തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നതിന് മുമ്പ് നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ നിന്ന് കെ. മുരളീധരന് എംപിയെ ഒഴിവാക്കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നതിനു മുമ്പ് ജംബോ കമ്മറ്റികള്‍ ചുരുക്കുന്നതിനായി പ്രധാന നേതാക്കളുമായി കെ.സുധാകരന് ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരുമായി ആയിരുന്നു സുധാകരന്റെ പ്രാഥമിക ചര്‍ച്ചകള്‍. എന്നാല്‍, തന്നെ കണ്ട് ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും മുരളീധരന് വിട്ടുനിന്നു. ഐക്യമുണ്ടാക്കാനാണ് ചര്‍ച്ച നടത്തിയതെന്നും പ്രശ്നങ്ങളില്ലാതെ കെ.പി.സി.സി പുനസ്സംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസിക്ക് ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റിക്കു ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായി. ഇനി 15 ജനറല്‍ സെക്രട്ടറിമാര്‍ മാത്രമായിരിക്കും കെപിസിസിക്ക് ഉണ്ടാകുക. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നതിലൂടെ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്കുന്ന ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയ്ക്കും നല്കുന്ന മുന്നറിയിപ്പുകൂടിയാണിത്. ഇനി ഗ്രൂപ്പ് വീതം വയ്പ്പില്ലെന്നും മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കുമെന്നും സുധാകരന് പറഞ്ഞു.
ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികളും സംസ്ഥാന തലത്തില്‍ അപ്പീല്‍ കമ്മിറ്റികളും വരും. ഗുരുതര ആരോപണങ്ങള്‍ക്കു വിധേയരായ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നേതാക്കളെ പൂര്‍ണസമയ പ്രവര്‍ത്തകരാക്കി മാറ്റും. പ്രവര്‍ത്തനം വിലയിരുത്തി സ്ഥാനചലനങ്ങള്‍ ഉണ്ടാകും. കോണ്‍ഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി മൈക്രോലെവല്(അയല്‍കൂട്ടം) കമ്മിറ്റികള്‍ വരും.
30 മുതല്‍ 50 വീടുകളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റികള്‍ നിലവില്‍ വരിക. കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ വനിതകള്‍ക്കും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം വീതം സംവരണം ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാന്‍ അഞ്ച് മേഖലാ കമ്മിറ്റികള്‍ക്കു രൂപം നല്‍കും. കാസര്‍കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം കുറയും. രാഷ്ട്രീയ വിദ്യാഭ്യാസം നല്കാന് കെപിസിസി പൊളിറ്റിക്കല്‍ സ്കൂള്‍ ആരംഭിക്കുമെന്നും കെ. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: