തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കൊടി സുനി ജയിലിനുള്ളിലിരുന്ന് ഇപ്പോഴും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുകയും സ്വര്‍ണ്ണക്കടത്തു റാക്കറ്റുകളെക്കൊണ്ട് കുറ്റകൃത്യങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച സ്വര്‍ണ്ണക്കടത്തിലും കണ്ണൂരില്‍ നിന്നുള്ള ഗുണ്ടകളെ നിയന്ത്രിച്ചത് കൊടിസുനിയാണെന്ന് പറയുന്നു. ഈ സ്വര്‍ണ്ണക്കടത്തില്‍ കണ്ണൂരില്‍ നിന്നുള്ള അര്ജുന് ആയങ്കിയുടെ ബന്ധം കൊടിസുനിയുടെ സാന്നിധ്യത്തിന്റെ സൂചനയാണെന്ന് പൊലീസ് കരുതുന്നു. അര്ജുന് ആയങ്കിയുടെ കൂടെ ഷഹീന് എന്നൊരാളും കരിപ്പൂര്‍ വിമാനത്താവളെത്തിയെന്നാണ് വിവരം.
ജയിലിനുള്ളില്‍ നിന്നും കൊടിസുനി ഫോണില്‍ നിരന്തരം പുറത്തുള്ളവരെ വിളിക്കുന്നതായി പൊലീസ് ജയില്‍ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും ജയിലിനുള്ളില്‍ അതേക്കുറിച്ച് അന്വേഷിച്ചതുപോലുമില്ല. 2016 ജൂലായില്‍ കോഴിക്കോട് ജില്ലയിലെ നല്ലളം മോഡേണ്‍ ബസാറില്‍ മൂന്ന് കിലോഗ്രാം സ്വര്‍ണ്ണക്കവര്‍ച്ച നടത്തിയതിന് പിന്നില്‍ കൊടിസുനിയുടെ കരങ്ങളുള്ളതായി പറയുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് കൊടി സുനി ഈ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസ് നിഗമനം. ഈ കേസില്‍ പ്രതികളായ കാക്ക രഞ്ജിത്തിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ കൊടിസുനിയെ പ്രതിചേര്‍ത്തിട്ടില്ല.
പിന്നീട് കോഴിക്കോട്ടെ ഒരു ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഈ കേസ് അന്വേഷിച്ചെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല. തിരുനെല്ലിയില്‍ അഞ്ചു കോടി രൂപ തട്ടാന്‍ ജയിലില്‍ ആസൂത്രണം നടത്തിയതു കൊടിസുനിയാണ്. കര്‍ണ്ണാടകത്തില്‍ സ്വര്‍ണ്ണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തില്‍ നിന്നും അഞ്ചുകോടി തട്ടി. ഇതില്‍ പത്ത് ലക്ഷം രൂപ കൊടിസുനിയുടെ സഹതടവുകാരന് വീട് നിര്‍മ്മിക്കാന്‍ നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ക്വട്ടേഷന്‍ സംഘം കവര്‍ച്ച ചെയ്യുന്ന സ്വര്‍ണ്ണം സ്ഥിരമായി വാങ്ങുന്നത് കൊല്ലം സ്വദേശിയായ രാജേഷ് ഖന്നയാണ്. ഇയാളുമായി കൊടിസുനിക്ക് അടുത്ത ബന്ധമുള്ളതായി പൊലീസ് അറിയാം. രാജേഷ് ഖന്നയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് കണ്ണൂരില്‍ നിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയര്‍ അഭിഭാഷകരാണ്. ഇവരെ ഏര്‍പ്പാടുചെയ്ത് കൊടുക്കുന്നത് കൊടിസുനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: