ന്യൂദല്‍ഹി : ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ഡ്രോണ്‍ ഉപയോഗിച്ച് സ്ഫോടകവസ്തുക്കള്‍ വര്ഷിച്ചതാണെന്നാണ് സംശയിക്കുന്നതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ്. സംഭവത്തില്‍ സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി പറഞ്ഞു.
സ്ഫോടനത്തില്‍ യുഎപിഎ പ്രകാരം ജമ്മു പോലീസ് കേസെടുത്തിട്ടുണ്ട്. മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ ആദ്യത്തേത് സൈനിക കേന്ദ്രത്തേയും രണ്ടാമത്തേത് വിമാനത്താവളത്തേയുമാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരത്തായാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
പ്രദേശത്ത് വിശദമായ അന്വേഷണം നടന്നുവരികയാണ്. ജമ്മുകശ്മീരിലെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉന്നതതല യോഗം ചേരുകയാണ്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.
അതേസമയം ലഷ്കര്‍ ഭീകരനെ പിടിച്ചതിലൂടെ വന്‍ സ്ഫോടന ശ്രമം തകര്‍ത്തതായും ഡിജിപി പറഞ്ഞു. ഇയാളില്‍ നിന്ന് അഞ്ച് കിലോ ഐഇഡി പിടിച്ചെടുത്തിരുന്നു. തിരക്കുള്ള സ്ഥലങ്ങളില്‍ സ്ഫോടനത്തിനായി ലഷ്കര്‍ പദ്ധതിയിട്ടിരുന്നു. ജമ്മുവില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രീനഗറിലും പത്താന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിമാനത്താവളത്തില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ വിശദ പരിശോധന തുടരുകയാണ്. ഡ്രോണ്‍ ആക്രമണമാണെന്ന നിഗമനത്തെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എയര്‍ഫോഴ്സും തീരുമാനിച്ചു. എയര്‍മാര്‍ഷല്‍ വിക്രം സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ ഇരട്ടസ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിച്ചിട്ടുണ്ട്. സ്ഫോടനങ്ങളിലൊന്നില്‍ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: