ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി ലംഘിച്ചതായി ആരോപണം. രാത്രി ശീവേലിക്കുശേഷം നടക്കുന്ന തൃപ്പുക പൂജാ സമയത്ത് നാലമ്പലത്തിനകത്ത് കയറിയാണ് അഡ്മിനിസ്ട്രേറ്റര്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
കൊവിഡ് മാനദണ്ഡപ്രകാരം ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് പുറമേ നിന്നുള്ള ഭക്തര്‍ക്കും പ്രവര്‍ത്തിയില്‍ ഇല്ലാത്ത പാരമ്പര്യക്കാര്‍ക്കും ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാര്‍ക്കുപോലും പ്രവേശനമില്ലെന്നിരിക്കെയാണ്, ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് അഡ്മിനിസ്ട്രേറ്റര്‍ ചില ഉന്നതരുമായി തൃപ്പുക സമയത്ത് നാലമ്പലത്തില്‍ പ്രവേശിച്ചത്. രാത്രി ശീവേലിക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ഭഗവദ് തിടമ്പുമായി ശ്രീലകത്തു കയറി നടത്തുന്ന പ്രാധാന്യമേറിയ പൂജാ ചടങ്ങാണ് തൃപ്പുക. ഈ വേളയില്‍ ക്ഷേത്രം പ്രവര്‍ത്തിക്കാര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മാത്രമെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമുള്ളു. വ്യാഴാഴ്ച്ച രാത്രിയാണ് അതിനെ മറികടന്ന് അഡ്മിനിസ്ട്രേറ്ററും ഒപ്പം ചില പ്രമുഖരും തൃപ്പുക സമയത്ത് നാലമ്പലത്തില്‍ കയറിയതായി വിവരം കിട്ടിയത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏകാദശിയോടനുബന്ധിച്ചുള്ള തന്ത്രിവിളക്കു ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു തന്ത്രിയും കുടുംബാംഗങ്ങളും തൃപ്പുക സമയത്ത് നാലമ്പലത്തില്‍ പ്രവേശിച്ചതിന് തന്ത്രിയില്‍ നിന്നുപോലും ഭരണസമിതി നോട്ടീസയച്ച് വിശദീകരണം എഴുതിവാങ്ങിയിട്ടുണ്ട്. നാലമ്പല വാതില്‍മാടത്തില്‍ ജീവനക്കാരുടെ എതിര്‍പ്പിനെ മറികടന്നാണ് അഡ്മിനിസ്ട്രേറ്ററും സംഘവും നാലമ്പലത്തില്‍ പ്രവേശിച്ചതെന്നാണ് അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: