വി. വിജിത്ത്
കോഴിക്കോട്: കോവിഡ് രോഗികള്‍ക്കായി ഏത് സമയത്തും അടിയന്തര സേവനത്തിന് തയാറായി നില്‍ക്കുകയാണ് അന്‍ജുഷയും അവളുടെ പ്രിയപ്പെട്ട ഓട്ടോറിക്ഷ ഗോതീശ്വരത്തപ്പനും. കടലോര മേഖലയായ ബേപ്പൂര്‍ നിവാസികള്‍ക്ക് ചികിത്സയ്‌ക്കായും പരിശോധനയ്‌ക്കായുമെല്ലാം ഏക ആശ്രയം അന്‍ജുഷയുടെ ഓട്ടോയാണ്.
ഇതിനകം നൂറുകണക്കിന് കോവിഡ് രോഗികളെയാണ് ആശുപത്രിയിലേക്കും തിരിച്ചും എത്തിച്ചത്. ആര്‍ആര്‍ടി മെമ്പര്‍മാരും സന്നദ്ധ സംഘടനകളുമെല്ലാം ഗോതീശ്വരത്തപ്പന്റെ സേവനം ആവശ്യപ്പെടാറുണ്ട്. കോവിഡ് കാലത്ത് ജോലിയില്ലാതാവുകയും കുടുംബത്തോടെ രോഗബാധിതരായവരുമാണ് സേവനം ആവശ്യപ്പെടുന്നവരില്‍ അധികവും. പലപ്പോഴും പണം ലഭിക്കാറില്ലെങ്കിലും പരാതിയില്ല. രോഗം വന്നത് തന്റെ വീട്ടുകാര്‍ക്ക് എന്ന പോലെയാണ് ഇതിനെ കാണാറെന്നാണ് അന്‍ജുഷയുടെ മറുപടി.
ഇതിനിടെ കോവിഡ് രോഗിയുമായി പോകുമ്പോള്‍ പോലീസ് പിടിച്ച് വാഹനമടക്കം കൊണ്ടുപോയി. പെട്രോള്‍ കാശ് പോലും ഒപ്പിക്കാന്‍ പാടുപെടുമ്പോഴാണ് പോലീസ് 2000 രൂപ പിഴയിട്ടതും. കോവിഡ് രോഗികള്‍ സ്വന്തം വാഹനത്തില്‍ പോകട്ടെയെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍, സ്വന്തമായി വാഹനമില്ലാത്തവര്‍ എങ്ങനെ പോകുമെന്ന് തിരിച്ച് ചോദിച്ചതാണ് ബേപ്പൂര്‍ പോലീസിനെ ചൊടിപ്പിച്ചത്. എല്ലാ രേഖകളും ശരിയായിരുന്നിട്ടും രണ്ട് ദിവസം ഓട്ടോ സ്റ്റേഷനില്‍ പിടിച്ചിട്ടു. പ്രതിസന്ധികള്‍ക്കിടയിലും നാട്ടുകാരില്‍നിന്നും ലഭിക്കുന്ന സ്നേഹവും അംഗീകാരവുമാണ് മുന്നോട്ടുള്ള കരുത്തെന്ന് അന്‍ജുഷ പറയുന്നു.
നാല് വര്‍ഷം മുമ്പാണ് ഓട്ടോറിക്ഷ തൊഴിലാളിയായി മേഖലയിലേക്ക് കടന്ന് വരുന്നത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് കൊങ്ങന്റകത്ത് അംബരീക്ഷിന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നവും കൂട്ടിനുണ്ടായിരുന്നു. കൊവിഡ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു. എന്നാലും സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന മാനസിക സന്തോഷം മനസ്സിന് കരുത്തായി. അന്‍ജുഷയുടെ സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞ ഖത്തര്‍ വ്യവസായി അയച്ച് നല്‍കിയ ഇരുപത്തയ്യായിരം രൂപകൊണ്ട് ബേപ്പൂര്‍ ഹൈസ്‌കൂളിനടുത്തുള്ള അല്‍പ്പം കൂടി മെച്ചപ്പെട്ട മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റി. സത്പ്രവൃത്തികള്‍ക്ക് ദൈവം മറ്റൊരു രൂപത്തില്‍ കൈത്താങ്ങാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ഗോതീശ്വരത്തപ്പനുമായി മുന്നോട്ട് കുതിക്കുകയാണ് അന്‍ജുഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: