സെവിയ: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന്് നിലവിലെ ചാമ്പ്യന്‍ പോര്‍ച്ചുഗലും ലോക ഒന്നാം നമ്പര്‍ ബെല്‍ജിയവും ഏറ്റുമുട്ടും. സൂപ്പര്‍ സ്റ്റാറുകളായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും തമ്മിലുള്ള പോരാട്ടമാകും ഈ മത്സരം. സെവിയയില്‍ രാത്രി 12.30ന് ഈ പ്രീ ക്വാര്‍ട്ടര്‍ മത്സരം ആരംഭിക്കും. സോണി സിക്സില് തത്സമയം കാണാം. ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെത്തിയത്. അതേസമയം ശക്തരായ ജര്‍മ്മനി,
ഫ്രാന്‍സ്, ഹംങ്കറി എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ അവസാന പതിനാറ് ടീമുകളില്‍ സ്ഥാനം പിടിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടിയ അവര്‍ക്ക് നാലു പോയിന്റാണ് കിട്ടിയത്. ഹങ്കറിയെ തോല്‍പ്പിച്ച പോര്‍ച്ചുഗല്‍ ജര്‍മ്മനിയോട് തോറ്റു. എന്നാല്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചുകെട്ടി.
മേജര്‍ ടൂര്‍ണമെന്റുകളില്‍ (ലോകകപ്പ്, യൂറോ) ഇതാദ്യമായാണ് ബെല്‍ജിയവും പോര്‍ച്ചുഗലും മാറ്റുരയ്ക്കുന്നത്. തോല്‍ക്കുന്ന ടീം പുറത്താകുമെന്നതിനാല്‍ ഉജ്ജ്വല പോരാട്ടം തന്നെ ഇരു ടീമുകളും കാഴ്ചവയ്ക്കും. എന്നാല്‍ പോര്‍ച്ചുഗലിനാണ് നേരിയ മുന്‍തൂക്കം. കാരണം ബെല്‍ജിയത്തിനെതിരെ അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ തോല്‍വി അറിഞ്ഞിട്ടില്ല. 1989 ലാണ് പോര്‍ച്ചുഗല്‍ അവസാനമായി ബെല്‍ജിയത്തോട് തോറ്റത്. അന്ന്് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. 2018 ലാണ് പോര്‍ച്ചുഗലും ബെല്‍ജിയവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇരു ടീമുകളും ഗോള്‍ അടിക്കാതെ മത്സരം സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ.
2018 ലെ ലോകകപ്പില്‍ സെമിയിലെത്തിയ ടീമാണ് ബെല്‍ജിയം. അന്ന് ഫ്രാന്‍സിനോട് അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ശിക്ഷണത്തില്‍ 58 മത്സരങ്ങള്‍ കളിച്ച ബെല്‍ജിയം രണ്ടേ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടത്. ഫ്രാന്‍സിനെതിരായ ലോകകപ്പ് സെമിയിലും പോര്‍ച്ചുഗലിനെതിരായ അവസാന മത്സരത്തിലുമാണ് അവര്‍ക്ക് ഗോള്‍ അടിക്കാന്‍ കഴിയാതെ പോയത്.
ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തില്‍ റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ബെല്‍ജിയം രണ്ടാം മത്സരത്തില്‍ ഡെന്മാര്ക്കിനെ 2-1 ന് പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെ മറികടന്നു. റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന്റെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: