ഇസ്ലാമബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ വീടിന് മുമ്പിലായി സ്‌ഫോടനം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാന്‍ ലാഹോറിലെ ജോഹര്‍ പട്ടണത്തിലെ വീടിന് സമീപത്തായാണ് സ്‌ഫോടനം. രാവിലെ 11 മണിയോടെ നടന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ലഷ്‌കര്‍ ഇ തോയ്ബ സഹസ്ഥാപകനും ജമാത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദിന്റെ വീടിന് മുന്നിലായി നടന്ന ആക്രമണം ആരെയെങ്കിലും ലക്ഷ്യമിട്ടിരുന്നോയെന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
പാക് അന്വേഷണ ഏജന്‍സികള്‍ സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. അപകടത്തില്‍ സ്ത്രീകളും കുട്ടികളും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 16 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ലഹോര്‍ പോലീസ് മേധാവി ഗുലാം മുഹമ്മദ് ദോഗാര്‍ അറിയിച്ചു. സ്ഫോടനം നടക്കുന്ന സമയത്ത് ഹാഫിസ് വീട്ടിലുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ഗ്യാസ് പൈപ്പ് ലൈനില്‍ വന്ന തകരാറാണ് സ്ഫോടനത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ നടന്നത് ബോംബ് ആക്രമണമാണോയെന്ന് സംശയമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിശദമായ പരിശോധനയ്‌ക്ക് ശേഷമേ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും അധികൃതര്‍ പറഞ്ഞു.
ആറ് അമേരിക്കന്‍ പൗരന്മാരടക്കം 166 പേരെ മുംബൈ ഭീകരാക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹാഫിസ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇയാളെ ആഗോള ഭീകരനായി മുദ്രകുത്തിയിട്ടുണ്ട്. ഇന്ത്യ അന്വേഷിക്കുന്ന അഞ്ച് കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ജമാ അത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സയീദ്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മുഖ്യ പങ്കു വഹിച്ച ഭീകരനാണ് ഇയാള്‍. 70 വയസ്സുകാരനായ സയീദിന് കഴിഞ്ഞ വര്‍ഷം പാക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: