കുവൈത്ത് സിറ്റി: ബജറ്റ് ചര്‍ച്ചയ്ക്കിടെ കുവൈത്ത് പാര്‍ലമെന്റ് എംപിമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബജറ്റ് അവതരണ വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെ സര്‍ക്കാരിനെ അനുകൂലിക്കുന്ന എംപിമാകും പ്രതിപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഏത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.
കഴിഞ്ഞ ദിവസം കുവൈത്ത് അബ്ദുള്ള അല്‍ സലിം പാര്‍ലമെന്റ് മന്ദിരത്തിലാണ് കയ്യാങ്കളി അരങ്ങേറിയത്. വോട്ടെടുപ്പിന് ശേഷം എംപിമാരായ ഹമൗദ് മുബാരക് മുസയീദ് അല്‍ അര്‍ദി എന്നിവര്‍ തമ്മില്‍ ഉടലെടുത്ത വാക്ക് തര്‍ക്കം പിന്നീട് മറ്റുള്ളവരും ഏറ്റെടുക്കുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.
പാര്‍ലമെന്റില്‍ മന്ത്രിമാര്‍ക്ക് നീക്കിവെച്ച സീറ്റുകള്‍ പ്രതിപക്ഷ എംപിമാര്‍ കൈയേറിയിട്ടും പാര്‍ലമെന്റ് യോഗം നടന്നു. ജനുവരിയില്‍ ഗവണ്മെന്റ് നിര്‍ദ്ദേശിച്ച 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ 23.05 ബില്യണ്‍ ദീനാര്‍ (76.65 ബില്യണ്‍ ഡോളര്‍) ചെലവും 12.1 ബില്യണ്‍ ദീനാര്‍ കമ്മിയുമാണ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനുവരിയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. യോഗത്തില്‍ പങ്കെടുത്ത 63 എം.പിമാരില്‍ 32 പേര് ബജറ്റിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.
പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍സ്വബാഹിനെ പാര്‍ലമെന്റില്‍ തന്നെ കുറ്റവിചാരണ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം 2022 അവസാനം വരെ നീട്ടിവയ്ക്കാനുള്ള തീരുമാനത്തിനെതിരേയായിരുന്നു പ്രതിഷേധവും കൈയാങ്കളിയും. തര്‍ക്കം നിയന്ത്രണം വിട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചകളിലും ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ മന്ത്രിമാരുടെ സീറ്റുകള്‍ കൈയടക്കിയിരുന്നു. പാര്‍ലമെന്റില്‍ തന്നെ കുറ്റവിചാരണ ചെയ്യുന്നത് 2022 അവസാനം വരെ നീട്ടിവെക്കുന്ന തീരുമാനം മാര്‍ച്ചില്‍ പ്രധാനമന്ത്രി ഷെയ്ഖ് സ്വബാഹ് ഖാലിദ് അല്‍സ്വബാഹ് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടും അഴിമതി അടക്കമുള്ള മറ്റു പ്രശ്നങ്ങളിലും പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: