1975 ജൂണ്‍ 25 അര്‍ദ്ധരാത്രി. നാടും നഗരവും ജനങ്ങളും ഉറങ്ങിയപ്പോഴാണ് ഇന്ദിരാഗാന്ധിയുടെ രാക്ഷസീയമുഖം ഉണര്‍ന്നത്. ജനങ്ങളുടെ സപ്തസ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുത്തു. രാജ്യമാകെ തടങ്കലിലായി. ജനനേതാക്കളെ കാരാഗൃഹത്തിലടച്ചു. ജയപ്രകാശ് നാരായണന്, മൊറാര്‍ജി ദേശായി, അടല്‍ബിഹാരി വാജ്പേയി, ലാല്‍കൃഷ്ണ അഡ്വാനി തുടങ്ങി പതിനായിരക്കണക്കിന് നേതാക്കളെ രായ്ക്കുരാമാനം അറസ്റ്റുചെയ്ത് ജയിലിലടച്ചു. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന വാര്‍ത്തകളെന്നല്ല ഭരണവര്‍ഗ്ഗത്തിന് അപ്രീതി ഉണ്ടാക്കുന്ന ഒരുവിവരവും ജനങ്ങളെ അറിയിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ജോലി ചോദിക്കാനോ കൂലി ആവശ്യപ്പെടാനോ സ്വാതന്ത്ര്യമില്ല. ”നാവടക്കൂ പണിയെടുക്കൂ” എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. അഴിമതി എന്ന വാക്ക് ഉച്ഛരിക്കാനേ പാടില്ല. അക്രമങ്ങളെക്കുറിച്ച് മിണ്ടിക്കൂടാ. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ തുടങ്ങിയ അഴിമതി വിരുദ്ധ പോരാട്ടം ഇന്ദിരാഗാന്ധിയെ പ്രകോപിപ്പിച്ചതാണല്ലൊ. അക്രമം ആര്‍ക്കുനേരെയും അന്ന് നടക്കാം. ദല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ ആയിരക്കണക്കിന് മുസ്ലീങ്ങളുടെ കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഇടിച്ചുനിരത്തിയത്. മുസ്ലീങ്ങളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഭരണകൂടം തന്നെ വിധേയരാക്കി. ചെയ്യാത്ത കുറ്റത്തിന് ഗുജറാത്തില്‍ നരേന്ദ്രമോഡിയെ വേട്ടയാടുന്നവര്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ ദല്‍ഹിയില്‍ നടന്നപ്പോള്‍ ‘ബലേ ഭേഷ്’ പറഞ്ഞിരുന്ന ഇന്ദിരാഗാന്ധിയെ മനുഷ്യപിശാചെന്ന് വിളിച്ചില്ല. നൂറ്റാണ്ടുകള്‍ പ്രയത്നിച്ച് നേടിയ സ്വാതന്ത്ര്യം ഒറ്റരാത്രികൊണ്ട് തച്ചുതകര്‍ത്ത പ്രതീതി. ഇനി അടിമജീവിതം തന്നെ വിധി എന്ന് കരുതിയ ദിവസങ്ങള്‍.
അധികാരക്കൊതി തലയ്ക്കുപിടിച്ച ഒരു ഭരണാധികാരി, അത് നഷ്ടപ്പെടുമെന്ന് കണ്ടപ്പോള്‍ അവരിലെ ഫാസിസ്റ്റ് മനസ്സ് പ്രവര്‍ത്തിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിനകത്ത് രൂപംകൊണ്ട അധികാരമത്സരം; അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റം, ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടി വിധി, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പതനം. ഇനി പിടിച്ചുനില്ക്കാന് മറ്റ് മാര്‍ഗ്ഗമില്ലെന്ന ചിന്തയില്‍ നിന്നാണ് പൈശാചിക ഭരണം ഉദയംകൊള്ളുന്നത്.
ഇന്ദിരാഗാന്ധിക്ക് അയോഗ്യത കല്പിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി വിധി വന്നത് 1975 ജൂണ്‍ 12നാണ്. ലോകസഭാംഗത്വം റദ്ദായാല്‍ പിന്നെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാനാകുമോ? സുപ്രീംകോടതിയില്‍ നല്കിയ അപ്പീലും തള്ളി. അന്ന് സുപ്രീംകോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ഒരു ഇളവ് നല്കി. പ്രധാനമന്ത്രിസ്ഥാനത്ത് തുടരാം എന്നതാണത്. ഭരണഘടനയുടെ ചട്ടങ്ങളും നിയമങ്ങളും ഇന്ദിരാഗാന്ധിക്കുവേണ്ടി ഇളവുചെയ്തുകൊണ്ടുള്ള ഒരു ഔദാര്യം. അതുകൊണ്ട് മാത്രം അവര്‍ ജൂണ്‍ 12ന് ശേഷം അധികാരത്തില്‍ തുടര്‍ന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ തന്ത്രങ്ങള്‍ക്ക് രൂപം നല്കി. അതാണ് അടിയന്തരാവസ്ഥ.
ഇന്ദിരാഗാന്ധിയുടെ കറുത്ത കരങ്ങള്‍ക്ക് ശക്തിപകരാന്‍ അന്നും കമ്മ്യൂണിസ്റ്റുകാരുണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയെ അനുകൂലിക്കാതിരുന്ന സിപിഎമ്മിന്റെ നിലപാട് വിചിത്രമായിരുന്നു. അനുകൂലിച്ചില്ലെങ്കിലും അടിയന്തരാവസ്ഥയെ മനസ്സാ അവര്‍ അംഗീകരിച്ചിരുന്നു. ആര്‍എസ്എസിനെ ഇന്ദിരാഗാന്ധി നിരോധിച്ചല്ലൊ എന്ന കാര്യത്തില്‍ അവര്‍ സമാധാനിച്ചു. ”മകന് ചത്താലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി” അവര്‍ക്ക്. ഇന്നത്തെ പ്രതികൂല സാഹചര്യം നീക്കിക്കിട്ടാന്‍ ഏതറ്റംവരെ പോകാനും സിപിഎം മടിക്കില്ലെന്നാണ് പൊതുവിശ്വാസം.
അടിയന്തരാവസ്ഥയ്ക്കുശേഷം സിപിഎമ്മിലെ നിരവധി ചെറുപ്പക്കാര്‍ ആര്‍എസ്എസിലേക്ക് ഒഴുകി. അത് തടയാനായിരുന്നല്ലൊ കണ്ണൂര്‍ ജില്ലയില്‍ അക്രമ രാഷ്ട്രീയത്തിന്റെ വിത്തുപാകിയത്.അതെന്തായാലും ഫാസിസത്തിനെതിരെ പൊരുതി ജീവിതം വഴിമുട്ടിയവരെ സഹായിക്കേണ്ടത് ഏതൊരു മനുഷ്യസ്നേഹികളുടെയും കര്‍ത്തവ്യമാണ്. മനുഷ്യസ്നേഹമാണ് കമ്മ്യൂണിസത്തിന്റെ മുഖമുദ്രയെന്ന് ആവര്ത്തിക്കുന്നവര് അടിയന്തരാവസ്ഥാ പീഡിതരുടെ ദയനീയസ്ഥിതി അറിയണം. അന്ന് ജയിലില്‍ കിടന്നവരാണെങ്കിലും പിന്നീട് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ക്കും വി.എസ് അച്യുതാനന്ദനും പീഡാനുഭവമില്ല.
ഇനിയൊരു അടിയന്തരാവസ്ഥ സൃഷ്ടിക്കാന്‍ ഭരണകൂടം ആഗ്രഹിച്ചാല്‍ സിപിഎം അതിനനുകൂലമായാലും അത്ഭുതപ്പെടാനില്ല. പക്ഷേ അടിയന്തരാവസ്ഥയുടെ ”അടിയന്തിരം” നടത്തിയ ജനവിഭാഗം ഇന്നും ശക്തവും ഏതു വെല്ലുവിളിയെയും നേരിടാന്‍ സജ്ജവുമാണ്.അതിന് അന്ന് നേതൃത്വം നല്‍കിയത് രാഷ്ട്രീയസ്വയംസേവക സംഘമാണ്. അമാനുഷമായ ഏതോ ഒരു ശക്തിയുള്ള പ്രസ്ഥാനമെന്ന് എ.കെ.ഗോപാലന് പോലും സമ്മതിക്കേണ്ടിവന്ന സംഘടന. ജനങ്ങള്‍ക്ക് ആശ്വാസവും വിശ്വാസവും അതിലാണ്. അത് മാത്രം.
അടിയന്തരാവസ്ഥാ പീഡിതരോട് സഹാനുഭൂതി പ്രകടിപ്പിക്കുമോ? പ്രത്യേകിച്ചും അടിയന്തരാവസ്ഥയില്‍ പീഡിതരായവരില്‍ മഹാഭൂരിപക്ഷവും ആര്‍എസ്എസുകാരും ജനസംഘക്കാരുമാണെന്നറിയുമ്പോള്‍.
ആര്‍എസ്എസുകാരാണ് ഏറ്റവും കൂടുതല്‍ ശക്തിയോടെ അടിയന്തരാവസ്ഥക്കെതിരെ പൊരുതിയതെന്നതിന് കൂടുതല്‍ പ്രചാരണം ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. ശക്തമായ സമരവുമായി ആര്‍എസ്എസ് മുന്നിട്ടിറങ്ങിയപ്പോള്‍ അനുനയ തന്ത്രവുമായി ഇന്ദിരാഗാന്ധി, മകന് സഞ്ജയനെ നിയോഗിച്ചത് വിക്കിലീക്സ് പുറത്തുവിട്ട രേഖയില്‍ പറയുന്നു.
”അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി സഹായം തേടി ആര്‍എസ്എസിനെ സമീപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരും ആര്‍എസ്എസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്ന അവസ്ഥയില്‍ സഞ്ജയ് ഗാന്ധി ആര്‍എസ്എസിനോട് സന്ധിക്ക് ശ്രമിച്ചിരുന്നതായി യുഎസ് എംബസിയില്‍ നിന്നുമയച്ച സന്ദേശത്തിലാണുള്ളത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനെ ഉദ്ധരിച്ചുകൊണ്ടാണ് വിക്കിലീക്സിന്റെ ഈ വെളിപ്പെടുത്തല്‍. ആര്‍എസ്എസ് മാത്രമാണ് സംഘടിത ശക്തിയായി നിന്ന് അടിയന്തരാവസ്ഥയെ ഫലപ്രദമായി ചെറുത്തത്. ആര്‍എസ്എസ് ഗ്രാമനഗര ഭേദമെന്യേ സംഘടന കെട്ടിപ്പടുത്തിട്ടുണ്ട്”.
ഏകാധിപത്യത്തോട് ഒത്തുതീര്‍പ്പില്ലെന്ന് നിലപാട് പ്രകടിപ്പിച്ച ആര്‍എസ്എസിന്റെ വളര്‍ച്ച ഇന്ന് സിപിഎമ്മും സമ്മതിക്കുന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇത്രയും സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കെതിരെ ജീവന്‍പോലും നഷ്ടപ്പെടുമെന്നുറപ്പായിട്ടും ‘ഭാരത് മാതാ കീ ജയ്, മഹാത്മാഗാന്ധി കി ജയ്’ വിളിച്ച് അറസ്റ്റ് വരിച്ചു. ഗാന്ധിജിക്കും ഭാരത് മാതാക്കും ജയ് വിളിക്കുന്നത് അന്ന് കുറ്റമായി പോലീസ് രേഖപ്പെടുത്തി. ആ മുദ്രാവാക്യം അടിയന്തരാവസ്ഥയില്ലാത്ത ഇന്നത്തെകാലത്തും പലരേയും അസ്വസ്ഥരാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: