ആലപ്പുഴ: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആലപ്പുഴ സനാതന ധര്‍മ്മ കോളേജിന് ഇരട്ടി മധുരമായി അന്താരാഷ്‌ട്ര ധാരണാപത്രം. കുട്ടനാട്ടിലുള്‍പ്പടെ ഇന്ത്യയിലെ വിവിധ ജലാശയങ്ങളിലെ കുളവാഴ വ്യാപനം സാറ്റലെറ്റ് (ഉപഗ്രഹ) സാങ്കേതിക വിദ്യ അടക്കമുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പഠിക്കുന്ന ഗവേഷണ പദ്ധതിയുടെ ധാരണാപത്രമാണ് ഒപ്പിട്ടത്.
സ്‌കോട്‌ലാന്റിലെ സ്റ്റിര്‍ലിഡ്, സ്ട്രാത്‌ക്ലൈഡ് സര്‍വ്വകലാശാലകള്‍, ഹെദരാബാദിലെ അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് എന്നിവരാണ് ഗവേഷണ പദ്ധതിയിലെ മറ്റ് പങ്കാളികള്‍. മൂന്ന് ലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം മൂന്ന് കോടിയിലധികം രൂപ) ആണ് 2023 ഏപ്രില്‍ മാസം വരെ കാലാവധിയുള്ള പദ്ധതിയ്‌ക്കുള്ള ധനസഹായം. ജന്തുശാസ്ത്ര വിഭാഗം അധ്യാപകനും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ് കോളേജിന്റെ പ്രതിനിധി.
2020ല്‍ അനുവദിക്കപ്പെട്ട ഈ ഗവേഷണ പദ്ധതി ആരംഭിച്ചെങ്കിലും ഭാരതത്തിലും യുകെയിലുമുണ്ടായ കോവിഡ് മഹാമാരി മൂലം ഒപ്പിടല്‍ വൈകി. ലിന്‍സെ ഡിക്‌സണ്‍ (ഗവേഷണ ഡയറക്ടര്‍ – സ്റ്റിര്‍ലിങ് സര്‍വ കലാശാല), പോള്‍ ടെയ്‌ലര്‍ (ഗവേഷണ ഡയറക്ടര്‍ -സ്ട്രാത്‌ക്ലൈഡ് സര്‍വ്വകലാശാല), ഡോ. അരവിന്ദ് കുമാര്‍ (ഡെ. ഡയറക്ടര്‍ ജനറല്‍, അന്താരാഷ്‌ട്ര കൃഷി ഗവേഷണ കേന്ദ്രം, ഹെദരാബാദ്), ഡോ. സാഗര്‍ സിങ് (ഡയറക്ടര്‍ ജനറല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് – ഹെദരാബാദ്) എന്നിവരാണ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. ആര്‍. ഉണ്ണികൃഷ്ണ പിള്ളയോടൊപ്പം ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
കുളവാഴ വ്യാപനത്തെക്കുറിച്ച് ഇതുവരെ ലഭ്യമാകാത്ത വിവരങ്ങളാണ് ഈ പഠനത്തിലൂടെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുന്ന മുറയ്‌ക്ക് അന്താരാഷ്‌ട്ര ഗവേഷക സംഘം കുട്ടനാട്ടില്‍ പഠനങ്ങള്‍ക്കായി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക