ന്യൂദല്‍ഹി: പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന(പിഎംജികെഎവൈ) അഞ്ചുമാസത്തേക്കുകൂടി നീട്ടാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭാ യോഗം ബുധനാഴ്ച അംഗീകരിച്ചു. ഇതോടെ ഭൂരിഭാഗവും പവപ്പെട്ടവര്‍ ഉള്‍പ്പെടുന്ന 80 കോടി ആളുകള്‍ക്ക് ലഭിക്കുന്ന സൗജന്യറേഷന് നവംബര്‍ അവസാനംവരെ തുടരും. കോവിഡിന്റെ രണ്ടാംതരംഗം മൂലം പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ നേരിടുന്ന സാമ്പത്തി ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ജൂണ്‍ മുതല്‍ രണ്ടുമാസത്തേക്ക് പദ്ധതി വീണ്ടും ആരംഭിച്ചിരുന്നു.
ഈ മാസമാദ്യം രാജ്യത്തെ അഭിസംബോധന ചെയ്തായിരുന്നു സൗജന്യ ഭക്ഷ്യപദ്ധതി പിഎംജികെഎവൈ അഞ്ചുമാസത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പുതിയ നടപടിയോടെ ദീപാവലി വരെയുള്ള അഞ്ചുമാസംകൂടി ഇതിന്റെ ആനുകൂല്യം കിട്ടും. പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ‘പിഎംജികെഎവൈക്ക്(നാലാംഘട്ടം) കീഴില്‍ അഞ്ചുമാസത്തേക്ക് കൂടി അധിക ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്, അതാതയത് ജൂലൈ മുതല്‍ നവംബര്‍ 2021’- ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
അടുത്ത അഞ്ചുമാസം ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമല്ലാത്തതുമൂലം ഒരു പാവപ്പെട്ട കുടുംബത്തിനും ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചുള്ള പിഎംജികെഎവൈക്ക് കീഴില്‍ 81.35 കോടി ഗുണഭോക്താക്കള്‍ക്ക്, ഒരാള്‍ക്ക് മാസം അഞ്ചു കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: