ചിന്താലയേശന്‍ ബ്രഹ്മലീനനായി.. ബ്രഹ്മസ്വരൂപന്‍ തന്നെ ആയിരുന്ന ആലയില്‍ ഭഗവാന്‍ യാത്ര ആയതിനെ കുറിച്ച് അപ്രകാരം പറയുന്നത് ഉചിതമോ എന്ന് നിശ്ചയമില്ല. പക്ഷെ എന്ത് പറഞ്ഞാണ് ആ ദിവ്യ സമാധിയെ വിശേഷിപ്പിക്കേണ്ടത്.. അറിയില്ല.. തൈത്തീരിയോപനിഷത്തിലെ ആ പ്രസിദ്ധമായ പംക്തി തന്നെ ആശ്രയം, ‘യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹാ’ (വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനോ മനസു കൊണ്ട് അളക്കാനോ ആവാത്ത പ്രതിഭാസമാണ് ഈശ്വരന്‍).
തിരുവനന്തപുരംജില്ലയിലെ കള്ളിക്കാട് അശ്രമത്തിലും പോത്തന്‍കോട് ചിന്താലയത്തിലും നിറഞ്ഞു കത്തി നിലാവൊളി വിതറിയിരുന്ന ആദ്ധ്യാത്മിക ദീപം ഇനിമേല്‍ നമ്മുടെ ഭൗതികനയനങ്ങള്‍ക്ക് കാണാനാകില്ല.. സര്‍വചരാചരങ്ങളുടേയും വേദനകള്‍ മാറ്റുന്നതിനായി മാത്രമൊരവതാരം.. എത്രയോ തവണ ആ സ്‌നേഹവാത്സല്യത്തിന്റെ മധുരം നുകര്‍ന്നു… ഏത് പ്രധാന സംഘടനാപരമായ പരിപാടിക്കും മുമ്പ് ആ തിരുസവിധത്തില്‍ പോയി നമസ്‌കരിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
അദ്ദേഹം പലപ്പോഴും ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ… അതല്ലാതെ മറ്റൊന്നും വേണ്ടിയിരുന്നില്ല താനും… സംഘചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി തീര്‍ന്ന പ്രാന്ത സാംഘിക്കിനു മുന്നോടിയായും പോയിരുന്നു ചിന്താലയേശന്റെ മുന്നില്‍.. അന്ന് കൂടെയുണ്ടായിരുന്നവരെ ഒക്കെ അമ്പരിപ്പിച്ചു കൊണ്ട് ആണദ്ദേഹം ഒരു പിടി നാണയത്തുട്ടുകള്‍ വാരി തന്നത്.. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി പൊടുന്നനവേ കൊല്ലത്തേക്ക് മാറ്റേണ്ടി വന്നതും നടത്തിപ്പിനായുള്ള സമയക്കുറവും സാമ്പത്തികപരാധീനതയും ഒക്കെ കൂടി വട്ടം ചുറ്റിച്ചു കൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്..
അത്ഭുതാവഹമായ മാറ്റമാണ് പിന്നെ ഉണ്ടായത്.. ഒന്നിനും ഒരു കുറവും വരാതെ സാംഘിക്ക് ചരിത്രവിജയമായി.. കൊല്ലം ആശ്രാമം മൈതാനത്ത് കാലം പോലും ആറെസ്സെസ്സുകാര്‍ വരച്ചിട്ട കുമ്മായക്കുറിയില്‍ അച്ചടക്കത്തോടെ വന്നു നിന്നു എന്ന് മാധ്യമങ്ങള്‍ എഴുതത്തക്ക വിധം ലോകശ്രദ്ധ ആകര്‍ഷിച്ച മഹാസംഭവം. എല്ലാം കഴിഞ്ഞു ആത്മസംതൃപ്തിയോടെ പുതിയകാവിലമ്മയുടെ തൃച്ചേവടികളില്‍ സമര്‍പ്പിക്കുവോളം ഭഗവാന്‍ തുടക്കത്തില്‍ തന്ന നാണയത്തുട്ടുകള്‍ ഞങ്ങള്‍ക്കൊപ്പം അനുഗ്രഹമായി കൂടെയുണ്ടായിരുന്നു..
അങ്ങനെ അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍…
ജെ നന്ദകുമാര്‍
ദേശീയ സംയോജകന്‍
പ്രജ്ഞാ പ്രവാഹ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: