ലണ്ടന്‍: തൊണ്ണൂറ്റിനാലാം മിനിറ്റ് വരെ അസൂറികളെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയ ഓസ്ട്രിയയ്ക്ക് ഒടുവില്‍ തോല്‍വി. അധികസമയത്തേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രിയയെ കീഴടക്കി ഇറ്റലി യൂറോ 2020 ന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.
ഇറ്റലിക്കായി ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സീനയുമാണ് ഗോള്‍ നേടിയത്. കലാസിച്ച് ആസ്ട്രിയയുടെ ആശ്വാസഗോള്‍ നേടി. ഈ മൂന്ന് താരങ്ങളും പകരക്കാരായി കളത്തിലെത്തിയവരാണ് എന്ന പ്രത്യേകതയുണ്ട്. ക്വാര്‍ട്ടറില്‍, ബെല്‍ജിയം-പോര്‍ച്ചുഗല്‍ മത്സര വിജയികളെയാണ് ഇറ്റലി നേരിടുക. തോറ്റെങ്കിലും അസൂറികളെ വെള്ളം കുടിപ്പിച്ചാണ് അലാബയും സംഘവും യൂറോ കപ്പില്‍ നിന്നും മടങ്ങുന്നത്. തുടര്‍ച്ചയായി 31-ാം മത്സരത്തിലും തോല്‍വി വഴങ്ങാതെ ഇറ്റലി കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ 12 മത്സരങ്ങള്‍ക്കിടെ ഇറ്റലി ആദ്യമായാണ് ഗോള്‍ വഴങ്ങിയതും.
ഓസ്ട്രിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് ഇറ്റലി കളിക്കാനിറങ്ങിയത്. ഇറ്റലിയുടെ പരിക്കേറ്റ നായകന് ചില്ലെനി ഇല്ലാതിരുന്നത് പ്രതിരോധത്തില്‍ പ്രകടമായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ ഇറ്റാലിയന്‍ ഗോള്‍മുഖത്ത് ഭീതിപരത്താന്‍ ഓസ്ട്രിയയ്ക്ക് സാധിച്ചു. ആദ്യ മിനിറ്റുകളില്‍ ഓസ്ട്രിയയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. ഇറ്റാലിയന്‍ പ്രതിരോധത്തെ ഓസ്ട്രിയന്‍ മുന്നേറ്റനിര നിരന്തരം പരീക്ഷിച്ചു. സാവധാനത്തില്‍ ഇറ്റലി കളം വാഴാന്‍ തുടങ്ങി. 11-ാം മിനിറ്റില്‍ ഇറ്റലിയുടെ സ്പിനാന്‍സോള ബോക്സിനകത്തുനിന്ന് വെടിയുണ്ട പോലൊരു ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. 13-ാം മിനിട്ടില്‍ ഇറ്റലിയുടെ ഇന്‍സീനിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ബാഷ്മാന് അനായാസം കൈയ്യിലൊതുക്കി. 17-ാം മിനിറ്റില്‍ ഇറ്റലിയുടെ ബാരെല്ലയെടുത്ത ഗോളെന്നുറച്ച ഷോട്ട് ബാഷ്മാന് തട്ടിയകറ്റി അപകടം ഒഴിവാക്കി. 32-ാം മിനിറ്റില്‍ സീറോ ഇമ്മൊബിലെയുടെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ഓസ്ട്രിയന്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. 42-ാം മിനിറ്റില്‍ സ്പിനാന്‍സോളയുടെ മറ്റൊരുഷോട്ട് ഗോള്‍കീപ്പര്‍ ബാഷ്മാന് രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ഇറ്റാലിയന്‍ ബോക്സിന് തൊട്ടുമുന്നില്‍ വെച്ച് ഓസ്ട്രിയയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. അവരുടെ ബൗംഗാര്‍ട്നറെ ഡി ലോറെന്‍സോ വീഴ്ത്തിയതിനാണ് ഫ്രീകിക്ക് ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത നായകന് അലാബയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന്
മുകളിലൂടെ പറന്നു. 64-ാം മിനിറ്റില്‍ അര്‍ണോടോവിച്ചിന്റെ മികച്ച ഷോട്ട് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണറുമ്മ കൈയ്യിലൊതുക്കി. 65-ാം മിനിട്ടില്‍ അര്‍ണോടോവിച്ച് ഇറ്റാലിയന്‍ ഗോള്‍വല കുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ നിഷേധിച്ചു. ഗോള്‍ നേടുമ്പോള്‍ താരം ഓഫ്സൈഡ് ആയിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റില്‍ ഓസ്ട്രിയന്‍ ബോക്സിനെ തൊട്ടുവെളിയില്‍ നിന്നും ലഭിച്ച ഫ്രീ കിക്കും മുതലാക്കാന്‍ ഇറ്റലിക്ക് കഴിയാതിരുന്നതോടെ കളി അധികസമയത്തേക്ക് നീണ്ടു. 2020 യൂറോയില്‍ അധിക സമയത്തേക്ക് നീണ്ട ആദ്യ മത്സരമാണിത്.
പിന്നീട് 93-ാം മിനിറ്റില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ മികച്ച ഗ്രൗണ്ടര്‍ ബാഷ്മാന് കൈയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഇറ്റലി ലീഡ് നേടി. സ്പിനാസോളയുടെ പാസ് തലകൊണ്ട് സ്വീകരിച്ചശേഷം കിയേസ പായിച്ച ഹാഫ്വോളി ഓസ്ട്രിയന്‍ ഗോള്‍കീപ്പര്‍ ബാഷ്മാന് ഒരു അവസരവും നല്‍കാതെ വലയില്‍ കയറി. രാജ്യത്തിനായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. 84-ാം മിനിറ്റില്‍ ബെറാഡിയ്ക്ക് പകരക്കാരനായാണ് കിയേസ ഗ്രൗണ്ടിലെത്തിയത്. പിന്നീട് 104-ാം മിനിറ്റില്‍ ഇന്‍സീനിയുടെ അത്യുഗ്രന്‍ ഫ്രീകിക്ക് അവിശ്വസനീയമായി ഗോള്‍കീപ്പര്‍ ബാഷ്മാന് തട്ടിയകറ്റിയതിനു പിന്നാലെ ഇറ്റലി ലീഡ് ഉയര്‍ത്തി. ഇത്തവണ മാത്തിയോ പെസ്സീനയാണ് അസൂറികള്‍ക്കായി ഗോള്‍ നേടിയത്. അസെര്‍ബിയുടെ പാസ്സില്‍ നിന്നാണ് പെസ്സീന ലക്ഷ്യം കണ്ടത്. 114-ാം മിനിറ്റില്‍ ഓസ്ട്രിയ ഒരു ഗോള്‍ മടക്കി. കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഗോള്‍. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കലാസിച്ചാണ് ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: