തിരുവനന്തപുരം : സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ് കേസുകള്‍ ചിലപ്പോള്‍ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യ വിദഗ്ധര്‍. നിലവില്‍ കോവിഡ് രോഗവ്യാപനം കൂടിയ മേഖലകളില്‍ പത്ത് മടങ്ങ്വരെ പരിശോധന നടത്തിയിട്ടും തുടര്‍ച്ചയായ അഞ്ചാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെയാണ്. പുതിയ വകഭേദം പടരുന്നതിന്റേയും പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് വിദഗ്ധര്‍ നിലവില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഡെല്‍റ്റ പ്ലസ് കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോവിഡ് രണ്ടാം തരംഗമവസാനിക്കും മുമ്പ് തന്നെ കേസുകള്‍ വീണ്ടും വര്‍ധിച്ചേക്കാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് വിദഗ്ധര്‍ നല്കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഡെല്‍റ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം തുടങ്ങിയെങ്കിലും സാമ്പിളുകള്‍ ലഭിക്കുന്നതിലെ പ്രതിസന്ധി തിരിച്ചടിയാകുന്നുണ്ട്.
നേരത്തേ നടന്ന സീറോ സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച് ശതമാനം പേരില്‍ മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ഇനിയും ബാധിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതല്‍. ഇളവുകളും ഇതിനിടയില്‍ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദവും ആശങ്കയ്ക്കിടയാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. ഇതോടൊപ്പം തീവ്രവകഭേദങ്ങള്‍ കണ്ടെത്താനെടുക്കുന്ന കാലതാമസവും.
നിലവില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റൂട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പുതിയ വകഭേദം കണ്ടെത്താനുള്ള സംവിധാനമുള്ളത്. എന്നാല്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ച മൂന്ന് ഡെല്‍റ്റ പ്ലസ് കേസുകളുടെയും ഫലം ലഭിച്ചത് ദല്ഹിയിലയച്ച സാംപിളുകളില്‍ നിന്നാണ്. ദല്‍ഹിയില്‍ സാംപിളുകളുടെ മൊത്തത്തിലുള്ള ശ്രേണീകരണം പഠിക്കുമ്പോള്‍ സംസ്ഥാനത്തുള്ളത് വൈറസിന്റെ ഭാഗങ്ങള്‍ ശ്രേണീകരിച്ചുള്ള പഠനത്തിനുള്ള സംവിധാനമാണ്. ഇങ്ങനെയെങ്കില്‍ തീവ്രവകഭേദങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനാകില്ല. ഇതോടെ വ്യാപനത്തിനും സാഹചര്യം കൈവിടാനും ഇടയാക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: