്ട തദേശ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 15 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് പ്രകാരം ടിവി സീരിയലുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിങ്ങിനും അനുമതി നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ തുറക്കാനും പൊതു ഗതാഗതത്തിനും അനുമതി നല്‍കിയത് അടക്കമുള്ള തീരുമാനങ്ങള്‍ രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അനുമതി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: